മുപ്പത്തിയാറാം വയസ്സില്‍ തന്റെ ഇരുപതാം ഗ്രാന്റ് സ്ലാം കിരീടം നേടുകയും, ദിവസങ്ങള്‍ക്കള്‍ക്കം ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയും (ആറ് വര്‍ഷത്തിനു ശേഷം) ചെയ്ത റോജര്‍ ഫെഡററുടെ ഐതിഹാസിക നേട്ടത്തിന്റെ തിരയിളക്കം അവസാനിച്ചിട്ടില്ല. ഫെഡററെ സ്‌നേഹിക്കാതിരിക്കാന്‍ ആര്‍ക്കും കഴിയില്ല. ആധുനിക ടെന്നീസിലെയല്ല, ടെന്നീസ് ചരിത്രത്തിലെ തന്നെ മഹാരഥന്മാര്‍ക്കൊപ്പമാണ് ഫെഡററുടെ സ്ഥാനം.

എക്കാലത്തേയും മികച്ച ടെന്നീസ് താരമാണോ ഫെഡറര്‍ എന്നുവരെയുള്ള ചര്‍ച്ചകള്‍ സജീവമാണ്. പ്രായത്തെ മറികടന്ന് ഗ്രാന്റ് സ്ലാമുകള്‍ വെട്ടിപ്പിടിക്കുന്ന അത്ഭുതതാരം എന്നതിനപ്പുറം, ടെന്നീസില്‍  പ്രതിഭയുടെ ഏറ്റവും മഹനീയമായ ആവിഷ്‌കാരമായ സെര്‍വ് ആന്റ് വോളി ഗെയിമിന്റെ ഏറ്റവും മനോഹരമായ പ്രയോക്താവ് എന്ന നിലയിലാണ് റോജര്‍ ഫെഡററെ പലരും ഇഷ്ടപ്പെടുന്നത്. പവര്‍ ടെന്നീസിനെ മറികടക്കുന്ന നൈപുണ്യത്തിന്റെ ആഘോഷമാണ് ഈ സ്വിസ്സ് താരം. 

ഫെഡററുടെ ഈ നേട്ടങ്ങള്‍ ടെന്നീസ് ലോകത്തെ ആനന്ദത്തിലാഴ്ത്തുമ്പോഴും ഒരു ചോദ്യം ഉയരുന്നു. റോജര്‍ ഫെഡററും റാഫേല്‍ നദാലും നൊവാക് ദ്യോകോവിച്ചും ആന്‍ഡി മറെയും ഉള്‍പ്പെട്ട, മുപ്പതു വയസ്സ് പിന്നിട്ട തലമുറയെ വെല്ലുവിളിക്കാന്‍ ആണായിപ്പിറന്ന ചെറുബാല്യക്കാരില്ലേ ? തങ്ങളുടെ മുന്‍ഗാമികളായ പീറ്റ് സാംപ്രസിനേയും ആന്ദ്രെ ആഗാസിയേയുമൊക്കെ സ്ഥാനഭ്രഷ്ടരാക്കിയാണ് ഫെറഡററും നദാലുമൊക്കെ തങ്ങളടെ മേല്‍വിലാസം ടെന്നീസ് ചരിത്രത്തില്‍ എഴുത്തിച്ചേര്‍ത്തത്.

മാരിന്‍ സിലിച്ചിനും ഗിഗോര്‍ ഡിമിട്രോവിനും മിലോസ് റാവോണിക്കിനും ഡൊമിനിക്ക് തീമിനുമൊന്നും ഈ ''വയസ്സന്‍ പട''യ്‌ക്കെതിരെ പൊരുതി പുതിയ ചരിത്രം എഴുതാനുള്ള ത്രാണിയില്ലേ?  ടെന്നീസില്‍ നിന്ന് കലയുടെ അംശത്തെ ചോര്‍ത്തക്കളയുന്ന റാക്കറ്റ് സാങ്കേതികവിദ്യയുടെ കൂട്ടുപിടിച്ചിട്ടും പുതുതലമുറയ്ക്ക് മുന്‍ഗാമികളെ അപ്രസക്തരാക്കാൻ കഴിയുന്നില്ല എന്നത് ടെന്നീസിന്റെ നിലവാരത്തകര്‍ച്ചയുടെ കൂടി പ്രതിഫലനമല്ലേ?  അങ്ങനെ പറയേണ്ടിവരും. റോജര്‍ ഫെഡറര്‍ ഉള്‍പ്പെട്ട തലമുറ ഇന്നും പ്രസക്തരായി നില്‍ക്കുന്നത് സമകാലിക ടെന്നീസിന്റെ നിലവാരമില്ലായ്മ കാരണം കൊണ്ടുകൂടിയാണ്.

ഇതു പറയുമ്പോള്‍, സമകാലികവും ആധുനികവുമായ എല്ലാറ്റിനേയും തള്ളിക്കളയുന്ന വയസ്സന്മാരുടെ ജല്പനമായി കാണരുത്. കണക്കുകള്‍ പരിശോധിക്കുക. കഴിഞ്ഞ അര നൂറ്റാണ്ടുകാലത്തെ ടെന്നീസ് ചരിത്രം പരിശോധിച്ചാല്‍, മുന്‍ തലമുറയെ ചോദ്യം ചെയ്യുന്നതില്‍, അല്ലെങ്കില്‍ വെല്ലുവളിക്കുന്നതില്‍, ഇന്നത്തപ്പോലെ ഇത്രയും ദുര്‍ബലമായ യുവനിര ഉണ്ടായിട്ടില്ല. ടെന്നീസ് എഴുത്തുകാരനായ അഭിഷേക് ഛജ്ജ്ലാനിയുടെ പഠനം അനുസരിച്ച്, ജനനതിയതി പ്രകാരം അഞ്ചു വര്‍ഷം വീതമുള്ള തലമുറകളായി വിഭജിച്ചാല്‍, യുദ്ധാനന്തര ടെന്നീസിലെ ഏറ്റവും ദുര്‍ബലമായ തലമുറ 1990-നും 1994-നും ഇടയില്‍ ജനിച്ച തലമുറയാണ്.

അതായത് ഇന്ന് 25-നും 29-നും ഇടയില്‍ പ്രായമുള്ളവര്‍. ശാരീരികമായി ടെന്നീസില്‍ ഏറ്റവും പുഷ്‌കലമായ കാലമാണ് 25-നും 30-നും ഇടയിലുള്ള പ്രായം. മാരിന്‍ സിലിച്ചും ഗിഗോര്‍ ഡിമിട്രോവും മിലോസ് റാവോണിക്കും ഡൊമിനിക്ക് തീമും അടങ്ങിയ ഈ തലമുറ ഇതുവരെ ടെന്നീസില്‍ ഒരു ഗ്രാന്റ്സ്ലാം പോലും നേടിയിട്ടില്ല   അതേസമയം ഇതിന് തൊട്ടുമുന്‍പത്തെ തലമുറ-നദാലും മറെയും ദ്യോകോവിച്ചും വാവ്റിങ്കയുമൊക്കെ അടങ്ങിയ തലമുറ നേരിടയത് 35 ഗ്രാന്റ് സ്ലാം കിരീടങ്ങളാണ്.

അതിനും തൊട്ടുമുന്‍പത്തെ തലമുറ (1980-നും 84-നും ഇടയില്‍ ജനിച്ച തലമുറ, ഫെഡറര്‍ ഉള്‍പ്പെട്ട തലമുറ) നേടിയത് 25 ഗ്രാന്റ് സ്ലാം കിരീടങ്ങളാണ്. എ.ടി.പി ടൂര്‍ണമെന്റുകളുടെ കണക്കെടുത്താല്‍ ഇന്ന് ഇരുപതിനും മുപ്പതിനും ഇടയിലുള്ള താരങ്ങളുടെ പ്രകടനം ഇതിനേക്കാള്‍ പരിതാപകരമാണ്. 

എന്താണ് ഈ നിലവാരത്തകര്‍ച്ചയ്ക്ക് കാരണം? ഫുട്‌ബോള്‍ പോലെ ചില കളികള്‍ ഒഴികെ, ടെന്നീസ് ഉള്‍പ്പെടെ മിക്ക കായിക ഇനങ്ങളില്‍ നിന്നും നൈപുണ്യത്തിന്റെ (skill)  അംശം ചോര്‍ന്നു പോകുന്നതായി തോന്നുന്നു. പവര്‍ ടെന്നീസിന്റെ ആവിര്‍ഭാവവും, ആധുനിക റാക്കറ്റിന്റെയും പന്തിന്റെയും പ്രതലത്തിന്റെയും അമിത പിന്തുണയും ചേര്‍ന്ന് കളിയില്‍ നിന്ന് നൈപുണ്യത്തിന്റെ വികാസത്തെ അകറ്റി നിര്‍ത്തുന്നുവെന്ന് തോന്നുന്നു. കഴിഞ്ഞ വര്‍ഷം വിംബിള്‍ഡണ്‍ നേടിയ ശേഷം ഫെഡറര്‍ പറഞ്ഞത് ഓര്‍ക്കുക ' എന്റെയും നദാലിന്റെയും തലമുറയ്ക്കുശേഷം വന്നവര്‍ ഞങ്ങളെ വെല്ലുവിളിക്കാനുള്ള കരുത്ത് നേടിയിട്ടില്ല.

roger federer
Photo: Twitter

ബേസ് ലൈനില്‍ ഒതുങ്ങി നിന്ന് കളിക്കാനാണ് അവര്‍ക്കിഷ്ടം. ഞാന്‍ ഇവിടെ നേരിട്ട ഒരു യുവതാരവും സെര്‍വ് ആന്റ് വേളി കളിക്കാന്‍ തയ്യാറായില്ല. ഇത് വളരെ ഭീതിപ്പെടുത്തന്ന അവസ്ഥയാണ്'. ഫെഡററുടെ വാക്കുകള്‍ എല്ലാം സംഗ്രഹിക്കുന്നുവെന്ന് തോന്നുന്നു. 2001-ല്‍ പീറ്റ് സാംപ്രസിന്റെ വാഴ്ചയ്ക്ക് വിരാമമിട്ടുകൊണ്ട് രംഗത്തുവന്ന ഫെഡററാണ് ഇതു പറയുന്നതെന്ന് ഓര്‍ക്കുക. കൗമാരം പിന്നിടുംമുന്‍പ് മുന്‍ഗാമികളെ മലര്‍ത്തിയടിച്ച ബ്യോണ്‍ ബോര്‍ഗിന്റെയും ജോണ്‍ മക്കെൻ​റോറോയുടെയും മാറ്റ്സ് വിലാണ്ടറിന്റെയും സ്റ്റെഫാൻ എഡ്ബെര്‍ഗിന്റെയും ബോറിസ് ബെക്കറഉടെയുമൊക്കെ വീരചരിതങ്ങള്‍ മറക്കാറായിട്ടില്ല. 

പുരുഷ ടെന്നീസല്‍ മാത്രം ഒതുങ്ങുതല്ല ഈ 'പ്രതിഭാസം'. 1999-ല്‍ തന്റെ ആദ്യ ഗ്രാന്റ് സ്ലാം കിരീടം നേടുമ്പോള്‍ സെറീന വില്യംസിനു പ്രായം 17 വയസ്സ്. ഇന്ന് 36 വയസ്സ് പിന്നിട്ട സെറീനയെ പ്രവസാനന്തരവും വെല്ലാന്‍ എത്ര യുവതികള്‍ക്ക് കഴിയും. 23 സിംഗിള്‍സും 14  ഡബിള്‍സും ഗ്രാന്റ് സ്ലാം കിരീടങ്ങള്‍ നേടി സെറീന, വനിതാ ടെന്നീസിന്റെ മേല്‍വിലാസമാകുമ്പോള്‍ റാക്കറ്റേന്തിയ യുവതികള്‍ എന്തു ചെയ്യുകയായിരുന്നു? എണ്‍പതുകളില്‍ വനിതാ ടെന്നീസിനെ ഐതിഹാസിക മത്സരങ്ങളുടെ വേദിയാക്കിയ മാര്‍ട്ടിന-സ്റ്റെഫി പോരാട്ടങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകാത്തത് എന്തുകൊണ്ട് ?  

2004-ല്‍ മൂന്നു ഗ്രാന്റ് സ്ലാം കിരീടങ്ങള്‍ നേടി, ആദ്യമായി റോജര്‍ ഫെഡറര്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുമ്പോള്‍ പ്രായം 23 വയസ്. ആ വര്‍ഷം തന്റെ പതിനെട്ടാം പിറന്നാള്‍ ആഘോഷിക്കുന്നതിനിടെ ഫെഡററുടെ ആരാധകനായ ജീസസ് അപാരിസിയോ കാറപകടത്തില്‍ ബോധരഹിതനായി. നീണ്ട പതിനൊന്ന് വര്‍ഷങ്ങള്‍ ആ കിടപ്പ് കിടന്നു. 2015-ല്‍ അപാരിസിയോ ബോധം വീണ്ടെടുക്കുമ്പോഴേക്കും ലോകം ഏറെ മാറി. എന്നാല്‍ തന്റെ ആരാധനാപാത്രമായ റോജര്‍ ഫെഡറര്‍ ലോക ടെന്നീസില്‍ നിറഞ്ഞുനില്‍ക്കുന്നത് കണ്ട് ജീസസ് അപാരിസിയോ തിരിച്ചുപോയി. ഒരു പതിറ്റാണ്ടിനെ അതിജീവിച്ച് 17 ഗ്രാന്റ് സ്ലാമുകളുമായി ലോകറാങ്കിങ്ങില്‍ അന്ന് രണ്ടാം സ്ഥാനത്തായിരുന്നു ഫെഡറര്‍.  

മൂന്നു വര്‍ഷം കൂടി പിന്നിടുമ്പോള്‍ 20 ഗ്രാന്റ് സ്ലാം കിരീടങ്ങളുമായി വീണ്ടും ഒന്നാം സ്ഥാനത്തെത്തുന്നു റോജര്‍ ഫെഡറര്‍. ഫെഡറര്‍ പോരാട്ടം തുടരുന്നു... പ്രായത്തോട്.... കാലത്തോട്...

Content Highlights: Age Is Just A Number For Tennis Star Roger Federer