ഫുട്ബോളിനും മറ്റ് കായിക ഇനങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കിയ മണ്ണാണ് ആലുവയുടേത്. കാല്‍പ്പന്തുകളിയുടെ മികവുകൊണ്ട് കായിക ലോകത്തിന്റെ ഉന്നതങ്ങളില്‍ എത്തിയിട്ടുള്ള നിരവധി കളിക്കാരുണ്ട് ആലുവയില്‍. സന്തോഷ് ട്രോഫി മുതല്‍ അന്തര്‍ദേശീയ തലത്തില്‍ വരെയെത്തിയ മികച്ച കളിക്കാരെക്കൊണ്ട് സമ്പന്നമാണീ നഗരം. ആലുവ നഗരസഭാ മൈതാനവും സെയ്ന്റ് മേരീസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടുമാണ് അന്നും ഇന്നും കായികതാരങ്ങളുടെ പ്രധാന കളരി.

കേരളത്തിലെ ആദ്യത്തെ മുനിസിപ്പല്‍ സ്‌പോര്‍ട്സ് ക്ലബ്ബ്

1958-ലാണ് ചെയര്‍മാനായിരുന്ന എം.സി. വര്‍ക്കിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി ഇന്നത്തെ ആലുവ നഗരസഭാ ഗ്രൗണ്ട് തുറന്നുകൊടുക്കുന്നത്. കേരളത്തിലെ ആദ്യത്തെ മുനിസിപ്പല്‍ സ്‌പോര്‍ട്സ് ക്ലബ്ബ് 1960 ഓഗസ്റ്റ് 15-ാം തീയതി ആലുവയില്‍ ഉദ്ഘാടനം ചെയ്തു. ഫുട്ബോള്‍ കൂടാതെ എല്ലാ കായിക ഇനങ്ങളും ഇവിടെ പരിശീലിപ്പിച്ചിരുന്നു. റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം, മേയ്ദിനം എന്നീ ദിവസങ്ങളില്‍ ക്ലബ്ബുകളേയും സ്‌കൂള്‍ വിദ്യാര്‍ഥികളേയും പങ്കെടുപ്പിച്ച് സ്‌പോര്‍ട്സ് മീറ്റുകളും സംഘടിപ്പിച്ചിരുന്നു. ആലുവയിലെ കമ്മത്ത് കുടുംബവും പോലീസ് ടീമും തമ്മിലുള്ള വടംവലി മത്സരവും ആകര്‍ഷകമായിരുന്നു.

ഇന്ത്യന്‍ നേവി, ഫാക്ട്, കുണ്ടറ അലിന്‍ഡ് എന്നിങ്ങനെ അക്കാലത്തെ പ്രശസ്തമായ ടീമുകളെല്ലാം ആലുവ മുനിസിപ്പല്‍ ഗ്രൗണ്ടില്‍ കളിക്കാനെത്തി. അശോക, കാത്തായി തുടങ്ങിയ മില്ലുകളിലും മറ്റ് സ്ഥാപനങ്ങളിലും ജോലിചെയ്യുന്നവര്‍ വൈകുന്നേരങ്ങളില്‍ കളിക്കുന്നതിനായി ഇവിടെ ഒത്തുചേര്‍ന്നിരുന്നതും പതിവായിരുന്നു. സ്വന്തമായി സ്‌പോര്‍ട്സ് ക്ലബ്ബും ഗ്രൗണ്ടും വന്നതോടെ ആലുവയിലെ ചെറുപ്പക്കാര്‍ കളി കാര്യമാക്കി മാറ്റി.

വലിയ ടീമുകളില്‍ കളിച്ച് ഉയരങ്ങളിലെത്താനുള്ള പ്രയത്‌നങ്ങളും തുടങ്ങി. എം.ഒ. ജോണ്‍ ചെയര്‍മാനായിരുന്ന കാലത്ത് 1999-ല്‍ ഗ്രൗണ്ടില്‍ ഗാലറി നിര്‍മിച്ച് സ്റ്റേഡിയമാക്കി. മുന്‍ എം.എല്‍.എ. കെ. മുഹമ്മദാലിയാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. 2003-ല്‍ പുല്ലുപിടിപ്പിച്ച് ടര്‍ഫ് ഗ്രൗണ്ടാക്കി മാറ്റി.

തിരിച്ചുവന്ന ലക്കിസ്റ്റാര്‍ ട്രോഫി

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലക്കിസ്റ്റാര്‍ ക്ലബ്ബ് രൂപവത്കരിച്ചതോടെ ആലുവയിലെ കളിക്കാര്‍ക്ക് കൂടുതല്‍ അവസരം ലഭിച്ചു. പരേതരായ ജോസ് മൂത്തേടനും ജോസ് ഉണ്ണിയുമായിരുന്നു ക്ലബ്ബിന്റെ പ്രധാനികള്‍. ലക്കിസ്റ്റാര്‍ ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റും ഏറെ പ്രശസ്തി നേടി. പിന്നീട് ടൂര്‍ണമെന്റ് നിലച്ചുപോയി. കഴിഞ്ഞവര്‍ഷം ആലുവ മര്‍ച്ചന്റ്‌സ് അസോസിയേഷനും ഫെഡറല്‍ ബാങ്കും സംയുക്തമായി നടത്തിയ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ലക്കിസ്റ്റാര്‍ ട്രോഫി പുനരവതരിപ്പിച്ചിരുന്നു. ഒരാഴ്ച നീണ്ടുനിന്ന ഫ്‌ളഡ്‌ലിറ്റ് സെവന്‍സ് ടൂര്‍ണമെന്റ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധനേടി.

സന്തോഷ് ട്രോഫിയിലേക്ക്

1971-ല്‍ പി.ജെ. വര്‍ഗീസാണ് ആലുവയില്‍നിന്ന് ആദ്യമായി സന്തോഷ്ട്രോഫിയില്‍ കേരളത്തിനു വേണ്ടി കളിച്ചത്. തുടര്‍ന്ന് സന്തോഷ് ട്രോഫിയിലും ഇന്ത്യന്‍ ടീമിലും 1996 വരെ തുടര്‍ച്ചയായി മൂന്നും നാലും വീതം കളിക്കാര്‍ ആലുവയില്‍ നിന്നുണ്ടായി. 1982-83-ല്‍ തൃശ്ശൂരില്‍ നടന്ന സന്തോഷ് ട്രോഫി മത്സരം ആലുവക്കാരായ ഫുട്ബോള്‍ പ്രേമികളെ ഏറെ ആവേശത്തിലാക്കി. ക്യാപ്റ്റന്‍ ഉള്‍പ്പെടെ നാല് പേരാണ് ആലുവക്കാരായി ഉണ്ടായിരുന്നത്. കേരളത്തിനുവേണ്ടി സഹോദരന്മാര്‍ ആദ്യമായി ഒന്നിച്ച ടൂര്‍ണമെന്റുമായിരുന്നു അത്. ആലുവ സ്വദേശിയായ എം.എം. ജേക്കബായിരുന്നു ക്യാപ്റ്റന്‍. ജേക്കബിന്റെ സഹോദരന്‍ എം.എം. പൗലോസും ടീമിലുണ്ടായിരുന്നു. ഈ വര്‍ഷത്തെ സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ ആലുവ സ്വദേശി സഞ്ജു ഗണേശും അത്താണി സ്വദേശിയായ അഖില്‍ പ്രവീണും കേരളത്തിനായി കളിക്കുന്നുണ്ട്.

എം.എ. ട്രോഫിക്ക് 19 വയസ്സ്

ഫുട്ബോളിലെ നവപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 19 വര്‍ഷം മുമ്പാണ് മാര്‍ അത്തനേഷ്യസ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റ് ആലുവ നഗരസഭാ ഗ്രൗണ്ടില്‍ ആരംഭിച്ചത്. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള 16 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. മിനി മാറ്റ് മത്സരം ജയിക്കുന്ന ഒരു പ്രാദേശിക ടീമും ടൂര്‍ണമെന്റില്‍ മത്സരിക്കും. ഈ വര്‍ഷത്തെ എം.എ. ട്രോഫി ടൂര്‍ണമെന്റ് ജനുവരി അഞ്ചിന് ആരംഭിക്കും. 23-നാണ് ഫൈനല്‍. വൈകീട്ട് 4.30 മുതലാണ് മത്സരങ്ങള്‍.

Content Highlights: Aluva soil with football fever