സ്വാതന്ത്ര്യത്തിന് 75 വയസ്സ്;സ്വാതന്ത്ര്യാനന്തര ഇന്ത്യൻ കായിക ചരിത്രത്തിലെ പ്രധാനപ്പെട്ട നേട്ടങ്ങൾ


Photo: Getty Images

ആദ്യ ടെസ്റ്റ് വിജയം (1952)

1932ലാണ് ഇന്ത്യ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചുതുടങ്ങിയത്. ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു ആദ്യമത്സരം. എന്നാല്‍, ആദ്യജയത്തിനായി 20 വര്‍ഷം കാത്തിരിക്കേണ്ടിവന്നു. 1952-ല്‍ ഇംഗ്ലണ്ടിനെതിരേ ചെന്നൈയിലാണ് ഇന്ത്യ ക്രിക്കറ്റിലെ ആദ്യവിജയം നേടിയത്. വിജയ് ഹസാരെയുടെ നേതൃത്വത്തിലുള്ള ടീം ഇന്നിങ്സിനും എട്ടു റണ്‍സിനും ജയിച്ചു.

കെ.ഡി. ജാദവ്

ആദ്യ ഒളിന്പിക് മെഡല്‍ (1952)

സ്വതന്ത്ര ഇന്ത്യയില്‍ ഒളിമ്പിക്‌സില്‍ വ്യക്തിഗതമെഡല്‍ നേടുന്ന ആദ്യത്തെയാളാണ് കെ.ഡി. ജാദവ്. മഹാരാഷ്ട്ര സ്വദേശിയായ ജാദവ് 1952 ഹെല്‍സിങ്കി ഒളിമ്പിക്‌സില്‍ ഗുസ്തിയില്‍ വെങ്കലം നേടി.

പ്രകാശ് പദുക്കോണ്‍

പ്രകാശം പരത്തിയ പദുക്കോണ്‍ (1980)

ലോക ബാഡ്മിന്റണല്‍ റാങ്കിങ്ങില്‍ ഒന്നാമതെത്തിയ ആദ്യ ഇന്ത്യക്കാരനാണ് പ്രകാശ് പദുക്കോണ്‍. 1980-ല്‍ പുരുഷ സിംഗിള്‍സില്‍ ഒന്നാംസ്ഥാനത്തെത്തുമ്പോള്‍ പ്രകാശിന് 25 വയസ്സ്. അതേവര്‍ഷം ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണില്‍ പ്രകാശ് കിരീടം നേടുകയും ചെയ്തു.

ലോകകപ്പ് സ്വീകരിക്കുന്ന ക്യാപ്റ്റന്‍ കപില്‍ ദേവ്‌

ക്രിക്കറ്റ് ലോകകപ്പ് വിജയം (1983)

ഇന്ത്യന്‍ കായികചരിത്രത്തിലെ വഴിത്തിരിവുകളിലൊന്നായിരുന്നു 1983 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ കപില്‍ദേവും കൂട്ടരും നേടിയ വിജയം. പ്രുഡെന്‍ഷ്യല്‍ കപ്പ് എന്നറിയപ്പെടുന്ന 1983 ലോകകപ്പ് ഫൈനലില്‍ 'കപിലിന്റെ ചെകുത്താന്‍മാര്‍' വെസ്റ്റിന്‍ഡീസിനെ 43 റണ്‍സിന് കീഴടക്കി കിരീടം നേടി. 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പും 2011-ല്‍ മറ്റൊരു ഏകദിന ലോകകപ്പും ഇന്ത്യ ജയിച്ചു.

പി.ടി. ഉഷ

ഉഷയുടെ നഷ്ടം, കേരളത്തിന്റെയും 1984

അത്ലറ്റിക്‌സില്‍ ഇന്ത്യയുടെ ആദ്യ ഒളിമ്പിക് മെഡല്‍ ഒരു മലയാളിയിലൂടെ ലഭിക്കേണ്ടതായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ അതു സംഭവിച്ചില്ല. 1984 ലോസ് ആഞ്ജലിസ് ഒളിമ്പിക്‌സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളി അത്ലറ്റ് പി.ടി. ഉഷ മികച്ച സമയത്തോടെ ഫൈനലിലെത്തിയെങ്കിലും സെക്കന്‍ഡിന്റെ നൂറില്‍ ഒരംശത്തിന് വെങ്കലമെഡല്‍ നഷ്ടമായി. തൊട്ടടുത്തവര്‍ഷം ജക്കാര്‍ത്ത ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചു സ്വര്‍ണം നേടി ഉഷ ചരിത്രം സൃഷ്ടിച്ചു.

വിശ്വനാഥന്‍ ആനന്ദ്

ആനന്ദ്, ലോകചാമ്പ്യന്‍ (2000)

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് നേടിയ ആദ്യ ഇന്ത്യക്കാരനാണ് വിശ്വനാഥന്‍ ആനന്ദ്. 2000-ത്തിലെ ഫിഡെ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്‌പെയിന്‍കാരനായ അലക്‌സി ഷിറോവിനെ തോല്‍പ്പിച്ചാണ് ആനന്ദ് ലോകചാമ്പ്യനായത്. തുടര്‍ന്ന് 2007, 2008, 2010, 2012 വര്‍ഷങ്ങളിലും ചാമ്പ്യനായി. ചെന്നൈ സ്വദേശിയായ ആനന്ദ് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ (1988)കൂടിയാണ്.

അഞ്ജു ബോബി ജോര്‍ജ്‌

ലോക അത്ലറ്റിക്സിലെ മലയാളി - 2003

ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യമെഡല്‍ മലയാളിയായ അഞ്ജു ബി. ജോര്‍ജിന്റെ പേരിലാണ്. 2003 പാരിസ് ലോക ചാമ്പ്യന്‍ഷിപ്പില്‍ 6.83 മീറ്റര്‍ ചാടി അഞ്ജു വെങ്കലം നേടി. ഇന്നും ദേശീയ റെക്കോഡാണിത്. കോട്ടയം ചങ്ങനാശ്ശേരിയില്‍ ജനിച്ച അഞ്ജു 2002 ബുസാന്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും 2002 മാഞ്ചെസ്റ്റര്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലവും നേടിയിട്ടുണ്ട്.

അഭിനവ് ബിന്ദ്ര

അഭിനവ് ബിന്ദ്രയുടെ സ്വര്‍ണം (2008)

ഒളിമ്പിക്‌സില്‍ വ്യക്തിഗത സ്വര്‍ണത്തിനായി ഇന്ത്യക്ക് ഒരു നൂറ്റാണ്ടിലേറെ കാത്തിരിക്കേണ്ടിവന്നു. 2008 ബെയ്ജിങ് ഒളിമ്പിക്‌സിലെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിങ്ങില്‍ അഭിനവ് ബിന്ദ്രയാണ് ആദ്യമായി വ്യക്തിഗതസ്വര്‍ണം നേടിയത്.

ലോകചാമ്പ്യന്‍ഷിപ്പിലെ സിന്ധു (2019)

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാവാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് പി.വി. സിന്ധു. 2019-ല്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ബാസലില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ തോല്‍പ്പിച്ച് സ്വര്‍ണം നേടി. 2016 റിയോ ഒളിമ്പിക്‌സില്‍ വെള്ളിയും 2021 ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലവും നേടിയ സിന്ധു, രണ്ട് ഒളിമ്പിക് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍വനിതയുമായി.

നീരജിന്റെ സ്വര്‍ണം (2021)

ഒളിമ്പിക്‌സിലെ അത്ലറ്റിക്സ് ഇനങ്ങളില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം നീരജ് ചോപ്രയിലൂടെ. 2021 ടോക്യോ ഒളിമ്പിക്‌സിലെ ജാവലിന്‍ ത്രോയില്‍ 87.58 മീറ്റര്‍ ദൂരത്തേക്ക് എറിഞ്ഞാണ് അത്ലറ്റിക്‌സില്‍ ഇന്ത്യക്കാരന്റെ ആദ്യമെഡല്‍ നീരജ് സ്വന്തമാക്കിയത്. ഹരിയാണ സ്വദേശിയായ നീരജ്, 2022-ല്‍ യൂജിനില്‍ നടന്ന ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ (88.13 മീറ്റര്‍) വെള്ളിയും നേടി.

മറ്റുനേട്ടങ്ങള്‍

ഇതോടൊപ്പം ചരിത്രത്തില്‍ ഇടംപിടിച്ച ഒട്ടേറെ നേട്ടങ്ങളുണ്ട്. 1956 മെല്‍ബണ്‍ ഒളിമ്പിക്‌സില്‍ ഇന്ത്യ ഫുട്‌ബോള്‍ സെമിയിലെത്തിയിരുന്നു. പ്രാഥമികറൗണ്ടില്‍ എതിരാളിയായിരുന്ന ഹംഗറി പിന്‍മാറിയതിനെത്തുടര്‍ന്ന് ക്വാര്‍ട്ടറില്‍ എത്തി. അവിടെ ഓസ്ട്രേലിയയെ (4-2) തോല്‍പ്പിച്ച് സെമിഫൈനലിലെത്തി. അവിടെ യുഗോസ്ലാവിയയോട് തോറ്റു (4-1). വെങ്കലമെഡല്‍ പോരാട്ടത്തില്‍ ബള്‍ഗേറിയയോടും (3-0) തോറ്റു. ഒരു വിജയം മാത്രമേയുള്ളൂവെങ്കിലും ഒളിമ്പിക്‌സില്‍ സെമിഫൈനലിസ്റ്റുകളായി.

അന്താരാഷ്ട്ര ടെന്നീസിലെ ഏറ്റവും പ്രധാന ടൂര്‍ണമെന്റായ വിംബിള്‍ഡണില്‍ മദ്രാസ് സ്വദേശി രാമനാഥന്‍ കൃഷ്ണന്‍ സിംഗിള്‍സ് സെമിഫൈനലിലെത്തിയതും (1960) പ്രധാനമാണ്. തൊട്ടടുത്തവര്‍ഷവും സെമിയിലെത്തിയ രാമനാഥന്‍ ഈ രംഗത്ത് ഒട്ടേറെ യുവതാരങ്ങള്‍ക്ക് വഴികാട്ടിയായി.

1996-ലെ അറ്റ്‌ലാന്റ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ടെന്നീസ് താരം ലിയാണ്ടര്‍ പെയ്‌സിന്റെ നേട്ടവും എടുത്ത് പറയേണ്ടത് തന്നെ. വെങ്കല മെഡല്‍ പോരാട്ടത്തില്‍ ബ്രസീലിയന്‍ താരം ഫെര്‍ണാണ്ടോ മെലിജെനിക്കെതിരേ ആദ്യ സെറ്റ് നഷ്ടമായ ശേഷം ശക്തമായി തിരിച്ചുവന്നായിരുന്നു പെയ്‌സിന്റെ വിജയം (3-6, 6-2, 6-4).

2008 ബെയ്ജിങ് ഒളിമ്പിക്‌സിലെ ഗുസ്തിയില്‍ വെള്ളിയും 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കലവും നേടിയ സുശീല്‍കുമാര്‍ ഒളിമ്പിക്‌സില്‍ രണ്ട് വ്യക്തിഗതമെഡലുകള്‍ നേടിയ ആദ്യ ഇന്ത്യന്‍ താരമായി.

Content Highlights: 75 years of independence Important Achievements in Post-Independence Indian Sports History


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented