മാമ്പറ്റ ഫൗസിയ | ഫോട്ടോ: കെ.കെ സന്തോഷ്, മാതൃഭൂമി
കോഴിക്കോട്: 'ഫസ്റ്റ് ഹാഫ് കഴിഞ്ഞു, ഇതു സെക്കന്‍ഡ് ഹാഫാണ്... പൊരുതണം, കളിക്കാര്‍ അങ്ങനെയല്ലേ...' രോഗത്തെപ്പറ്റി ചോദിക്കുമ്പോള്‍ ഫൗസിയ പറഞ്ഞത് ഈ മറുപടിയാണ്. അധികം നീളമില്ലാത്തൊരു സെക്കന്‍ഡ് ഹാഫില്‍ പൊടുന്നനെ ചുവപ്പുകാര്‍ഡ് കാട്ടി വിധി ജീവിതത്തില്‍നിന്ന് അവരെ പുറത്താക്കുമ്പോള്‍ നഷ്ടം വനിതാ ഫുട്ബോളിന് മാത്രമല്ല.
കോഴിക്കോട്ടുകാരി മാമ്പറ്റ ഫൗസിയയുടെ പോരാട്ടം കുട്ടിക്കാലത്തേ പന്തു തട്ടി തുടങ്ങിയതാണ്. അവസാനം മാരകമായ അസുഖത്തോടു വരെ ആ പോരാട്ടം നീണ്ടു. വനിതാ ഫുട്ബോളില്‍ ഏറെ നേട്ടമുണ്ടാക്കിയ പരിശീലക മാത്രമായിരുന്നില്ല ഫൗസിയ. ഫുട്ബോളിനെ ശ്വാസംപോലെ ചേര്‍ത്തുപിടിച്ച, അതിനായി സമര്‍പ്പിച്ച ജീവിതത്തിനുടമകൂടിയായിരുന്നു.
കേരള ഫുട്ബോളില്‍ ഗോള്‍കീപ്പറായിരുന്നെങ്കില്‍, പവര്‍ലിഫ്റ്റിങ്ങിലും ഹാന്‍ഡ്ബോളിലും ജൂഡോയിലും നേട്ടമുണ്ടാക്കിയ താരം കൂടിയായിരുന്നു. കളിക്കളം വിട്ടശേഷം ഫുട്ബോള്‍ പരിശീലകയായി.
സംസ്ഥാന സ്‌പോര്‍ട്സ് കൗണ്‍സിലില്‍ 18 വര്‍ഷം താത്കാലിക പരിശീലകയായി. കേരള ടീമിന്റെയും ഗോകുലം വനിതാ ടീമിന്റെയും സഹപരിശീലകയും പരിശീലകയുമായി. ജൂനിയര്‍ ടീമുകളുടെ മാനേജരായി. സുബ്രതോ കപ്പിലും സ്‌കൂള്‍ ഗെയിംസിലും വനിതാ ടീമിനെ ഉള്‍പ്പെടുത്താനായി പോരാടി.
നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് ഇന്ത്യന്‍ ടീം വരെ താരങ്ങളെയെത്തിച്ചതിലാണ് പരിശീലകയായ ഫൗസിയയുടെ വിജയം. നിഖിലയും ആഷ്ലിയും ഇന്ത്യന്‍ ടീമിലെ ഫൗസിയയുടെ ശിഷ്യരായി. കേരളാ ടീമില്‍ നടക്കാവിലെ കുട്ടികള്‍ സ്ഥിരം സാന്നിധ്യമായി. വരാനിരിക്കുന്ന അണ്ടര്‍-17 വനിതാ ലോകകപ്പിന്റെ പ്രാഥമിക ക്യാമ്പിലും നാല് കുട്ടികള്‍ സ്‌കൂളില്‍ നിന്നുണ്ടായിരുന്നു.
Content Highlights: All of Fousiya Mampatta s Struggles were for football
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..