മുൻ കേരള പോലീസ് ഫുട്ബോൾ ടീം മാനേജർ അബ്ദുൾ കരീമും പോലീസ് ടീം മുൻ പരിശീലകൻ എം.എം ശ്രീധരനും | Photo: facebook.com|ravi.menon.1293, Mathrubhumi
ഒരു കാലത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോളര്‍മാരുടെ സഘം എന്ന ഖ്യാതിയുണ്ടായിരുന്നത് കേരള പോലീസ് ടീമിനായിരുന്നു. വി.പി സത്യനും ഐ.എം വിജയനും സി.വി പാപ്പച്ചനും യു. ഷറഫലിയും തോബിയാസും കെ.ടി ചാക്കോയും സി.എ ലിസ്റ്റനുമെല്ലാം അണിനിരന്നിരുന്ന പോലീസ് ടീമിനെ മുട്ടികുത്തിക്കുക എന്നത് അക്കാലത്ത് ബാലികേറാമലായയിരുന്നു.
പോലീസില്‍ ചേരാന്‍ കേരളത്തിലെ യുവാക്കള്‍ മടിച്ചിരുന്ന അക്കാലത്ത് കേരളത്തിന്റെ അങ്ങോളമിങ്ങോളം സഞ്ചരിച്ച് കളിക്കാരെ ഡയറക്ട് റിക്രൂട്ട്മെന്റിലൂടെ പോലീസില്‍ ചേര്‍ത്താണ് അന്ന് പോലീസ് ടീം രൂപവത്ക്കരിച്ചത്. ആ കഠിന പ്രയത്നത്തിന് എല്ലാ സഹായങ്ങളും നല്കിയ വ്യക്തിയായിരുന്നു ശനിയാഴ്ച അന്തരിച്ച മുന്‍ ഡി.വൈ.എസ്.പി അബ്ദുള്‍ കരീം. അക്കാലത്ത് ടീമിന്റെ മാനേജര്‍ കൂടിയായിരുന്നു അദ്ദേഹം.
പോലീസ് ടീമിന്റെ രൂപവത്ക്കരണത്തില്‍ അബ്ദുള്‍ കരീം വഹിച്ച പങ്കിനെ കുറിച്ചും അദ്ദേഹവുമൊത്തുള്ള ഓര്‍മകളും മാതൃഭൂമി ഡോട്ട്കോമിനോട് പങ്കുവെയ്ക്കുകയാണ് പോലീസ് ടീമിന്റെ മുന്‍ പരിശീലകനായിരുന്ന എ.എം ശ്രീധരന്.
കേരള പോലീസ് ഫുട്ബോള്‍ ടീം ഉണ്ടാക്കാന്‍ ആലോചിക്കുന്ന സമയം മുതല്‍ തന്നോടൊപ്പമുളളയാളായിരുന്നു അബ്ദുള്‍ കരീമെന്ന് ശ്രീധരന് പറയുന്നു. ടീം ഉണ്ടാക്കിയെടുക്കാന്‍ ഏറെ പരിശ്രമിച്ച വ്യക്തി.
''അന്ന് ഞങ്ങള്‍ക്ക് കളിക്കാരെ നേരിട്ട് റിക്രൂട്ട് ചെയ്യാന്‍ സാധിക്കുമായിരുന്നു. കേരളത്തിന്റെ അങ്ങോളമിങ്ങോളം അന്വേഷിച്ച് ഞങ്ങള്‍ കളിക്കാരെ തിരഞ്ഞ് പിടിച്ച് ഇയാളെ വേണമെന്ന് പറഞ്ഞാല്‍ അപ്പോള്‍ തന്നെ നിയമനം നല്‍കിയിരുന്ന കാലമായിരുന്നു അത്. വി.പി സത്യന്, ഐ.എം വിജയന്, സി.വി പാപ്പച്ചന്, യു. ഷറഫലി, തോബിയാസ്, സി.എ ലിസ്റ്റന്‍ എന്നിവരെയെല്ലാം ഇത്തരത്തില്‍ നേരിട്ട് റിക്രൂട്ട് ചെയ്യുകയായിരുന്നു. അതിനായി ഏറ്റവും കൂടുതല്‍ പ്രയത്നിച്ചത് അന്ന് സി.ഐ ആയിരുന്ന അബ്ദുള്‍ കരീമായിരുന്നു. അന്നത്തെക്കാലത്ത് പോലീസില്‍ ചേരാന്‍ പലര്‍ക്കും താത്പര്യം ഇല്ലായിരുന്നു. പിന്നെ ഈ ടീം എങ്ങനെയായിത്തീരും എന്ന് അറിയുകയുമില്ല. പലര്‍ക്കും വിശ്വാസം ഉണ്ടായിരുന്നില്ല. എവിടെയെങ്കിലും നല്ല കളിക്കാരുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഞങ്ങള്‍ ആദ്യം അയാളുടെ കളി പോയി നോക്കും. ഇഷ്ടപ്പെട്ടാല്‍ നേരേ വീട്ടിലേക്ക് ചെല്ലുകയായിരുന്നു പതിവ്. ഷറഫലിയെ ഇത്തരത്തില്‍ റിക്രൂട്ട് ചെയ്യാന്‍ ഞങ്ങള്‍ ഒരു ദിവസം അവിടെ പോയി താമസിക്കു വരെ ചെയ്തിരുന്നു.'' - ശ്രീധരന് പറഞ്ഞു.
വീട്ടില്‍ ചെന്ന് കളിക്കാരെയും അവരുടെ മാതാപിതാക്കളെയും കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാനും പ്രചോദിപ്പിക്കാനും അബ്ദുള്‍ കരീമിന് പ്രത്യേക വൈദഗ്ധ്യമുണ്ടായിരുന്നു. പോലീസില്‍ ചേര്‍ന്ന് കളിച്ചാല്‍ ലഭിക്കാന്‍ പോകുന്ന ഗുണങ്ങളെ കുറിച്ചെല്ലാം വാതോരാതെ സംസാരിച്ച് അവരെ സമ്മതിപ്പിക്കാന്‍ കരീമിന് സാധിച്ചിരുന്നുവെന്നും ശ്രീധരന് പറഞ്ഞു.
''അങ്ങനെ ഇത്തരത്തില്‍ പല കളിക്കാരെയും അദ്ദേഹം നേരേ ജീപ്പും എടുത്ത് പോയി ടീമിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. അതിന് കരീമിന് പ്രത്യേക താത്പര്യവുമായിരുന്നു. ഇക്കാര്യങ്ങളിലെല്ലാം അദ്ദേഹം വളരെ ആത്മാര്ഥതയുള്ളയാളായിരുന്നു. കൂടാതെ നല്ലൊരു ബാഡ്മിന്റണ്‍ താരം കൂടിയായിരുന്നു അദ്ദേഹം. പോലീസ് ടീമിന് ഞാന്‍ കോച്ചും അദ്ദേഹം പരിശീലകനുമായി ആറു വര്‍ഷം ഒന്നിച്ചുണ്ടായിരുന്നു. ടീമിനായി എന്തും ചെയ്യാന്‍ മടിയില്ലാത്തയാളായിരുന്നു. 30 പായ്ക്കറ്റ് കോംപ്ലാനൊക്കെ കൊണ്ടുവന്ന് ഓരോ കളിക്കാര്‍ക്കും കൊടുക്കുമായിരുന്നു. കളിക്കാര്‍ക്ക് എന്ത് വേണമെന്ന് പറഞ്ഞാലും അതെല്ലാം എത്തിച്ചുകൊടുക്കാന്‍ കരീം ഉണ്ടാകുമായിരുന്നു.'' - ശ്രീധരന് കൂട്ടിച്ചേര്‍ത്തു.
Content Highlights: AM Sreedharan remembering former Kerala Police football team manager Abdul Kareem
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..