ചില കളിക്കാരുണ്ട്, കളിക്കളത്തില്‍ പ്രതീക്ഷിക്കപ്പെട്ട നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കാതിരുന്നിട്ടും ആരാധകരുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചവര്‍. കഴിഞ്ഞ ദിവസം കളിക്കളത്തില്‍ നിന്നും വിരമിച്ച പോളിഷ് ടെന്നീസ്താരം അഗ്‌നിയെസ്‌ക റഡ്വാന്‍സ്‌കയെയും ഇക്കൂട്ടത്തില്‍പ്പെടുത്താം. 

ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുടെ പകിട്ടൊന്നും 'അഗ'യെന്ന ഓമനപ്പേരിലറിയപ്പെടുന്ന റഡ്വാന്‍സ്‌കയുടെ കരിയറിനില്ല. പക്ഷേ കളിക്കളത്തിനകത്തും പുറത്തും ആരാധക ഹൃദയങ്ങളിലും തന്റേതായ ചിലമായാത്ത മുദ്രകള്‍ ബാക്കിയാക്കിയാണ് അഗ റാക്കറ്റ് മാറ്റി വയ്ക്കുന്നത്.

ജൂനിയര്‍ വിംബിള്‍ഡണ്‍ (2005), ഫ്രഞ്ച് ഓപ്പണ്‍ (2006) കിരീടങ്ങളുമായാണ് റഡ്വാന്‍സ്‌ക വരവറിയിച്ചത്. ജസ്റ്റിന്‍ ഹെനിനും കിം ക്ലൈസ്റ്റേഴ്സും അമേലി മോറിസ്മോയും ലിന്‍ഡ്സേ ഡാവെന്‍പോര്‍ട്ടുമൊക്കെ കളിക്കളം വിട്ടതിനുശേഷം വന്ന വനിതാ ടെന്നീസിലെ പുതുവസന്തത്തില്‍പ്പെട്ട താരം. 

Agnieszka Radwanska Wimbledon finalist retires from tennis aged 29

ജൂനിയര്‍ തലത്തിലെ നേട്ടങ്ങള്‍ അതേ പടി ആവര്‍ത്തിക്കാന്‍ കരിയറില്‍ റഡ്വാന്‍സ്‌കയ്ക്കായില്ല. കരോളിന്‍ വൊസ്നിയാക്കിയെയും വിക്ടോറിയ അസരെങ്കയെയും പോലുള്ള സമകാലികര്‍  ഗ്രാന്‍ഡ് സ്ലാം കിരീടവും ലോക  ഒന്നാംനമ്പര്‍ പദവിയും സ്വന്തമാക്കിയപ്പോള്‍ 2012 ലെ വിംബിള്‍ഡണില്‍ ഫൈനല്‍ വരെയെത്തിയതാണ് ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകളില്‍ റഡ്വാന്‍സ്‌കയുടെ ഏറ്റവും വലിയ നേട്ടം. 

പതിമൂന്നു വര്‍ഷം നീണ്ട കരിയറില്‍ 20 ഡബ്ല്യു.ടി.എ കിരീടങ്ങളും നേടി. 2015-ലെ ഡബ്ല്യു.ടി.എ ഫൈനലില്‍ ജേത്രിയായതാണ് കരിയറിലെ ഏറ്റവും വലിയ വിജയം. ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനം വരെയെത്താനും താരത്തിനായി.

സമകാലികരോടു താരതമ്യപ്പെടുത്തുമ്പോള്‍ അത്ര വലിയ നേട്ടങ്ങളൊന്നുമില്ലെങ്കിലും ആഗ ഇത്രമേല്‍ സ്‌നേഹിക്കപ്പെടുന്നതിന്റെ കാരണമെന്താണ്. നമ്മള്‍ക്കെല്ലാവര്‍ക്കും ദൈവം ചില കഴിവുകള്‍ നല്‍കിയിട്ടുണ്ട്. അത് പൂര്‍ണമായി ഉപയോഗിക്കാതെ ഇല്ലാത്ത കഴിവുകള്‍ സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലാണ് പലരും. 

ഭൂരിഭാഗവും ഇതില്‍ വിജയിക്കുകയുമില്ല. ഉത്തരത്തിലിരിക്കുന്നതു കിട്ടിയുമില്ല , കക്ഷത്തിലിരുന്നതു പോവുകയും ചെയ്തു എന്ന അവസ്ഥ. എന്നാല്‍ തന്റെ ശക്തിയും ദൗര്‍ബല്യങ്ങളും മനസ്സിലാക്കി കളിച്ചു എന്നിടത്താണ് റഡ്വാന്‍സ്‌കയുടെ വിജയം. 

വലിയ കരുത്തുള്ള താരമൊന്നുമല്ല അഗ. സ്വഭാവികമായും സെര്‍വുകള്‍ ശക്തവുമല്ല. പക്ഷേ മികച്ച റിട്ടേണുകളിലൂടെയും ബുദ്ധിപൂര്‍വമുള്ള ഷോട്ടുകളിലൂടെയും കോര്‍ട്ടില്‍ ഈ ദൗര്‍ബല്യത്തെ മറികടക്കാന്‍ കഴിഞ്ഞു. കോര്‍ട്ടിന്റെ ജ്യോമട്രി മുഴുവന്‍ അകക്കണ്ണുകൊണ്ടു കാണാന്‍ കഴിയുന്ന താരമെന്ന വിശേഷണമാണ് ടെന്നീസ് പണ്ഡിതന്‍മാര്‍ അവര്‍ക്കു നല്‍കിയിരിക്കുന്നത്. കോര്‍ട്ടിന്റെ ഏത് ആംഗിളില്‍ നിന്നും ഷോട്ടുകള്‍ പായിച്ച് എതിരാളികളെ വിസ്മയിപ്പിക്കുന്ന അഗ  ഇതിന്റെ പേരില്‍ തുടര്‍ച്ചയായി അവാര്‍ഡുകളും നേടി.

Agnieszka Radwanska Wimbledon finalist retires from tennis aged 29

 ക്രിക്കറ്റില്‍ മഹേന്ദ്ര സിങ് ധോനിയുടെ കയ്യൊപ്പു പതിഞ്ഞ ഷോട്ടാണ് ഹെലികോപ്ടര്‍ ഷോട്ട്. ടെന്നീസില്‍ റഡ്വാന്‍സ്‌കയുടെ പേരിലും ഒരു ഷോട്ടുണ്ട്- 'സ്‌ക്വാറ്റ് പൊസിഷന്‍ 'ഷോട്ട് . ശരീരഭാരം മുഴുവനും കാല്‍പ്പാദങ്ങളില്‍ കൊടുത്ത് കാല്‍മുട്ടുകളും നടുവും വളച്ച് റാക്കറ്റ് സമാന്തരമായി പിടിച്ചുകൊണ്ടു ഹാഫ് വോളികള്‍ തൊടുക്കുന്നതാണ് ഈ ഷോട്ട്. പലപ്പോഴും എതിരാളികള്‍ ഈ ഷോട്ടിനു മുന്നില്‍ അമ്പരന്നു നില്‍ക്കുകയേയുള്ളൂ. ആവനാഴിയിലുള്ള ഇത്തരം ഷോട്ടുകളുടെ പ്രത്യേകതകള്‍ കൊണ്ടാണ് ' ദ പ്രൊഫസര്‍', മാന്ത്രിക, നിന്‍ജ ( ഒളിപ്പോരാളി ) തുടങ്ങിയ വിശേഷണങ്ങള്‍ ടെന്നീസ് ലോകം അഗയ്ക്ക് ചാര്‍ത്തിക്കൊടുത്തത്. 

തനിക്കു കിട്ടിയ ഏറ്റവും വലിയ ബഹുമതിയായാണ് അഗ ഈ വിശേഷണങ്ങളെ കാണുന്നത്. ആളുകളെ അമ്പരപ്പിക്കുന്ന ഷോട്ടുകള്‍ പായിക്കാനാണ് തനിക്കിഷ്ടമെന്ന് അഗയും പറയുന്നു. അക്കാര്യത്തില്‍ പോളിഷ് താരം വിജയിച്ചെന്നതിന്റെ തെളിവാണ് തുടര്‍ച്ചയായ അഞ്ചു വര്‍ഷം(2013-2017) ഡബ്ല്യു.ടി.എയുടെ ഫാന്‍ ഫേവറിറ്റ് ഷോട്ട് ഓഫ് ദ ഇയര്‍ പുരസ്‌കാരം അവര്‍ സ്വന്തമാക്കിയത്. തുടര്‍ച്ചയായ ആറു വര്‍ഷം (2011-2016)ഡബ്ല്യു. ടി. എയുടെ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട സിംഗിള്‍സ് താരമെന്ന ബഹുമതിയും അവര്‍ സ്വന്തമാക്കി. ഈ ബഹുമതി ഏറ്റവുമധികം തവണ നേടുന്ന താരം റഡ്വാന്‍സ്‌കയാണ്.

Agnieszka Radwanska Wimbledon finalist retires from tennis aged 29

കളിക്കളത്തിനു പുറത്ത് ചാരിറ്റി പ്രവര്‍ത്തനങ്ങളിലും  അവര്‍ മുന്നില്‍ തന്നെയാണ്. കരിയറിന്റെ തുടക്കം മുതല്‍ തന്നെ അനുജത്തിയും ടെന്നീസ് താരവുമായ ഉര്‍സുലയ്ക്കൊപ്പം അവര്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ തന്റേതായ പങ്കു വഹിക്കുന്നുണ്ട്.

പതിമൂന്നു വര്‍ഷം നീണ്ട പ്രൊഫഷണല്‍ കരിയറില്‍ മുന്‍നിര താരങ്ങളെയെല്ലാം തോല്‍പിക്കാന്‍ റഡ്വാന്‍സ്‌കയ്ക്കായി. സെറീന വില്യംസിനെപ്പോലെ പവര്‍ ടെന്നീസിന്റെ ആശാട്ടിമാര്‍ അരങ്ങുവാഴുന്ന വനിതാ ടെന്നീസില്‍ പ്രതിരോധ ഗെയിമിലൂടെ സ്വന്തമായി ഒരിടം കണ്ടെത്താനായി എന്നതാണ് റഡ്വാന്‍സ്‌കയുടെ മഹത്വം. അവര്‍ അത് ആസ്വദിക്കുകയും ചെയ്തു. പരിക്കും പ്രായവും തളര്‍ത്തിയതോടെയാണ് 29-ാം വയസ്സില്‍ വിരമിക്കല്‍ എന്ന അനിവാര്യതയിലേക്ക് താരം കാലെടുത്തു വച്ചത്. ഒരു  കാര്യം ഉറപ്പ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളൊന്നുമില്ലെങ്കിലും അഗ ടെന്നീസ് പ്രേമികളുടെ മനസ്സിലുണ്ടാവും.

Content Highlights: Agnieszka Radwanska Wimbledon finalist retires from tennis aged 29