വഴങ്ങിയില്ല ആ വാശിക്ക്; പരിശീലനം വെറുത്ത പയ്യനില്‍ നിന്ന് ടെന്നീസ് ഇതിഹാസമായ സ്വിസ് മാസ്‌ട്രോ


അഭിനാഥ് തിരുവലത്ത്‌

ഫെഡററെന്ന പേര് ടെന്നീസ് ലോകം മുഴുന്‍ ശ്രദ്ധിച്ച മത്സരം അരങ്ങേറിയത് രണ്ടു വര്‍ഷം കഴിഞ്ഞാണ്. 2001 വിംബിള്‍ഡണില്‍. അന്ന് ആ പുല്‍മൈതാനത്ത് 19-കാരന്‍ പയ്യന്‍ അഞ്ചു സെറ്റുകള്‍ നീണ്ട കടുത്ത പോരാട്ടത്തിനൊടുവില്‍ തകര്‍ത്തുവിട്ടത് പീറ്റ് സാംപ്രസ് എന്ന ടെന്നീസ് ലോകത്തെ അതികായനെയായിരുന്നു

Photo: AFP

കാലം 1990-കളുടെ മധ്യം. സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൊസെയ്‌നിലുള്ള ടെന്നീസ് അക്കാദമിയില്‍ പരിശീലനത്തിനായി പോകാനൊരുങ്ങിയാല്‍ കരഞ്ഞ് ബഹളം വെയ്ക്കുന്ന ഒരു കൗമാരക്കാരനുണ്ടായിരുന്നു ബേസലില്‍. ഫ്രഞ്ച് മാത്രം സംസാരിക്കുന്ന ആ ടെന്നീസ് അക്കാദമിയേക്കാള്‍ സ്വന്തം സ്ഥലമായ ബേസലിലെ ജര്‍മന്‍ സംസാരിക്കുന്ന തെരുവും സുഹൃത്തുക്കളുമായിരുന്നു അന്ന് കൗമാരത്തിലേക്ക് കാലെടുത്ത് വെച്ചിരുന്ന ആ പയ്യന്റെ ഇഷ്ട ലോകം. എന്നാല്‍ ആ കുഞ്ഞ് പ്രായത്തില്‍ തന്നെ അവന്റെ ടെന്നീസിലുള്ള കഴിവ് തിരിച്ചറിഞ്ഞിരുന്ന അവന്റെ മാതാപിതാക്കളും പരിശീലകരും ടെന്നീസിന്റെ ലോകത്തേക്ക് അവനെ നിര്‍ബന്ധപൂര്‍വം പിടിച്ചുവലിക്കുകയായിരുന്നു. അന്ന് മതാപിതാക്കളും പരിശീലകരും ആ കുഞ്ഞ് പയ്യന്റെ വാശിക്ക് മുന്നില്‍ മുട്ടുമടക്കിയിരുന്നുവെങ്കില്‍ ഇന്ന് ടെന്നീസ് ലോകത്തിന്റെ ഇതിഹാസ താരമെന്ന സിംഹാസനത്തില്‍ പ്രതിഷ്ഠിക്കാന്‍ റോജര്‍ ഫെഡററെന്ന സ്വിസ് മാസ്‌ട്രോയെ നമുക്ക് ലഭിക്കില്ലായിരുന്നു.

ഫെഡററുടെ അച്ഛന്‍ റെബര്‍ട്ട് ഫെഡറര്‍ സ്വിസ് - ജര്‍മന്‍ വംശജനായിരുന്നു. അമ്മ ലിനെറ്റ് ഫെഡറര്‍ ദക്ഷിണാഫ്രിക്കന്‍ വംശജയും. ഡയാന എന്ന ഒരു മൂത്ത സഹോദരി കൂടിയുണ്ട് ഫെഡറര്‍ക്ക്. സ്വിറ്റ്‌സര്‍ലന്‍ഡ് പൗരത്വവും ദക്ഷിണാഫ്രിക്കന്‍ പൗരത്വവുമുള്ള അമ്മ ലിനെറ്റ്, ഫ്രഞ്ചും ജര്‍മനും സംസാരിച്ചിരുന്ന റെയ്ഹന്‍ എന്ന സ്ഥലത്തിനടുത്തായിരുന്നു താമസം. അതിനാല്‍ തന്നെ വിവിധ സംസ്‌കാരങ്ങളുടെയും ഭാഷകളുടെയും ഒരു മിശ്രണം തന്നെ ചെറുപ്പത്തില്‍ ഫെഡററെ ചുറ്റിപ്പറ്റിയുണ്ടായിരുന്നു. ജര്‍മന്‍ ഭാഷയോടായിരുന്നു കുഞ്ഞ് ഫെഡറര്‍ക്ക് താത്പര്യം ഏറെയും. ഫ്രഞ്ച് അത്ര പഥ്യം പോര. അതായിരുന്നു സ്വിസ് ടെന്നീസ് അക്കാദമിയെ അവനില്‍ നിന്നകറ്റിയ പ്രധാന കാരണം.

1992-93 കാലത്ത് സ്വിസ് ഇന്‍ഡോര്‍ ടൂര്‍ണമെന്റുകളില്‍ ബോള്‍ ബോയിയായിരുന്നു ഫെഡറര്‍. എല്ലാ പുരുഷ സ്വിസ് പൗരന്മാരെയും പോലെ, ഫെഡററും സ്വിസ് സായുധ സേനയില്‍ നിര്‍ബന്ധിത സൈനിക സേവനത്തിന് വിധേയനായിരുന്നു. എന്നാല്‍ 2003-ല്‍ സൈന്യത്തിന് യോജിച്ചയാളല്ലെന്ന് കണ്ട് ഫെഡററെ പിന്നീട് സിവില്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലേക്ക് മാറ്റി. നന്നേ ചെറുപ്പത്തില്‍ തന്നെ ബാഡ്മിന്റണിലും ബാസ്‌ക്കറ്റ് ബോളിലും ഒരു കൈ നോക്കിയിരുന്ന താരം സ്വിസ് ഫുട്‌ബോള്‍ ക്ലബ്ബ് എഫ്‌സി ബേസലിന്റെ കടുത്ത ആരാധകന്‍ കൂടിയായിരുന്നു. പില്‍ക്കാലത്ത് ടെന്നീസ് ലോകത്തെ അദ്ഭുതപ്പെടുത്തിയ തന്റെ ഹാന്‍ഡ് - ഐ കോര്‍ഡിനേഷന് ഫെഡറര്‍ കടപ്പെട്ടിരിക്കുന്നത് കരിയറിലെ ആദ്യ കാലത്തെ ഈ വിവിധ ഗെയിമുകളോടാണ്.

നേടിയ 20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുമായി ഫെഡറര്‍

പില്‍ക്കാലത്ത് 1996 മുതല്‍ ഫെഡറര്‍ ജൂനിയര്‍ തലത്തില്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങി. 14 വയസുള്ളപ്പോഴായിരുന്നു ആദ്യ ജൂനിയര്‍തല മത്സരം. 1998-ലെ ജൂനിയര്‍ വിംബിള്‍ഡണില്‍ കിരീടം നേടിയ കുഞ്ഞ് ഫെഡറര്‍, അതേ വര്‍ഷം തന്നെ ജൂനിയര്‍ യുഎസ് ഓപ്പണ്‍ ഫൈനലിലും കടന്നു. 1998-ല്‍ തന്റെ ജൂനിയര്‍ കരിയര്‍ അവസാനിക്കുമ്പോഴേക്കും അവന്റെ പേര് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നു.

1998-ല്‍ തന്നെ സ്വിസ് ഓപ്പണിലൂടെ ഫെഡറര്‍ എടിപി അരങ്ങേറ്റവും കുറിച്ചു. എന്നാല്‍ ആദ്യ റൗണ്ടില്‍ തന്നെ ലൂക്കാസ് അര്‍നോള്‍ഡിനോട് പരാജയപ്പെടാനായിരുന്നു വിധി. തുടര്‍ന്ന് വിവിധ എടിപി ടൂര്‍ണമെന്റുകളില്‍ മത്സരിച്ച ഫെഡറര്‍ 1999 സെപ്റ്റംബര്‍ 20 ആയപ്പോഴേക്കും റാങ്കിങ്ങില്‍ ആദ്യ 100-നുള്ളിലെത്തി.

എന്നാല്‍ ഫെഡററെന്ന പേര് ടെന്നീസ് ലോകം മുഴുന്‍ ശ്രദ്ധിച്ച മത്സരം അരങ്ങേറിയത് രണ്ടു വര്‍ഷം കഴിഞ്ഞാണ്. 2001 വിംബിള്‍ഡണില്‍. അന്ന് ആ പുല്‍മൈതാനത്ത് 19-കാരന്‍ പയ്യന്‍ അഞ്ചു സെറ്റുകള്‍ നീണ്ട കടുത്ത പോരാട്ടത്തിനൊടുവില്‍ തകര്‍ത്തുവിട്ടത് പീറ്റ് സാംപ്രസ് എന്ന ടെന്നീസ് ലോകത്തെ അതികായനെയായിരുന്നു. പില്‍ക്കാലത്ത് ലോകം പുല്‍കോര്‍ട്ടിലെ രാജകുമാരനെന്ന് വാഴ്ത്തിയ ഫെഡററുടെ കിരീടധാരണം കൂടിയായിരുന്നു ആ മത്സരം. ബാക്ക് ഹാന്‍ഡിലെ തന്റെ ദൗര്‍ബല്യങ്ങളെ കരുത്തേറിയ സെര്‍വുകളും ഫോര്‍ഹാന്‍ഡിലെ കരുത്തുറ്റ ഷോട്ടുകളും ഫൂട്ട് വര്‍ക്കിലെ അനായാസതയും കൊണ്ട് ആ യുവാവ് മറികടക്കുന്ന കാഴ്ച അദ്ഭുത്തോടെയാണ് ടെന്നീസ് ലോകം അന്ന് നോക്കി നിന്നത്. എങ്കിലും പ്രീ ക്വാര്‍ട്ടറില്‍ അന്ന് സാംപ്രസിനെ പരാജയപ്പെടുത്തി മുന്നേറിയ ആ 19-കാരന് പക്ഷേ ടിം ഹെന്‍മാനോട് ക്വാര്‍ട്ടറില്‍ കാലിടറി. നാലാം സെറ്റിലെ ടൈബ്രേക്കറിലൊടുവില്‍ തലതാഴ്ത്തി മടങ്ങുമ്പോഴേക്കും ടെന്നീസ് ലോകത്തിന്റെ മനസ്സില്‍ അത് തങ്ങളെ ഇനി അടക്കിവാഴാനൊരുങ്ങുന്ന ഒരു യുവ രാജകുമാരന്റെ ഉദയമായിരുന്നു എന്ന്. 2001 അവസാനിക്കുമ്പോഴേക്കും റാങ്കിങ്ങില്‍ 13-ാം സ്ഥാനത്തേക്ക് കുതിച്ചെത്തിയ പയ്യന്‍ 2002-ല്‍ ആദ്യ പത്തിനുള്ളിലെത്തുകയും ചെയ്തു.

പക്ഷേ പിന്നെയും കാത്തിരിക്കേണ്ടി വന്നു പുല്‍കോര്‍ട്ടിലെ ആ പുതിയ താരോദയത്തിന് ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കാന്‍. 2003-ല്‍ വിംബിള്‍ഡണിന്റെ പുല്‍മൈതാനത്ത് തന്നെയായിരുന്നു ആദ്യ കിരീടധാരണം. സെമിയില്‍ ആന്‍ഡി റോഡിക്കിനെ തകര്‍ത്ത് മുന്നേറിയ ഫെഡറര്‍ ഫൈനലില്‍ മാര്‍ക്ക് ഫിലിപ്പോസിസിനെ മറികടന്ന് ആദ്യമായി വിംബിള്‍ഡണ്‍ കിരീടമുയര്‍ത്തി. തൊട്ടുപിന്നാലെ ആന്ദ്രേ ആഗസിയെ മറികടന്ന് ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുമെത്തി.

ഫെഡറര്‍ തന്റെ എട്ട് വിംബിള്‍ഡണ്‍ കിരീടങ്ങളുമായി

തൊട്ടടുത്ത വര്‍ഷം (2004) ഓസ്‌ട്രേലിയന്‍ ഓപ്പണും വിംബിള്‍ഡണും യുഎസ് ഓപ്പണുമടക്കം മൂന്ന് ഗ്രാന്‍ഡ്സ്ലാമുകളാണ് ഫെഡറര്‍ സ്വന്തം ഷെല്‍ഫിലെത്തച്ചത്. മാറ്റ്‌സ് വൈലാന്‍ഡ്ക്ക് (1988) ശേഷം ഒരു സീസണില്‍ മൂന്ന് ഗ്രാന്‍സ്ലാം നേടുന്ന ആദ്യതാരമെന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി. പിന്നീട് 2006, 2007, 2010, 2017, 2018 വര്‍ഷങ്ങളിലും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങള്‍ സ്വന്തമാക്കി. 2003-നും 2004-നും പിന്നാലെ 2005, 2006, 2007, 2009, 2012, 2017 വര്‍ഷങ്ങളില്‍ വിംബിള്‍ഡണ്‍ കിരീടങ്ങളില്‍ മുത്തമിട്ടു. 2004-ന് പിന്നാലെ 2005, 2006, 2007, 2008 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി യുഎസ് ഓപ്പണ്‍ നേടി റെക്കോഡിട്ടു. പുല്‍കോര്‍ട്ടിലും ഹാര്‍ഡ് കോര്‍ട്ടിലും തുടര്‍ന്ന ഈ ആധിപത്യം പക്ഷേ കളിമണ്‍ കോര്‍ട്ടില് ആവര്‍ത്തിക്കാന്‍ പക്ഷേ ഫെഡറര്‍ക്കായിരുന്നില്ല. കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന്‍ സ്‌പെയിന്റെ റാഫേല്‍ നദാലിന്റെ താരോദയവും ഫെഡറര്‍ക്ക് അവിടെ വിലങ്ങുതടിയായിരുന്നു. 2009-ലാണ് തന്റെ കരിയറിലെ ഏക ഫ്രഞ്ച് ഓപ്പണ്‍ കിരീടം ഫെഡറര്‍ സ്വന്തമാക്കുന്നത്. 13 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെന്ന നേട്ടവുമായി 2009 സീസണിനിറങ്ങിയ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണും വിംബിള്‍ഡണും സ്വന്തമാക്കി പീറ്റ് സാംപ്രസിന്റെ 14 ഗ്രാന്‍സ്ലാമെന്ന റെക്കോഡും മറികടന്നാണ് സീസണ്‍ അവസാനിപ്പിച്ചത്.

പരിക്കുകള്‍ അപ്പോഴേക്കും ഫെഡറരെ പിടിമുറുക്കി തുടങ്ങിയിരുന്നു. 2009-ന് ശേഷം കാല്‍പാദത്തിനേറ്റ പരിക്കും പുറംവേദനയും കാല്‍മുട്ടുകളിലെ പരിക്കുമെല്ലാം പിന്നീടുള്ള ഓരോ സീസണിലും അദ്ദേഹത്തെ പിന്നോട്ടടിച്ചു. നദാലിന്റെയും ജോക്കോവിച്ചിന്റെയും ഉദയവും ടെന്നീസ് ലോകത്ത് അദ്ദേഹത്തിന് വെല്ലുവിളി ഉയര്‍ത്തിത്തുടങ്ങിയിരുന്നു. ഒടുവില്‍ ഇപ്പോഴിതാ പരിക്കുകള്‍ ഉയര്‍ത്തിയ എയ്‌സുകള്‍ക്ക് മുന്നില്‍ തോറ്റ് 24 വര്‍ഷത്തോളം നീണ്ട തന്റെ കരിയര്‍ അവസാനിപ്പിക്കുകയാണ് ആരാധകരുടെ 'സ്വിസ് മാസ്‌ട്രോ.' കരിയറില്‍ ആകെ കളിച്ചത് 1526 മത്സരങ്ങള്‍. അതില്‍ 1251-ലും ജയം. 20 ഗ്രാന്‍ഡ്സ്ലാമുകളടക്കം 103 കിരീടങ്ങള്‍ കരിയറിലുടനീളം സ്വന്തമാക്കി. 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ സിംഗിള്‍സില്‍ വെള്ളി മെഡലും 2008-ല്‍ ഡബിള്‍സില്‍ സ്വര്‍ണവും നേടി. ഒരു തവണ ഡേവിസ് കപ്പിലും മൂന്ന് തവണ ഹോപ്മാന്‍ കപ്പിലും മുത്തമിട്ടു. ആകെ 310 ആഴ്ചകളോളം ലോക ഒന്നാം നമ്പര്‍ താരമായി തുടര്‍ന്ന ഫെഡറര്‍ അതില്‍ 237 ആഴ്ചകളോളം തുടര്‍ച്ചയായി ഒന്നാം സ്ഥാനം അലങ്കരിച്ച് റെക്കോഡിട്ടിരുന്നു. 369 വിജയങ്ങളുമായി ഓപ്പണ്‍ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്ലാം വിജയങ്ങളെന്ന റെക്കോഡും ഫെഡററുടെ പേരില്‍ തന്നെ.

മത്സരങ്ങള്‍ക്കിടെ തലയില്‍ കെട്ടാറുള്ള വെളുത്ത നിറമുള്ള ബാന്‍ഡ് പില്‍ക്കാലത്ത് ലോകത്തിന്റെ വിവിധ കോണുകളില്‍ ഒരു ഫാഷന്‍ ഐക്കണായും മാറിയിരുന്നു.

Content Highlights: After 1500 matches 20 Grand Slam titles Roger Federer announces retirement


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented