അന്ന് അഫീല്‍ പള്ളി ക്വയറില്‍ പാടി; 'വേഗം നാം ചേര്‍ന്നിടും, ഭംഗിയേറിയ ആ തീരത്ത്..'


ജോളി അടിമത്ര

ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ കാത്ത് ശോഭയേറിയ ഒരു നാടുണ്ടെന്നും ആ ഭംഗിയേറിയ സ്ഥലത്ത് എത്രയും വേഗം നമ്മള്‍ ചെന്നു ചേരുമെന്നുമായിരുന്നു അവന്‍ 16-ാം വയസ്സില്‍ പാടി അവസാനിപ്പിച്ചത്.

വെന്റിലേറ്ററില്‍ നിന്ന് ദുഖഭാരത്തോടെ ഡാര്‍ളി ഇറങ്ങി വരുമ്പോഴാണ് ആദ്യമായി ഞാന്‍ അവളെ കാണുന്നത്. അകത്തു കിടന്നത് അവളുടെ പ്രാണനായിരുന്നന്നു, ഒരേ ഒരു സന്താനം. മൂന്നാഴ്ച മുമ്പാണത്, കൃത്യമായി പറഞ്ഞാല്‍ ഒക്ടോബര്‍ ഒമ്പതിന്. കോട്ടയം മെഡിക്കല്‍ കോളേജിലെ ക്രിട്ടിക്കല്‍ കെയര്‍ ഐസിയുവിന്റെ വാര്‍ഡിന്റെ സങ്കടം മൂടിനില്‍ക്കുന്ന ഇടനാഴിയില്‍ ബന്ധുക്കളും നാട്ടുകാരില്‍ ചിലരും അവളെ പൊതിഞ്ഞു. ഡോക്ടര്‍ എന്തു പറഞ്ഞെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്.

''അവനെ തൊട്ടപ്പോള്‍ ഞെട്ടിയതുപോലെ, പേരു വിളിച്ചപ്പോള്‍ അനങ്ങി. അവന്‍ എല്ലാം ഉള്ളില്‍ അറിയുന്നുണ്ടാവും''ഡാര്‍ളി പറഞ്ഞതുകേട്ട് എല്ലാവര്‍ക്കും ആശ്വാസം.

തിരക്കൊഴിഞ്ഞപ്പോള്‍ ഞാനവള്‍ക്കരികിലേക്കു ചെന്നു. സംസാരിച്ചു. കുറേനേരം ഒരുമിച്ചിരുന്നു, പ്രാര്‍ത്ഥനയോടെ... ഭര്‍ത്താവ് ബിനുവിനോടും സംസാരിച്ചു. മനോഭാരത്തിനിടയിലും അവള്‍ സമചിത്തതയോടെ പറഞ്ഞു, 'ദൈവഹിതം ചോദ്യം ചെയ്യാന്‍ നമ്മള്‍ക്കവകാശമില്ലല്ലോ, ദൈവത്തിന് അവനെ ആരോഗ്യത്തോടെ തിരിച്ചുതരാന്‍ ഇഷ്ടമുണ്ടെങ്കില്‍ തരട്ടെ, അത്ഭുതം കാട്ടാന്‍ ദൈവത്തിനു കഴിയും...'

മോന്‍ ജീവിതത്തിലേക്ക് തിരിച്ചു വരും..ഞാനവളെ ആശ്വസിപ്പിച്ചു.. ദിവസങ്ങള്‍ നീങ്ങി. ഡാര്‍ളിയും ഭര്‍ത്താവും വെന്റിലേറ്ററിന്റെ പുറത്തായി കാത്തിരുന്നു. മോന്‍ കണ്ണൊന്നു തുറന്നാലോ,അമ്മേയെന്നു വിളിച്ചാലോ,ഓടിചെല്ലേണ്ടേ.. വാര്‍ത്ത അറിഞ്ഞവരെല്ലാം അവനു വേണ്ടി ഒരുപാട് പ്രാര്‍ഥിച്ചു. പിന്നീട് പലപ്പോഴും ഡാര്‍ളിയെ വിളിച്ചു. മോന്‍ അതേ അവസ്ഥയില്‍ തന്നെയാണ് ചേച്ചി.. മറുപടി ഒറ്റവാക്കിലൊതുങ്ങി. ഒക്ടോബര്‍ 22-ന് ഡാര്‍ളിയുടെയും ബിനുവിന്റെയും സൂര്യന്‍ അസ്തമിച്ചു. അഫീല്‍ പോയി.

പിറ്റേന്ന് കോട്ടയം മെഡിക്കല്‍ കോളേജിന്റെ പോസ്റ്റുമോര്‍ട്ടം മുറിയുടെ വാതിലിനു വെളിയില്‍ അവനെ ഒരു നോക്കു കാണാന്‍ ഞാന്‍ കാത്തു നിന്നു. ഡാര്‍ളിയും ബിനുവും മകന്റെയൊപ്പം ആംബുലന്‍സില്‍ മടങ്ങുന്ന കാഴ്ച. ആംബുലന്‍സിനുള്ളിലിരുന്ന് അവളെന്നെ കണ്ണീരോടെ ഒന്നു നോക്കി.

ഇന്നലെ ഞാന്‍ ഡാര്‍ളിയെ വീണ്ടും വിളിച്ചു. മറുതലയ്ക്കല്‍ അവളുടെ സങ്കടത്തില്‍ പൊതിഞ്ഞ ഹലോ, പിന്നെ നിശബ്ദത...ചോദിക്കാനും പറയാനും ഞങ്ങള്‍ക്കിടയില്‍ ഒന്നുമുണ്ടായില്ല. ചിലപ്പോള്‍ നമ്മള്‍ അത്തരം നിമിഷങ്ങളില്‍ പെട്ടുപോകുമല്ലോ. പിന്നെ വെറുതേ ഞാന്‍ ചോദിച്ചു, വീട്ടില്‍ ആരെങ്കിലും ഉണ്ടോ. ബന്ധുക്കള്‍ എല്ലാവരും ഉണ്ടെന്നു മറുപടി.

അഫീലിന്റേതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ഞാനവള്‍ക്ക് അയച്ചുകൊടുത്തിരുന്നു. അതവനാണോ? ഞാന്‍ ചോദിച്ചു. 'അല്ല,അത് അവനല്ല ചേച്ചി, ഫെയ്ക്ക് ആണത്.' ഡാര്‍ളി പറഞ്ഞു. കഷ്ടം, ആരുടെയോ കുബുദ്ധിയില്‍ തോന്നിയ ഒരു സൃഷ്ടി. ജീവിച്ചിരിക്കുന്ന ഒരു കുട്ടിയുടെ പാട്ടിന്റെ വീഡിയോ ആണ് അഫീലിന്റേതായി പ്രചരിപ്പിക്കുന്നത്. രണ്ടു അച്ഛനമ്മമാരാണ് ഇതു കണ്ട്് വേദനിക്കുന്നതെന്നു നമ്മള്‍ മറക്കുന്നു.

പിറ്റേന്ന് ഡാര്‍ലി വാട്സാപ്പില്‍ എനിക്കൊരു വീഡിയോ അയച്ചുതന്നു. പള്ളിയിലെ ഗായകസംഘത്തിനൊപ്പം സംഗീതം പരിശീലിക്കുന്ന അഫീലിന്റെ വീഡിയോ. അവന്റെയൊപ്പം പാടാന്‍ അച്ഛനും അമ്മയുമുണ്ട്. പിന്നിലായി നീല ഷര്‍ട്ടിട്ട് അവന്‍..ആരോ മോബൈല്‍ഫോണില്‍ വെറുമൊരു രസത്തിനുവേണ്ടി എപ്പോഴോ റെക്കോര്‍ഡു ചെയ്ത പാട്ട്. അഫീല്‍ ലയിച്ചു പാടിയ ആ പ്രശസ്തമായ പാട്ടിന്റെ വരികള്‍ കേട്ട് എന്റെ ഹൃദയം തേങ്ങിപ്പോയി. അതിന്റെ വരികള്‍ ഇങ്ങനെയായിരുന്നു..'വേഗം നാം ചേര്‍ന്നിടും, ഭംഗിയേറിയ ആ തീരത്ത്..'

ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ കാത്ത് ശോഭയേറിയ ഒരു നാടുണ്ടെന്നും ആ ഭംഗിയേറിയ സ്ഥലത്ത് എത്രയും വേഗം നമ്മള്‍ ചെന്നു ചേരുമെന്നുമായിരുന്നു അവന്‍ 16-ാം വയസ്സില്‍ പാടി അവസാനിപ്പിച്ചത്. അവിടെത്തന്നെ അവന്‍ എത്തിച്ചേര്‍ന്നു എന്ന് ആശ്വസിച്ച് ബിനുവും ഡാര്‍ളിയും സങ്കടവും പ്രയാസവും ഒരുമിച്ച് നേരിടുകയാണ്, സധൈര്യം.

Content Highlights: Abheel Johnson hammer accident death school sports meet

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
abhaya hiranmayi

1 min

'അവര്‍ക്ക് കുടുംബമുണ്ട്, ദയവായി എന്റെ ആണ്‍സുഹൃത്തുക്കളെ ഇതിലേക്ക് വലിച്ചിഴക്കരുത്'; അഭയ ഹിരണ്‍മയി

May 28, 2022


Jayaram Subramani

2 min

'പ്രായം കഴിഞ്ഞിട്ടും വിവാഹിതയാകാതെ നീ നില്‍ക്കുന്നതുകണ്ട് ചോദ്യംചെയ്യാന്‍ വരുന്നവനെ ഞാന്‍ ആട്ടും'

May 28, 2022


Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022

Most Commented