പൂര്‍ണത എന്നൊന്നില്ല എന്ന് പറയാറുണ്ട്. ലോകക്രിക്കറ്റ് കണ്ട ഏറ്റവും തികഞ്ഞ ബാറ്റ്സ്മാനായ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ അവിശ്വസനീയ കരിയറിലും ഈ അപൂര്‍ണത കാണാം. ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടാന്‍ ദീര്‍ഘകാലം കളിച്ചിട്ടും ഇന്ത്യന്‍ ഇതിഹാസത്തിന് കഴിഞ്ഞില്ല. എന്നാല്‍ ടെസ്റ്റില്‍ ആദ്യ ട്രിപ്പിള്‍ സെഞ്ചുറി 90 വര്‍ഷം മുമ്പേ പിറന്നിരുന്നു. 1930 ഏപ്രില്‍ മൂന്നിന് ഇംഗ്ലണ്ടിന്റെ ആന്‍ഡി സാഥം ആണ് വെസ്റ്റിന്‍ഡീസിനെതിരേ ചരിത്രനേട്ടം കുറിച്ചത്. അതിന്റെ നവതി ആണിന്ന്. ഇക്കാലത്തിനിടെ ടെസ്റ്റിലുണ്ടായത് 31 ട്രിപ്പിളുകള്‍.

ട്രിപ്പിള്‍ നേടുമ്പോള്‍ സാഥമിന്റെ പ്രായം 39 വയസ്സും 275 ദിവസവും. ഈ നേട്ടം കൈവരിച്ച പ്രായം കൂടിയ താരത്തിന്റെ റെക്കോഡ് ഇന്നും സാഥമിന്റെ പേരില്‍ത്തന്നെ. സ്‌ഫോടനാത്മകമായി കളിക്കുന്ന ക്രിസ് ഗെയ്ല്‍, സനത് ജയസൂര്യ, വീരേന്ദര്‍ സെവാഗ്, ബ്രണ്ടന്‍ മക്കല്ലം, ഡേവിഡ് വാര്‍ണര്‍ എന്നിവരൊക്കെ ടെസ്റ്റില്‍ 300 കടന്നിട്ടുണ്ട്. എന്നിട്ടും പിടിച്ചുനിന്ന് കളിക്കാന്‍ കെല്‍പുള്ള, സാങ്കേതികത്തികവുള്ള സുനില്‍ ഗാവസ്‌കറിനോ സച്ചിനോ രാഹുല്‍ ദ്രാവിഡിനോ വി.വി.എസ്. ലക്ഷ്മണിനോ അതിന് കഴിഞ്ഞിട്ടില്ല.

Andy Sandham scores first-ever triple century 90 years ago
Image Courtesy: Getty Images

248* ആണ് ടെസ്റ്റില്‍ സച്ചിന്റെ ഉയര്‍ന്ന സ്‌കോര്‍. അതേസമയം, ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറി നേടിയ ആദ്യതാരമാണ് സച്ചിന്‍. സമയത്തിന്റെ കാര്യത്തില്‍ ഏറ്റവും വേഗത്തില്‍ ട്രിപ്പിള്‍ തികച്ചതിന്റെ റെക്കോഡ് ഇംഗ്ലണ്ടിന്റെ വാലി ഹാമണ്ടിനാണ്. 1932-33ല്‍ ഓക്ലന്‍ഡില്‍ ന്യൂസീലന്‍ഡിനെതിരേ നാല് മണിക്കൂര്‍ 48 മിനിറ്റ് കൊണ്ടാണ് ഹാമണ്ട് 300 പിന്നിട്ടത്. കുറച്ച് പന്തുകളില്‍ ഈ നേട്ടം കൈവരിച്ചത് ഇന്ത്യയുടെ വീരേന്ദര്‍ സെവാഗാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 278 പന്തിലായിരുന്നു ട്രിപ്പിള്‍.

Andy Sandham scores first-ever triple century 90 years ago
Image Courtesy: BCCI

ഒന്നിലേറെ തവണ ട്രിപ്പിള്‍ തികച്ചത് ഡോണ്‍ ബ്രാഡ്മാന്‍, ബ്രയന്‍ ലാറ, സെവാഗ്, ക്രിസ് ഗെയ്ല്‍ എന്നിവര്‍ മാത്രം. 2004ല്‍ ലാറ നേടിയ 400 റണ്‍സാണ് ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. 1932ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ബ്രാഡ്മാന്‍ 299 റണ്‍സെടുത്ത് പുറത്താവാതെ നിന്നിട്ടുണ്ട്. ട്രിപ്പിള്‍ നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യക്കാരനാണ് കരുണ്‍ നായര്‍. ആദ്യസെഞ്ചുറി ട്രിപ്പിള്‍ ആക്കി മാറ്റിയ ഏക ഇന്ത്യക്കാരന്‍. ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരേ ആയിരുന്നു കരുണിന്റെ വിസ്മയം.

Content Highlights: Andy Sandham scores first-ever triple century 90 years ago