1981ല്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്ര ടീം ബൂട്ടുകെട്ടിയിറങ്ങുമ്പോള്‍ മുന്നില്‍ പടനയിക്കാന്‍ നെഞ്ചുവിരിച്ച് ഒരു നാട്ടുകാരനുണ്ടായിരുന്നു. എതിരാളികള്‍ വളഞ്ഞിട്ടുപൂട്ടാന്‍ തന്ത്രങ്ങള്‍ മെനഞ്ഞിരുന്ന ഒരു തൃശൂര്‍ക്കാരന്‍. റൈറ്റ് വിങ് ബാക്ക് സി.പി. ആന്‍ഡ്രൂസ്. കുട്ടിക്കാലം മുതല്‍ പന്തുതട്ടി വളര്‍ന്ന തൃശൂര്‍ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ മഹാരാഷ്ട്രയെ അന്ന് നയിച്ചത് ആന്‍ഡ്രൂസായിരുന്നു. മഹാരാഷ്ട്രയ്ക്ക് കിരീടം നേടാനായില്ല. എന്നാല്‍, റെയില്‍വേയ്‌സിനെ തകര്‍ത്ത് ബംഗാള്‍ കിരീടമണിഞ്ഞ ആ സന്തോഷ് ട്രോഫിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തൃശൂരിലെ പഴയകാല ഫുട്‌ബോള്‍ താരങ്ങളുടെ മനസ്സ് ഒന്ന് പിടയ്ക്കും. അവരുടെ മനസ്സിലേയ്ക്ക് ആന്‍ഡ്രൂസിന്റെ ആ പഴയ നല്ല കാലത്തെ ഓര്‍മകള്‍ ഓടിയെത്തും. എഴുപത്തിരണ്ടാം വയസ്സില്‍ ആ ഓര്‍മകള്‍ മാത്രമാണ് ഇന്ന് ആന്‍ഡ്രൂസിന്റെയും കൈമുതൽ. 

അന്ന് ആരവമുയര്‍ന്ന അതേ നഗരത്തില്‍ ഇന്നും ആന്‍ഡ്രൂസുണ്ട്. പന്ത് തട്ടുന്നത് പോയിട്ട് ആ പഴയ ഓര്‍മകള്‍ കൂട്ടുകാരോട് ഒന്ന് പങ്കിടാന്‍ പോലുമാവാതെ രോഗശയ്യയിലാണ് പഴയ നായകൻ. ഒന്ന് അനങ്ങാന്‍ പോലുമാകാതെ കിടപ്പിലാണ് ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസതാരങ്ങളായ മഗന്‍ സിങ്ങിനും സഹോദരന്‍ ചെയ്ന്‍ സിങ്ങിനുമെല്ലാം ഒപ്പം ആര്‍.എ.സി. ബിക്കാനിറിനുവേണ്ടിയും  ഇന്ത്യന്‍ ജൂനിയര്‍ ടീമിനുവേണ്ടിയുമെല്ലാം ബൂട്ടണിഞ്ഞ ഈ താരം.

നട്ടെല്ലിനെയും കണ്ണിന്റെ ഒപ്റ്റിക് നര്‍വിനെയും ബാധിക്കുന്ന ന്യൂറോമയെലിറ്റിസ് ഒപക്റ്റിക (എന്‍.എം.ഒ) എന്ന ഗുരുതരമായ അസുഖം ബാധിച്ച് പൂര്‍ണമായും തളര്‍ന്ന് തൃശൂര്‍ നെല്ലിക്കുന്നിലെ ഫ്ലാറ്റില്‍ കിടക്കുമ്പോള്‍ ഒരൊറ്റ ആഗ്രഹമേ ആന്‍ഡ്രൂസിനുള്ളൂ. കൈയും കാലും അനക്കാനാവാതെ കിടക്കുന്ന ആന്‍ഡ്രൂസ് കഷ്ടപ്പെട്ടാണ് ഭാര്യ മാഗിയോട് ആ മോഹം പറഞ്ഞത്. ഒന്ന് പഴയ കൂട്ടുകാരെയൊക്കെ കാണണം. ഭാര്യ ഈ വിവരം മുന്‍ ഇന്ത്യന്‍ താരം വിക്ടര്‍ മഞ്ഞിലയോട് പറഞ്ഞു. ഇപ്പോള്‍ വിക്ടറും സി.ഡി. ഫ്രാന്‍സിസും ടി.കെ.ചാത്തുണ്ണിയുമെല്ലാം ചേര്‍ന്ന് ആന്‍ഡ്രൂസിന്റെ പഴയ കൂട്ടുകാരെയും ശിഷ്യരെയുമെല്ലാം തിരയുകയാണ്.

കുട്ടിക്കാലത്തു തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട് അമ്മാവന്റെ വീട്ടില്‍ നിന്ന് പഠിക്കുന്ന കാലത്ത് ആന്‍ഡ്രൂസിന് കൂട്ട് ഫുട്‌ബോളായിരുന്നു. സെന്റ് തോമസ് സ്‌കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഉടനെ രാജസ്ഥാനില്‍ സഹോദരിയുടെ അടുത്തേയ്ക്ക് വണ്ടികയറി. ആദ്യം റെയില്‍വെയ്‌സില്‍ ട്രയല്‍സ്. പിന്നെ വൈകാതെ അന്നത്തെ വമ്പന്‍ ടീമായ ആര്‍. എ.സി. ബിക്കാനിറിലെത്തി. ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളായ സഹോദരങ്ങളായ മഗന്‍സിങ്ങും ചെയ്ന്‍ സിങ്ങും സഹോദരന്‍ ദേവി സിങ്ങും എന്നിവര്‍ നിറഞ്ഞാടുന്ന കാലം. മമ്പാട് റഹ്മാന്‍ തിളങ്ങിനില്‍ക്കുന്ന കാലം. ഇവര്‍ക്കൊപ്പം ആര്‍.എ.സി പ്രതിരോധത്തിന്റെ വലതുപാര്‍ശ്വം ഭദ്രമായിരുന്നു ആന്‍ഡ്രൂസിന്റെ കൈയില്‍. കോഴിക്കോട്ട് സേഠ് നാഗ്ജി ട്രോഫി അടക്കം രാജ്യത്തെ അക്കാലത്തെ ഒട്ടുമിക്ക ടൂര്‍ണമെന്റുകളില്‍ ഇവര്‍ കളിച്ചു. മികച്ച വിജയങ്ങള്‍ കൈവരിച്ചു. ഇക്കാലത്ത് രാജസ്ഥാനുവേണ്ടി മൂന്ന് തവണ സന്തോഷ് ട്രോഫിയും കളിച്ചു. 1971ല്‍ ടോക്യോയില്‍ നടന്ന ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെയും പ്രതിനിധീകരിച്ചു.

andrews

പുറത്ത് സൗമ്യനെങ്കിലും കളിക്കളത്തില്‍ നിശ്ചയദാര്‍ഢ്യത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമായിരുന്നു ആന്‍ഡ്രൂസ്. അങ്ങേയറ്റം അഗ്രസീവ്. പ്രതിരോധനിരയിലെ ഈ കര്‍ക്കശക്കാരന്‍ പല സ്‌ട്രൈക്കമാരുടെയും കണ്ണിലെ കരടുമായി. പല ടൂര്‍ണമെന്റുകളിലും ആന്‍ഡ്രൂസിനെ തളയ്ക്കാനുള്ള തന്ത്രങ്ങള്‍ മെനയാറുണ്ടായിരുന്നുവെന്ന് പലുകുറി എതിര്‍ ചേരിയില്‍ ഏറ്റുമുട്ടിയ ടി.കെ.ചാത്തുണ്ണി ഓര്‍ക്കുന്നു. അന്ന് ആന്‍ഡ്രൂസിനെ തളയ്ക്കാന്‍ വേണ്ടി മാത്രം നാലോ അഞ്ചോ പേരെ ഒരുക്കിവയ്ക്കുമെന്ന് സി.ഡി. ഫ്രാന്‍സിസ് പറയുന്നു.

ഈ കളിമികവ് കണ്ടാണ് ബോംബെ ഓര്‍ക്കെ മില്‍സ് ആന്‍ഡ്രൂസിനെ റാഞ്ചിയത്. പിന്നെ നാലു തവണ മഹാരാഷ്ട്രയ്ക്കുവേണ്ടിയും സന്തോഷ് ട്രോഫി കളിച്ചു. അക്കാലത്താണ് തൃശൂരിലുമെത്തിയത്.

വെറും കളിക്കളത്തില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ഫുട്‌ബോളിനുള്ള ആന്‍ഡ്രൂസിന്റെ സംഭാവന. ആന്‍ഡ്രൂസിന്റെ ക്ഷണം സ്വീകരിച്ച് കേരളത്തില്‍ നിന്ന് മഹാരാഷ്ട്രയിലേയ്ക്ക് വണ്ടി കയറിയ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് കൈയും കണക്കുമില്ല. പലരും പേരെടുത്ത കളിക്കാരായി. ഈ കളി വഴി മികച്ച ജോലി നേടുകയും ചെയ്തു. ജോസഫ്, ദേവദാസ്, മുഹമ്മദ് സലീം, ബാബു ആന്റോ എന്നിവരൊക്കെ ഇങ്ങനെ ആന്‍ഡ്രൂസ് വഴി വളര്‍ന്നുവന്നവരാണ്. യുണൈറ്റഡ് ക്ലബായിരുന്നു പരിശീലകനായ ആന്‍ഡ്രൂസിന്റെ പ്രധാന തട്ടകം. പ്രതിഫലമൊന്നുമില്ലാതെയായിരുന്നു ആന്‍ഡ്രൂസ് പരിശീലനം നൽകിയിരുന്നത്.

andrews

ഇതിനിടെ ദുബായില്‍ എമിറേറ്റ്‌സ് സ്‌കൂളിലും കാനഡയില്‍ മലയാളി അസോസിയേഷനുവേണ്ടി പരിശീലകവേഷമണിഞ്ഞു. ആരോഗ്യം മോശമായതിനെ തുടര്‍ന്നാണ് മുംബൈയില്‍ തിരിച്ചെത്തിയത്. ഇടയ്ക്ക് ഒരു ഷാരൂഖ് ഖാന്‍ നായകനായ ഒരു ചിത്രത്തില്‍ ഒരു കുഞ്ഞുവേഷവും ചെയ്തു. ഫുട്‌ബോള്‍ പരിശീലകന്റേതു തന്നെയായിരുന്നു വേഷം.

വിശ്രമജീവിതം നയിക്കുമ്പോഴും ഫുട്‌ബോള്‍ തന്നെയായിരുന്നു ആൻഡ്രൂസിന്റെ ജീവവായു. അങ്ങനെയിരിക്കെ ഇക്കഴിഞ്ഞ മെയിലാണ് രോഗം പിടികൂടി തളര്‍ന്നുവീണത്. ആദ്യം മുംബൈയിലായിരുന്നു ചികിത്സ. പിന്നീട് വിക്ടര്‍ മഞ്ഞിലയെയും സി.ഡി. ഫ്രാന്‍സിസിനെയും പോലുള്ള കൂട്ടുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നാട്ടിലേയ്ക്ക് വന്നത്. ആദ്യം ജൂബിലി മിഷന്‍ ആശുപത്രിയിലായിരുന്നു ചികിത്സ. പിന്നീട് വീട്ടിലേയ്ക്ക് മാറി. ഇടയ്ക്ക് പഴയ കൂട്ടുകാരും ശിഷ്യരും വരും. മുറിയില്‍ പഴയ കാല കളിയോര്‍മകള്‍ നിറയുമ്പോള്‍ ആന്‍ഡ്രൂസിന്റെ മനസ്സ് നിറയും. ചെറുതായി ചുണ്ടനക്കിയും ആംഗ്യം കാട്ടിയും ആന്‍ഡ്രൂസും ആ ഓര്‍മകളില്‍ മുഴുകും. ചിലപ്പോള്‍ ഫുട്‌ബോളുമായി ബന്ധമില്ലാത്തവരും എത്തും. ഈ സമയങ്ങളിലാണ് ആന്‍ഡ്രൂസിന്റെ മനസ്സില്‍ ആര്‍.എ.സി.യിലെയും ഓര്‍ക്കെ മില്‍സിലെയുമെല്ലാം പഴയ കൂട്ടുകാരെ കാണാനുള്ള മോഹം ഉദിച്ചത്. രോഗശയ്യയില്‍ വേദനയും സങ്കടവുമെല്ലാം മറന്ന് ആന്‍ഡ്രൂസ് ഇപ്പോഴും കാത്തിരിക്കുകയാണ് പഴയ ഓര്‍മകളുമായി ആരെങ്കിലുമെല്ലാം ഫല്‍റ്റിന്റെ പടികടന്നെത്താതിരിക്കില്ല. ആന്‍ഡ്രൂസിന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒന്നുമില്ല. മകള്‍ സംഗീതയും മരുമകന്‍ സുനിയും കാനഡയിലുണ്ട്. മറ്റൊരു മകള്‍ സരിതയും മരുമകന്‍ സൈമണ്‍ ബോംബെയിലുമാണ്. ആന്‍ഡ്രൂസിന് വേണ്ടത് പണമല്ല, ബൂട്ടണിഞ്ഞ പഴയ സ്മരണകള്‍ മാത്രമാണ്. ആ സ്മരണകള്‍ അയവിറക്കി മനസ്സില്‍ ആരവം സൃഷ്ടിക്കാന്‍ പഴയ കൂട്ടുകാര്‍ മാത്രമാണ്.

Content Highlights: Andrews Indian Football RAC Bikanir MaganSingh Old Indian Players Santhosh Trophy