കൊച്ചി: ''വൈകിയാണ് ഞാന്‍ ഇന്ത്യന്‍ ടീമിലെത്തിയത്...'' പല അഭിമുഖങ്ങളിലും അനസ് അറിഞ്ഞോ അറിയാതെയോ പറഞ്ഞുകൊണ്ടിരുന്ന വാചകം. ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ബഹ്റൈനിനെതിരേ ഇഞ്ചുറി സമയത്തെ പെനാല്‍ട്ടിയില്‍ ഇന്ത്യയുടെ മോഹങ്ങള്‍ കരിഞ്ഞു വീഴുന്ന നേരത്ത് സൈഡ് ബെഞ്ചിലിരുന്ന് അനസ് ഒട്ടും വൈകാതെയെടുത്ത ഒരു തീരുമാനം... ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ ഇനി താനില്ല. ആ തീരുമാനം കേട്ടപ്പോള്‍ ആരാധകര്‍ പക്ഷേ ചോദിക്കുന്നത് മറ്റൊന്നാണ്... അനസ്, നിങ്ങളുടെ ഈ തീരുമാനം അല്‍പം നേരത്തേയായിപ്പോയോ?

തീരുമാനം നേരത്തേയായാലും അല്ലെങ്കിലും അനസ് എടത്തൊടിക എന്ന കൊണ്ടോട്ടിക്കാരന്‍ വിരമിക്കുമ്പോള്‍ അത് ഇന്ത്യന്‍ ഫുട്ബോളിന് സമ്മാനിക്കുന്ന വേദന അല്‍പം കടുത്തതാണ്. ഇന്ത്യന്‍ ഫുട്ബോളിനെ ലോകം ശ്രദ്ധിക്കാന്‍ തുടങ്ങിയ നേരത്താണ് അനസ് ഇന്ത്യയുടെ നീലക്കുപ്പായം അഴിച്ചുവെച്ച് തിരികെ നടക്കുന്നത്. ''ഞാന്‍ തോറ്റു കൊടുക്കുകയല്ല. ഉചിതമായ തീരുമാനം കൈക്കൊള്ളാനുള്ള ഏറ്റവും ഉചിതമായ സമയം ഇതാണെന്ന് ഞാന്‍ കരുതുന്നു...'' അനസ് പറഞ്ഞ വാക്കുകളില്‍ അയാളുടെ മനസ് മുഴുവന്‍ വ്യക്തമാണ്.

മുപ്പതാം വയസില്‍ അരങ്ങേറ്റം. മുപ്പത്തിയൊന്നാം വയസില്‍ വിടവാങ്ങല്‍... അനസ് ഇന്ത്യന്‍ ഫുട്ബോളില്‍ അടയാളപ്പെടുത്തിയ വാചകങ്ങള്‍ ആരാധകര്‍ക്ക് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. അതുകൊണ്ടുതന്നെയാണ് നിറഞ്ഞ സങ്കടത്തോടെ ആരാധകര്‍ അനസിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തെ കേള്‍ക്കുന്നത്.

2007-ല്‍ പ്രൊഫഷണല്‍ ഫുട്ബോളിലെത്തിയിട്ടും അനസിന് ഇന്ത്യയുടെ കുപ്പായമണിയാന്‍ പത്തു വര്‍ഷമാണ് കാത്തിരിക്കേണ്ടി വന്നത്. മുപ്പതാം വയസില്‍ ഇന്ത്യന്‍ ടീമിലെത്തിയപ്പോഴും പക്ഷേ, അനസിന്റെ പോരാട്ടവീര്യത്തിന് അല്‍പം പോലും കുറവുണ്ടായിരുന്നില്ല. ബ്ലാസ്റ്റേഴ്സ് താരം സന്ദേശ് ജിംഗാനൊപ്പം ഇന്ത്യന്‍ പ്രതിരോധക്കോട്ടയിലെ നെടുംതൂണായി അനസിനെ നിയോഗിക്കാന്‍ കോച്ച് കോണ്‍സ്റ്റന്റെയ്‌നും ഒട്ടും വിഷമമുണ്ടായിരുന്നില്ല. ഏല്‍പ്പിച്ച ജോലി ആത്മാര്‍ഥതയോടെ ചെയ്തു. രാജ്യത്തിനായി 19 തവണ കുപ്പായമണിഞ്ഞു.

ബഹ്റൈനിനെതിരേ കളിയുടെ തുടക്കത്തില്‍ തന്നെ പരിക്കേറ്റ് പിന്‍വാങ്ങേണ്ടി വന്നതാണോ അനസിനെ ഇങ്ങനെയൊരു തീരുമാനത്തിലെത്തിച്ചത്. ആ ചോദ്യത്തിന് ഉത്തരമായി താരം ഇതുവരെ മനസ് തുറന്നിട്ടില്ല. പക്ഷേ ഒരുകാര്യം ഉറപ്പാണ്... അനസ് തോല്‍ക്കാത്ത പോരാളിയാണ്. അതുകൊണ്ടാകാം എതിരാളികള്‍ ബോക്‌സിലേക്ക് കയറ്റിക്കൊണ്ടുവരുന്ന പന്ത് കൃത്യസമയത്ത് ടാക്കിള്‍ ചെയ്ത് ക്ലിയര്‍ ചെയ്യുന്നതുപോലെ ഇങ്ങനെയൊരു തീരുമാനമെടുത്തത്.

Content Highlights: Anas Edathodika announces retirement from India national team