വാടിയ താമരത്തണ്ട് പോലൊരു മനുഷ്യന്‍. നിഷ്‌കളങ്കന്‍. വെള്ളാരങ്കല്ലിന്റെ നിറമുള്ള കണ്ണുകളും മനസ്സ് പറയുന്നത് പ്രകാരം എങ്ങോട്ടും മാന്ത്രികമായി തിരിയുന്ന കാലുകളുമായി ആ മനുഷ്യന്‍ ലോകത്തോട് സംവദിച്ചു. റയല്‍ മഡ്രിഡ് അടക്കമുള്ള ലോകോത്തര ക്ലബ്ബുകളില്‍ വാഴുമ്പോഴും ക്രൊയേഷ്യ എന്ന മാതൃരാജ്യത്തിന്റെ ഫുട്ബോളിനെ നയിക്കുമ്പോഴും ലൂക്ക മോഡ്രിച്ച് എന്ന ഫുട്ബോളര്‍ ലോകത്തിന്റെ പരമാവധിയെ പ്രാപിക്കുമെന്ന് ആര്‍ക്കും കരുതാനായിട്ടില്ല. ഇത്രയും ഊര്‍ജം കാലിലും മനസ്സിലുമുണ്ട് എന്ന് വിശ്വസിക്കുക പ്രയാസമായിരുന്നു. ആ മഹാപ്രതിഭയുടെ തിളക്കത്തില്‍ ലോകം ഫിഫ ലോകകപ്പിന്റെ നവതി ആഘോഷിക്കുന്നു.
ഓര്‍മച്ചെപ്പ് തുറക്കുകയാണ്. ഫിഫ ലോകകപ്പ് ഫുട്ബോളിന് നവതിയുടെ സുഗന്ധം. അവസാനം നടന്ന റഷ്യ ലോകകപ്പിന്റെ ഫൈനലിന് രണ്ട് വര്‍ഷം.

1930 ജൂലായ് 13-നാണ് ലോകകപ്പിലെ ആദ്യ മത്സരം യുറഗ്വായില്‍ നടന്നത്. 2018 റഷ്യ ലോകകപ്പിന്റെ ഫൈനല്‍ ജൂലായ് 15-ന് മോസ്‌കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തില്‍ ആയിരുന്നു. കാലമതീവ വിശാലം. ആദ്യ ലോകകപ്പില്‍ പങ്കെടുത്ത കളിക്കാരെല്ലാം എന്നോ മരിച്ചുപോയി. ലോകമുണ്ടായിട്ട് വര്‍ഷാവര്‍ഷങ്ങള്‍ എത്രയോ. ഇനിയും അത്ര തന്നെയോ അതിലേറെയോ ഉണ്ടാവാം. അതിനിടയിലെ അറുപതോ എഴുപതോ വര്‍ഷത്തെ മനുഷ്യായുസ്സ്, പ്രപഞ്ചം ഒന്ന് നിശ്വസിക്കാനെടുക്കുന്ന സമയത്തിന്റെ അത്രയുമില്ല. ഓരോ 100 വര്‍ഷം കൂടുമ്പോഴും ഭൂമിയിലെ മനുഷ്യര്‍ അപ്പാടെ മാറ്റപ്പെടുന്നു. തലമുറകളുടെ ഓര്‍മയിലൂടെ നമ്മള്‍ പിന്നെയും ജീവിക്കുന്നു. ആദ്യ ലോകകപ്പില്‍ പങ്കെടുത്തവരെ, ഈ നിമിഷം സ്‌നേഹാദരങ്ങളോടെ ഓര്‍ക്കുന്നു. 1930 -ല്‍ നിന്ന് 2018-ലേക്ക് എത്തുമ്പോള്‍ ലോകകപ്പിന്റെ ചരിത്രത്തില്‍ 21 ഫൈനലുകള്‍ നടന്നു കഴിഞ്ഞു.

ആദ്യ ലോകകപ്പ് ഫൈനല്‍ - 1930 ജൂലായ് 30
മോണ്ടിവീഡിയോ എസ്റ്റുഡിയോ സ്റ്റേഡിയം
യുറഗ്വായ് 4 അര്‍ജന്റീന 2
കിരീട പോരാട്ടത്തില്‍ ആതിഥേയരായ യുറഗ്വായ് കരുത്തരായ അര്‍ജന്റീനയ്ക്ക് മുന്നില്‍. പൊരിഞ്ഞ പോരാട്ടം. ഒടുവില്‍ 4- 2ന് യുറഗ്വായ് കപ്പ് സ്വന്തമാക്കി ചരിത്രത്തില്‍ ഇടം നേടി.
സ്വന്തം മണ്ണില്‍ നിന്നൊരു തുടക്കം
13 രാജ്യങ്ങളാണ് ആദ്യ ലോകകപ്പില്‍ പങ്കെടുത്തത് തെക്കേ അമേരിക്കയില്‍ നിന്ന് ഏഴും യൂറോപ്പില്‍ നിന്ന് നാലും വടക്കേ അമേരിക്കയില്‍ നിന്ന് രണ്ടും. അന്ന് യോഗ്യതാ റൗണ്ട് ഉണ്ടായിരുന്നില്ല. യാത്ര പ്രയാസമായതിനാല്‍ പല യൂറോപ്യന്‍ രാജ്യങ്ങളും വിട്ടുനിന്നു. ആഗോള ഫുട്ബോള്‍ സംഘടനയായ ഫിഫ യുറഗ്വായെ ആതിഥേയ രാജ്യമായി തിരഞ്ഞെടുക്കുകയായിരുന്നു. 1928-ലെ ഒളിമ്പിക്‌സില്‍ യുറഗ്വായ് ഫുട്ബോള്‍ സ്വര്‍ണം നിലനിര്‍ത്തിയിരുന്നു. ആ രാജ്യത്തെ ഭരണഘടന നിലവില്‍ വന്നതിന്റെ 100-ാം വാര്‍ഷികം കൂടിയായിരുന്നു 1930. ജൂലായ് 13-ന് ഒരേ സമയം രണ്ട് മത്സരങ്ങള്‍ നടന്നു.
അവസാനം നടന്ന ലോകകപ്പ് ഫൈനല്‍ - 2018 ജൂലായ് 15
മോസ്‌കോ ലുഷ്നിക്കി സ്റ്റേഡിയം
ഫ്രാന്‍സ് 4 ക്രൊയേഷ്യ 2
രണ്ട് രാജ്യങ്ങളിലേക്ക് ഫുട്ബോള്‍ ലോകം ചുരുങ്ങുന്നു. സാമ്രാജ്യത്വ ശക്തിയെന്ന് ലോകം കരുതുന്ന ഫ്രാന്‍സും 40 ലക്ഷം മാത്രം ജനസംഖ്യയുള്ള, കീറിമുറിക്കപ്പെട്ട, ചോരയൊഴുകുന്ന ക്രൊയേഷ്യയും. അട്ടിമറിക്കപ്പെടാന്‍ ഒരേയൊരു ടീമേ റഷ്യയില്‍ അവശേഷിച്ചിരുന്നുള്ളൂ ഫ്രാന്‍സ്. പക്ഷേ, അവര്‍ അതിജീവിച്ചു. കപ്പ് വീണ്ടും ഫ്രാന്‍സിലേക്ക്.

കോളിന്ദയുടെ ആലിംഗനങ്ങള്‍
2018 ഫൈനല്‍ കഴിഞ്ഞതിനുപിന്നാലെ മോസ്‌കോയില്‍ മഴയായിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുതിന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ക്രൊയേഷ്യ പ്രസിഡന്റ് കോളിന്ദ ഗ്രാബര്‍ എന്നിവര്‍ ഒരുമിച്ചിരുന്ന് ആ ഫൈനല്‍ കണ്ടു.
സമ്മാനദാനച്ചടങ്ങിലേക്ക് അവര്‍ കുടചൂടിപ്പോയി. കോളിന്ദ ഒരത്ഭുതം പ്രതീക്ഷിച്ചിരുന്നു. നമ്മുടെ രാജ്യത്തെ ഒരു ജില്ലയ്ക്ക് ഒപ്പംപോലും പിടിച്ചുനില്‍ക്കാനാവാത്ത രാജ്യം ഇതാ ലോകകപ്പ് ഫൈനല്‍ കളിക്കുന്നു. ലൂക്ക മോഡ്രിച്ച് എന്ന ക്യാപ്റ്റനെയും തന്റെ കളിക്കാരെയും കോളിന്ദ വിശ്വാസത്തിലെടുത്തു. ഒരുപാട് ചോര ചിന്തിയാണ് ക്രൊയേഷ്യ ഫൈനലില്‍ എത്തിയത്. കോളിന്ദ ഗ്രാബര്‍ സങ്കടങ്ങള്‍ ഉള്ളിലൊതുക്കി. മെഡല്‍ സ്വീകരിക്കാന്‍ വന്ന ലൂക്ക മോഡ്രിച്ചിനെ പലവട്ടം ആലിംഗനം ചെയ്തു. ആ സമയത്ത്, ലോകത്തെ ഏറ്റവും നിഷ്‌കളങ്കനായ, ഏറ്റവും പ്രതിഭാധനനായ ഫുട്ബോളര്‍ക്കുള്ള ആദരം.
ചാമ്പ്യന്‍മാര്‍
ബ്രസീല്‍ (5) 1958, 1962, 1970, 1994, 2002
ജര്‍മനി (4) 1954, 1974, 1990, 2014
ഇറ്റലി (4) 1934, 1938, 1982, 2006
അര്‍ജന്റീന (2) 1978, 1986
ഫ്രാന്‍സ് (2) 1998, 2018
യുറഗ്വായ് (2) 1930, 1950
ഇംഗ്ലണ്ട് (1) 1966
സ്പെയിന്‍ (1) 2010
ലോകകപ്പ് കണക്കുകള്‍
എല്ലാ ലോകകപ്പിലും കളിച്ച രാജ്യം - ബ്രസീല്‍ (21)
കൂടുതല്‍ മത്സരം - ബ്രസീല്‍, ജര്‍മനി (109)
കൂടുതല്‍ വിജയം - ബ്രസീല്‍ (73)
കൂടുതല്‍ ഗോള്‍ - മിറസ്ലാവ് ക്ലോസെ (16 - ജര്‍മനി)
കൂടുതല്‍ കാണികള്‍ - ബ്രസീല്‍-യുറഗ്വായ് (1,99854 - 1950)
കൂടുതല്‍ കിരീടം നേടിയ താരം - പെലെ (3- ബ്രസീല്‍)
Content Highlights: 90 years ago began the long journey of FIFA World Cup