വെള്ളമുണ്ട: ''പെണ്‍കുട്ട്യോളായാല്‍ അടുക്കളയില്‍ അമ്മയെ സഹായിക്കണം''. ചെറുപ്പത്തില്‍ ആണ്‍കുട്ടികളെപ്പോലെ ഏതുസമയവും ക്രിക്കറ്റ് കളിച്ചുനടക്കുമ്പോള്‍ ആദിത്യയോട് അമ്മ ബിന്ദു ഇങ്ങനെ പറയുമായിരുന്നു. ഇതിനെയെല്ലാം ചിരിച്ചുതള്ളി ക്രിക്കറ്റ് ബാറ്റുമായായിരുന്നു ആദിത്യയുടെ സഞ്ചാരം. ആ കളിയൊന്നും വെറുതേയായില്ല.

മുറ്റത്തുംവയലിലുമെല്ലാം ഷോട്ടുകള്‍ പറത്തി ആണ്‍കുട്ടികളെപ്പോലും വിസ്മയിച്ച വെള്ളമുണ്ട പാലമൊട്ടമ്മല്‍ സി.ആര്‍. ആദിത്യ ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ അംഗമാണ്. ദേശീയ ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടീമിലാണ് ആദിത്യ ഇടംനേടിയത്. വെള്ളമുണ്ട ഗവ. മോഡല്‍ ഹൈസ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. 2019-ല്‍ ആന്ധ്രയില്‍ നടന്ന സെലക്ഷന്‍ ക്യാമ്പില്‍ നിന്നാണ് ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

വെള്ളമുണ്ട ഹൈസ്‌കൂളില്‍ എട്ടാംതരത്തില്‍ പ്രവേശനം നേടിയതു മുതലാണ് കായികരംഗത്ത് ഊന്നല്‍ നല്‍കുന്നത്. ആദ്യം ഫുട്ബോളിലായിരുന്നു താത്പര്യം. അതിനുശേഷം തന്റെ ഇഷ്ടമേഖലയായ ക്രിക്കറ്റിലേക്കായി ചുവടുമാറ്റം. 

സ്‌കൂളിലെ കായികാധ്യാപകനായ ലൂയിസ് പള്ളിക്കുന്ന് ആദിത്യയ്ക്ക് ടെന്നീസ്‌ബോള്‍ ക്രിക്കറ്റില്‍ കൂടുതല്‍ പരിശീലനം നല്‍കി. ഇവിടെ നിന്നുള്ള ശ്രമഫലമായാണ് ആന്ധ്രയിലെ സെലക്ഷന്‍ ക്യാമ്പ് വരെയെത്തിയത്. അതിനുശേഷം ക്രിക്കറ്റില്‍ കൂടുതല്‍ പരിശീലനത്തിനായി കൃഷ്ണഗിരി സ്റ്റേഡിയത്തിലൊക്കെ പോയി. 

വീട്ടില്‍നിന്നേറെ ദൂരെയായതിനാല്‍ ഇവിടെപ്പോയി വരാനൊക്കെ ബുദ്ധിമുട്ടായതോടെ ശ്രമം ഉപേക്ഷിച്ചു. പിന്നീട് മാനന്തവാടിയില്‍ പരിശീലിക്കാന്‍ തീരുമാനിച്ചെങ്കിലും കോവിഡ് വന്നതോടെ വീട്ടിലായി. ഇപ്പോള്‍ വീട്ടുമുറ്റത്തുതന്നെയാണ് പരിശീലനം. അടുത്തമാസം നേപ്പാളില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിന്റെ ജേഴ്സിയണിയും. അതിന്റെ സന്തോഷത്തിലാണ് ആദിത്യയും കുടുംബവും.

വെള്ളമുണ്ട പുളിഞ്ഞാലിലെ പാലമൊട്ടം കുറിച്യത്തറവാട്ടിലെ രമേശന്റെ മകളാണ് ആദിത്യ. കൂലിപ്പണിയില്‍നിന്നും സ്വന്തമായുള്ള കൃഷിയിടത്തില്‍നിന്നുമുള്ള ചെറിയ വരുമാനം മാത്രമാണ് ഈ ആദിവാസി കുടുംബത്തിനുള്ളത്. കൂടുതല്‍ പരിശീലനത്തിനോ യാത്രകള്‍ക്കോ ചെലവഴിക്കാന്‍ പണമില്ല. ടെന്നീസ് ബോളില്‍നിന്ന് സ്റ്റിച്ച് ബോള്‍ ക്രിക്കറ്റിലേക്ക് മാറാനാണ് ഇപ്പോഴത്തെ ആഗ്രഹം. ഇതിനുള്ള അവസരങ്ങളാണ് ഇനി വേണ്ടത്. 

ഹയര്‍സെക്കന്‍ഡറി പഠനത്തിനുശേഷം സ്‌പോര്‍ട്സ് അക്കാദമിയാണ് ലക്ഷ്യം. ഇതിനായുള്ള പ്രോത്സാഹനങ്ങളും പിന്തുണയുമാണ് ഈ കായികതാരം കാത്തിരിക്കുന്നത്. സഹോദരന്‍ ആദിത്യനും അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കുമെല്ലാം ആദിത്യയുടെ കായികമികവില്‍ പ്രതീക്ഷകളുണ്ട്.

Content Highlights: Aditya to become strength to the Indian team