Photo: twitter.com
2012-ലെ ആ മെയ് 13-ാം തീയതി ലോകമെമ്പാടുമുള്ള മാഞ്ചെസ്റ്റര്‍ സിറ്റി ആരാധകര്‍ക്ക് മറക്കാനാകുമോ? സെര്‍ജിയോ അഗ്യൂറോ എന്ന ആ അര്‍ജന്റീനക്കാരന്‍ പയ്യന്‍ ഇന്‍ജുറി ടൈമില്‍ നേടിയ ആ ഗോളിന്റെ ആരവം മറക്കാനാകുമോ? മാഞ്ചെസ്റ്റര്‍ ഒന്നടങ്കം നീലശോഭയാര്‍ന്ന വര്‍ണങ്ങള്‍ കൊണ്ട് നിറഞ്ഞ ആ രാവിന് ഇന്ന് 10 വയസ് പൂര്‍ത്തിയാകുകയാണ്.
2012-ലെ ആ പ്രസിദ്ധമായ മെയ് 13-ാം തീയതി. അന്ന് എത്തിഹാദ് സ്റ്റേഡിയത്തില്‍ ക്യൂന്‍സ് പാര്‍ക്ക് റേഞ്ചേഴ്സിനെ നേരിടുകയാണ് മാഞ്ചെസ്റ്റര്‍ സിറ്റി. സ്റ്റേഡിയമൊന്നാകെ നീല ജേഴ്സികളാലും കൊടിതോരണങ്ങളാലും നിറഞ്ഞിരിക്കുന്നു. സിറ്റി താരങ്ങളുടെ ഓരോ നീക്കത്തിനും കാണികളില്‍ നിന്ന് പുറപ്പെടുന്നത് ആഹ്ലാദാരവങ്ങളാണ്. കാരണം ക്യു.പി.ആറിനെതിരായ ആ മത്സരം ജയിച്ചാല്‍ തങ്ങളുടെ 44 വര്‍ഷത്തെ കാത്തിരിപ്പാണ് അവസാനിക്കാന്‍ പോകുന്നതെന്നുള്ള ചിന്ത അവരുടെ സിരകളെ മത്തുപിടിപ്പിച്ചിരുന്നു. ഒന്ന് എല്ലാം മറന്ന് പൊട്ടിത്തെറിക്കാന്‍ വെമ്പിനില്‍ക്കുയായിരുന്നു എത്തിഹാദ് അന്ന്.
പ്രീമിയര്‍ ലീഗില്‍ ആ സീസണിലെ അവസാന ദിനമാണത്. അന്ന് നടക്കുന്നത് രണ്ട് മത്സരങ്ങള്‍. ഒന്ന് സിറ്റി - ക്യുപിര്‍, മറ്റൊന്ന് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് - സണ്ടര്‍ലാന്‍ഡ്. ആ സീസണിലെ പ്രീമിയര്‍ ലീഗ് ജേതാക്കളെ തീരുമാനിക്കുന്ന മത്സരങ്ങളാണത്. 37 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ സിറ്റിക്കും യുണൈറ്റഡിനും ഒരേ പോയന്റ്, 86. എന്നാല്‍ ഗോള്‍ വ്യത്യാസത്തില്‍ സിറ്റിയാണ് മുന്നില്‍. 90 ഗോളുകളടിച്ച സിറ്റി വഴങ്ങിയത് 27 ഗോളുകള്‍, ഗോള്‍ വ്യത്യാസം 63. മറുവശത്ത് 88 ഗോളുകള്‍ നേടിയ യുണൈറ്റഡ് വഴങ്ങിയത് 33 എണ്ണം, വ്യത്യാസം 55. ക്യുപിആറിനെ തോല്‍പ്പിച്ചാല്‍ സിറ്റിക്ക് കിരീടമുയര്‍ത്താം. യുണൈറ്റഡിനാകട്ടെ ജയിച്ചാല്‍ മാത്രം പോര, സിറ്റി ജയിക്കാതിരിക്കുകയും വേണമെന്നുള്ള അവസ്ഥ.
ഇരു മത്സരങ്ങളും ഒരേ സമയം. 20-ാം മിനിറ്റില്‍ തന്നെ സണ്ടര്‍ലാന്‍ഡിനെതിരേ വെയ്ന്‍ റൂണിയിലൂടെ യുണൈറ്റഡ് ഒരു ഗോളിന് മുന്നിലെത്തി. കിലോമീറ്ററുകള്‍ക്കപ്പുറത്ത് എത്തിഹാദില്‍ 39-ാം മിനിറ്റില്‍ യായാ ടൂറെയുടെ പാസില്‍ നിന്ന് പാബ്ലോ സബലെറ്റ സ്‌കോര്‍ ചെയ്തതോടെ സ്റ്റേഡിയത്തിലെ സിറ്റി ആരാധകര്‍ ഇളകി മറിഞ്ഞു. എന്നാല്‍ കൃത്യം ഒമ്പത് മിനിറ്റുകള്‍ക്കപ്പുറം എത്തിഹാദിനെ നിശബ്ദതയിലേക്ക് തള്ളിവിട്ട് സിറ്റി താരത്തിന്റെ പിഴവ്. ആ അവസരം മുതലെടുത്ത് ഡിബ്രില്‍ സിസ്സെ ക്യുപിആറിനെ ഒപ്പമെത്തിച്ചു. മത്സരം 55-ാം മിനിറ്റിലേക്ക് ബോക്സിന് പുറത്തുവെച്ച് കാര്‍ലോസ് ടെവസിന്റെ മുഖത്ത് കൈമുട്ടികൊണ്ടിടിച്ച ക്യുപിആര്‍ താരം ജോയ് ബാര്‍ട്ടനു നേരെ റഫറി ചുവപ്പുകാര്‍ഡുയര്‍ത്തുന്നു. ശേഷം സ്റ്റേഡിയം വേദിയായത് സംഘര്‍ഷഭരിതമായ നിമിഷങ്ങള്‍ക്കാണ്. രംഗം ശാന്തമായ ശേഷം സിറ്റി പലതവണ തങ്ങളുടെ രണ്ടാം ഗോളിന് അടുത്തെത്തി. പക്ഷേ ക്യുപിആര്‍ ഗോള്‍കീപ്പര്‍ പാഡി കെന്നിയുടെ സൂപ്പര്‍ സേവുകള്‍ അവര്‍ക്ക് രക്ഷയായി.

എന്നാല്‍ 66-ാം മിനിറ്റില്‍ അര്‍മണ്‍ഡ് ട്രറോറെയുടെ ക്രോസില്‍ നിന്ന് ജാമി മാക്കി ക്യുപിആറിനായി അടുത്ത വെടി പൊട്ടിച്ചതോടെ എത്തിഹാദ് ഒന്നടങ്കം ഞെട്ടിത്തരിച്ചു. സിറ്റി ഒരു ഗോളിന് പിന്നിലെന്ന വാര്‍ത്ത യുണൈറ്റഡ് ആരാധകരെ ആവേശഭരിതരാക്കി. അലക്സ് ഫെര്‍ഗൂസനും സംഘവും മറ്റൊരു പ്രീമിയര്‍ ലീഗ് കിരീടം സ്വപ്നം കണ്ടുതുടങ്ങി. എത്തിഹാദിലെ സിറ്റി ആരാധകരുടെ ആവേശം കെട്ടു. പലരും നിരാശരായി നിറകണ്ണുകളോടെ ഇരിപ്പിടത്തില്‍ ഇടിക്കുകയും തൊഴിക്കുകയും ചെയ്യുന്ന കാഴ്ച ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തു. എങ്ങും നിരാശ നിറഞ്ഞ മുഖങ്ങള്‍ മാത്രം. വീണ്ടും തുടരെ തുടരെ കെന്നി സിറ്റിയുടെ വഴി തടഞ്ഞുകൊണ്ടിരുന്നു.
മത്സരം അവസാന മിനിറ്റുകളിലേക്ക് അടുക്കുന്തോറും സ്റ്റേഡിയം നിശബ്ദമായിക്കൊണ്ടിരുന്നു. ഒടുവില്‍ ഇന്‍ജുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ ഡേവിഡ് സില്‍വയെടുത്ത കോര്‍ണര്‍ വലയിലെത്തിച്ച് എഡിന്‍ ജെക്കോ സിറ്റിയെ ഒപ്പമെത്തിച്ചപ്പോഴും എത്തിഹാദിലെ ആരാധകര്‍ക്ക് പഴയ ആവേശമുണ്ടായിരുന്നില്ല. കാരണം അപ്പോഴേക്കും അപ്പുറത്ത് സണ്ടര്‍ലാന്‍ഡിനെതിരേ യുണൈറ്റഡ് ജയിച്ചു കയറിയിരുന്നു. സിറ്റിക്കാകട്ടെ ശേഷിക്കുന്നത് ഒന്നര മിനിറ്റോളവും.
എന്നാല്‍ അവിടെ നിന്നും സിറ്റി ആരാധകര്‍ക്ക് പോലും വിശ്വസിക്കാനാകാത്ത ഒരു മാജിക് അരങ്ങേറുകയായിരുന്നു. മത്സരം 94-ാം മിനിറ്റിലേക്ക് കടക്കുന്നു. പന്തുമായി സിറ്റിയുടെ 16-ാം നമ്പറുകാരന്റെ മുന്നേറ്റം. അയാള്‍ ആ പന്ത് മാരിയോ ബലോട്ടെല്ലിക്ക് നീട്ടുന്നു. ക്യുപിആര്‍ താരങ്ങള്‍ക്കിടയില്‍ വീണുപോയ ബലോട്ടെല്ലി പക്ഷേ മനസാന്നിധ്യം കൈവിടാതെ കിടന്നകിടപ്പില്‍ ആ പന്ത് മുന്നോട്ടുകയറിവന്ന ആ 16-ാം നമ്പറുകാരനു തന്നെ നീട്ടുന്നു. സമയം കൃത്യം 93 മിനിറ്റും 20-ാമത്തെ സെക്കന്റും എത്തിഹാദില്‍ കൂടിയിരുന്ന സിറ്റി ആരാധകരെ ഒന്നടങ്കം ഇളക്കിമറിച്ച് അയാളുടെ വലംകാലനടി ക്യുപിആര്‍ വലയിലെ വലതുമൂലയില്‍ പതിക്കുന്നു.
ആ നിമിഷം എത്തിഹാദ് ഒന്നടങ്കം പൊട്ടിത്തെറിക്കുകയായിരുന്നു. പന്ത് വലയിലെത്തിച്ച ശേഷം ആ 16-ാം നമ്പറുകാരന്‍ ജേഴ്സിയൂരി വീശി കാണികള്‍ക്ക് നേരെ ഓടി. കമന്ററി ബോക്സില്‍ നിന്ന് ആ നിമിഷത്തിന്റെ ആവേശം ഒന്നടങ്കം തന്നിലേക്ക് ആവാഹിച്ച് മാര്‍ട്ടിന്‍ ടെയ്ലറെന്ന കമന്റേറ്ററുടെ വാക്കുകള്‍ മുഴങ്ങി. അഗ്യൂറോാാാാ...................... ''I swear you'll never see anything like this, ever again. So watch it, drink it in.''
സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞിരുന്ന സിറ്റി ആരാധകര്‍ പരസ്പരം വാരിപ്പുണര്‍ന്നു. മാഞ്ചെസ്റ്ററിന്റെ തെരുവോരങ്ങളില്‍ അപ്പോഴേക്കും ആഘോഷം തുടങ്ങിയിരുന്നു. റോബര്‍ട്ടോ മാഞ്ചീനിയും സംഘവും ചരിത്രം കുറിച്ചിരിക്കുന്നു.
.jpg?$p=a80322e&&q=0.8)
അന്ന് മറ്റൊരു കാര്യം കൂടി സംഭവിച്ചിരുന്നു. എത്തിഹാദിന്റെ നീല മൈതാനത്ത് അന്ന് സെര്‍ജിയോ ലിയോണല്‍ അഗ്യൂറോ എന്ന 24-കാരന്റെ പട്ടാഭഷേകം കൂടിയായിരുന്നു. സിറ്റിക്കൊപ്പം ചേര്‍ന്ന ആദ്യ സീസണില്‍ തന്നെ ടീമിന്റെ 44 വര്‍ഷം നീണ്ട കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ സാധിച്ച താരം. ആ ഒരൊറ്റ ഗോളോടെ അഗ്യൂറോ ചെന്ന് കയറിയത് ലോകമെമ്പാടുമുള്ള സിറ്റി ആരാധകരുടെ ഹൃദയത്തിലേക്കായിരുന്നു.
കാലം അവിടെ നിന്നും 10 വര്‍ഷം പിന്നിട്ടിരിക്കുന്നു. ആ ചരിത്ര മുഹൂര്‍ത്തം തങ്ങള്‍ക്ക് സമ്മാനിച്ച അഗ്യൂറോയുടെ പ്രതിമ ആ മഹാവിജയത്തിന്റെ പത്താം വാര്‍ഷിക വേളയില്‍ എത്തിഹാദ് സ്റ്റേഡിയത്തില്‍ സ്ഥാപിച്ചിരിക്കുകയാണ് ക്ലബ്ബ്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം ഫുട്‌ബോള്‍ കരിയര്‍ തന്നെ അവസാനിപ്പിക്കേണ്ടി വന്ന തങ്ങളുടെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാള്‍ക്ക് സിറ്റിയുടെ സ്‌നേഹാദരം. 'കുന്‍' നിങ്ങളിന്നും എത്തിഹാദില്‍ നിറഞ്ഞ് നില്‍ക്കുകയാണ്...
Content Highlights: Aguero s dramatic 94th-minute winner for Manchester City 10th anniversary of 93:20
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..