തൃശൂര്‍: അന്തരിച്ച മുന്‍ മലയാളി ഫുട്ബോള്‍ താരം സി.എ ലിസ്റ്റനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് ഫുട്ബോള്‍ താരവും പരിശീലകനുമായിരുന്ന എ.എം ശ്രീധരന്. അദ്ദേഹം കേരള പോലീസ് ടീമിനെ പരിശീലിപ്പിക്കുന്ന കാലത്ത് ടീമിലെ പ്രധാനികളില്‍ ഒരാളായിരുന്നു സി.എ ലിസ്റ്റന്‍.
''ലിസ്റ്റന്റെ മരണ വാര്‍ത്തയറിഞ്ഞപ്പോള്‍ സത്യത്തില്‍ ഞെട്ടലായിരുന്നു. വിശ്വസിക്കാനായതേയില്ല. ഏതൊരു ടീമിനായും അത് ഇനി വലിയ ടീമെന്നോ ചെറിയ ടീമെന്നോ ഇല്ല, പൂര്‍ണ ആത്മാര്‍ഥതയോടെ കളിക്കുന്ന താരമായിരുന്നു. 1988 മുതല്‍ പോലീസ് ടീമിലുണ്ടായിരുന്ന താരമാണ്. നല്ല ഫിസിക്കായതിനാല് തന്നെ ബുള്ളറ്റ് ഷോട്ടുകളായിരുന്നു ലിസ്റ്റന്റെ കാലില്‍ നിന്നും വരിക. അതു തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകതയും. ഏതു മാച്ചും ഒരേ ഗൗരവത്തോടെ കാണുകയും കളിക്കുകയും ചെയ്തിരുന്ന താരമായിരുന്നു. ഇന്ത്യയ്ക്കായി ഇനിയും ഏറെക്കാലം കളിക്കേണ്ടിയിരുന്ന താരമായിരുന്നു. പക്ഷേ അത്രയേറെ മോഹങ്ങളുള്ള താരമായിരുന്നില്ല ലിസ്റ്റന്‍. വലിയ ഉയരങ്ങളില്‍ എത്തേണ്ടിയിരുന്ന താരമായിരുന്നു. സത്യേനും ഷറഫലിയും കെ.ടി.ചാക്കോയും തോബിയാസും വിജയനും പാപ്പച്ചനുമെല്ലാം അടങ്ങിയ കേരള പോലീസിന്റെ ലോകോത്തര നിരയില്‍ ലിസ്റ്റനും അംഗമായിരുന്നു.'' - ശ്രീധരന് പറഞ്ഞു.
ശനിയാഴ്ച കാലത്തായിരുന്നു കേരള പോലീസ് ഫുട്ബോള്‍ ടീമിന്റെ മുന്‍കാല താരം സി.എ. ലിസ്റ്റന്റെ (54) അന്ത്യം. കേരള പോലീസില്‍ അസിസ്റ്റന്റ് കമാന്‍ഡന്റായിരുന്നു. തൃശൂരിലായിരുന്നു അന്ത്യം. പ്രമേഹ രോഗിയായിരുന്നു.
Content Highlights: A.M Sreedharan remembering C.A Liston who died Saturday