Photo Courtesy: Getty Images, BCCI
ബെംഗളൂരുവിലെ തിരക്കുള്ള സായാഹ്നം. 1983-ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളാകുമ്പോള്‍ വിക്കറ്റ് കീപ്പറായിരുന്നു സയ്യിദ് കിര്മാനിയെയും കാത്ത് ഡെംലൂറിലെ ഗോള്‍ഫ് ക്ലബ്ബില്‍ ഇരിപ്പ് തുടങ്ങിയിട്ട് ഏറെ സമയമായി. ഒടുവില്‍ കിര്‍മാനിയുടെ വിളിയെത്തി. നല്ല ട്രാഫിക് ബ്ലോക്കാണെന്നും പത്തുമിനിറ്റില്‍ അവിടെയെത്തുമെന്നും അറിയിച്ചു. കൃത്യം പത്തുമിനിറ്റിനുശേഷം ഗോള്‍ഫ് ക്ലബ്ബിന്റെ റിസപ്ഷനിലേക്ക് നീട്ടിയൊരു ഹായ് പറച്ചില്... 'ഹ്യൂജ് ട്രാഫിക് ബ്ലോക്ക്, ദാറ്റ് സ് വൈ ഐ ലേറ്റ്... സോറി...' ലുക്കില്‍ കിര്‍മാനിക്ക് കാര്യമായ മാറ്റമില്ല. കഷണ്ടി തലയ്ക്കൊപ്പം കൊമ്പന് മീശയുണ്ട്. പ്രായം 69-ലെത്തിയെങ്കിലും അതിന്റെ യാതൊരു അലസതയും കാണുന്നില്ല. ഗോള്‍ഫ് ക്ലബ്ബിന്റെ കഫേയിലേക്ക് കൈചൂണ്ടി കിര്‍മാനി പറഞ്ഞു. 'ലെറ്റ്സ് മൂവ്.'കഫേയില്‍ ഫാനിനോട് ചേര്‍ന്നുള്ള ടേബിള്‍ പിടിച്ചെടുത്ത് കുറച്ച് നേരം ശാന്തമായ ഇരുത്തം. അതിനിടയില്‍ വെയ്റ്ററോട് ഒരു ഗ്ലാസ് വെള്ളം ആവശ്യപ്പെട്ടു. പിന്നാലെ, ഞാന്‍ തയ്യാറാണെന്ന മട്ടില്‍ ഒരു ചിരിയും. 'ഞാന്‍ റെഡിയാ നിങ്ങള്‍ ചോദിച്ച് തുടങ്ങിക്കോളൂ.'
രാജ്യത്തിന് ഏറ്റവും അഭിമാനകരമായ നിമിഷമായിരുന്നു 1983 ലോകകപ്പ് ജയം. താരതമ്യേന ദുര്‍ബലമായിരുന്ന ടീം അന്നത്തെ വമ്പന്മാരെയെല്ലാം തോല്‍പ്പിച്ച് കിരീടത്തില്‍ മുത്തമിട്ടു. എന്തായിരുന്നു ആ വിജയത്തിന് പിന്നിലെ രഹസ്യം?
ഇന്ത്യയ്ക്ക് ഒരിക്കലും മറക്കാനാവത്ത വര്‍ഷമായിരുന്നു 1983. ലോകത്തിലെ ഏതൊരു ഇന്ത്യക്കാരനും അഭിമാനകരമായ വര്‍ഷം. ലോകകപ്പിനായി പുറപ്പെടുമ്പോള്‍ ഇന്ത്യ ദുര്‍ബലമായ ടീമായിരുന്നു. അന്നത്തെ ചാമ്പ്യന്മാരായിരുന്ന വിന്‍ഡീസ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ് എന്നിവര്‍ക്ക് ഏകദിനത്തില്‍ നമ്മളെക്കാളേറെ പരിചയസമ്പത്തുണ്ടായിരുന്നു. നോക്കൗട്ട് റൗണ്ടിലെത്തിയാല്തന്നെ വലിയ സംഭവമായിരിക്കുമെന്നായിരുന്നു ഞാന്‍ വിശ്വസിച്ചത്. എനിക്ക് തോന്നുന്നു ഞാന്‍ മാത്രമല്ല, ടീമിലെ ഭൂരിപക്ഷത്തിനും അതുതന്നെയായിരുന്നു അഭിപ്രായം.
എപ്പോഴാണ് ജയിക്കാമെന്ന് വിശ്വസിച്ചുതുടങ്ങിയത്?
വിന്‍ഡീസ്, ഓസ്ട്രേലിയ, സിംബാബ്വെ എന്നീ ടീമുകളായിരുന്നു നമുക്ക് ബി ഗ്രൂപ്പില്‍ എതിരാളി. ആദ്യമത്സരത്തില്‍ വിന്‍ഡീസായിരുന്നു എതിരാളി. നടന്ന രണ്ടുലോകകപ്പിലും ചാമ്പ്യന്മാരായ ടീം. മാഞ്ചെസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡില്‍ കളിക്കാനിറങ്ങുമ്പോള്‍ ആര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നില്ല. പക്ഷേ, ഞങ്ങള്‍ അവരെ 34 റണ്‍സിന് തോല്‍പ്പിച്ചു. ലോകചാമ്പ്യന്മാരെ തോല്‍പ്പിച്ചതോടെ ടീമിന്റെ എനര്‍ജി ലെവല്മാറി. ഞങ്ങള്‍ ഞങ്ങളുടെ ശക്തിയില്‍ വിശ്വസിച്ചുതുടങ്ങി. നമ്മള് ലോകചാമ്പ്യന്മാരെ തോല്‍പ്പിച്ചിരിക്കുന്നുവെന്ന് പറഞ്ഞ് മത്സരത്തിന് ശേഷം ഡ്രസ്സിങ് റൂമില്‍ അലറി വിളിച്ചത് ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നുണ്ട്. ഈയൊരു മത്സരം തന്നെയായിരുന്നു ലോകകപ്പിന്റെ വഴിത്തിരിവ്.
ടീമിന്റെ വിജയമന്ത്രം എന്തായിരുന്നു?
'ടീമില്‍ ഏഴ് സീനിയര്‍ താരങ്ങളുണ്ട്. എന്തു ചെയ്യണമെന്ന് നിങ്ങളോട് പറഞ്ഞുതരേണ്ട ആവശ്യമില്ല. ഉത്തരവാദിത്വങ്ങള്‍ നിങ്ങള്‍ക്കറിയാം. ഞാനല്ല ടീമിനെ നയിക്കേണ്ടത്. നിങ്ങള്‍ എന്നെയാണ് നയിക്കേണ്ടത്.'- ലോകകപ്പിലെ ആദ്യമത്സരത്തിലെ ടീം മീറ്റിങ്ങിന് മുന്‍പ് ക്യാപ്റ്റന്‍ കപില്‍ദേവ് ഞങ്ങളോട് പറഞ്ഞിരുന്നു. ഇത് തന്നെയായിരുന്നു ടീമിന്റെ മന്ത്രവും. എല്ലാവരും അവരവരുടെ ഉത്തരവാദിത്വത്തെകുറിച്ച് മനസ്സിലാക്കി. ആദ്യ ജയത്തോടുകൂടി ടീം കൂടുതല്‍ ശക്തരായി. ടീം മീറ്റിങ്ങുകളില്‍ എതിരാളികളുടെ ശക്തിയും പോരായ്മയുമെല്ലാം പരസ്പരം പറയും. എല്ലാതാരങ്ങള്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ടീമിലുണ്ടായിരുന്നു. ഭൂരിപക്ഷത്തിന് അനുസരിച്ചാണ് കപില്‍ തീരുമാനമെടുക്കുക. ടോസ് കിട്ടിയാല്‍ എടുക്കേണ്ട തീരുമാനംപോലും താരങ്ങളുടെ ഭൂരിപക്ഷത്തിനനുസരിച്ചായിരുന്നു. അന്ന് ടീമിനൊപ്പം ഒരു പരിശീലകനും സപ്പോര്‍ട്ടിങ് സ്റ്റാഫുമുണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്നത് മാനേജര്‍ മാത്രം. ഇന്നാണെങ്കില്‍ ഓരോ ടീമിനും കുറേ പരിശീലകരുണ്ട്. മുഖ്യ പരിശീലകന്, ബാറ്റിങ് കോച്ച്, ബൗളിങ് കോച്ച് ഫീല്‍ഡിങ് കോച്ച് എന്നിങ്ങനെ.
സിംബാബ്വെയ്ക്കെതിരായ മത്സരം?
ലോകകപ്പില്‍ സിംബാബ്വെയ്ക്കെതിരായ രണ്ടാം മത്സരമായിരുന്നു അത്. ആദ്യ മത്സരത്തില്‍ അഞ്ച് സിംബാബ്വെ ബാറ്റ്സ്മാന്മാരെ പുറത്താക്കുന്നതില്‍ ഞാന്‍ പങ്കാളിയായി. ആദ്യമായിട്ടാണ് ലോകകപ്പില്‍ ഒരുവിക്കറ്റ് കീപ്പര്‍ അഞ്ചുപേരെ പുറത്താക്കുന്നത്. അന്നത്തെ മത്സരം അനായാസമായിരുന്നു. അഞ്ചുവിക്കറ്റിന് നമ്മള് ജയിച്ചു. അന്ന് എനിക്കൊന്നും ബാറ്റിങ്ങിനിറങ്ങേണ്ട ആവശ്യം പോലും വന്നില്ല.
സിംബാബ്വെയുമായി വീണ്ടും ഏറ്റുമുട്ടാനൊരുങ്ങുമ്പോള്‍ ടീമെന്ന നിലയില്‍ ഏറെ മുന്നില്പ്പോയിരുന്നു. അതിനേക്കാള്‍ ആ മത്സരം ജയിച്ചാല്‍ നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാം എന്നൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. കപില്‍ ദേവ് ബാറ്റിങ് തിരഞ്ഞെടുത്തു. ബാറ്റിങ്ങിനിറങ്ങുന്നതിന് മുന്‍പ് നന്നായി കുളിക്കുന്ന ശീലമുള്ളയാളാണ് ഞാന്‍. ബാറ്റിങ് തുടങ്ങി. ഞാനാണെങ്കില്‍ കളിയില്‍ തീരെ ശ്രദ്ധിച്ചിരുന്നില്ല. ബ്രേക്ക് ഫാസ്റ്റും കഴിച്ചില്ല. കുളിക്കുകയും ചെയ്തിട്ടില്ല. കുളിക്കാനായി ടവല്‍ കൈയില്‍ കരുതിയിട്ടുണ്ട്. കുളിച്ച് വന്നിട്ട് ഭക്ഷണം കഴിക്കാനായിരുന്നു പ്ലാന്‍. പെട്ടെന്ന് ആരോ ഒരാള്‍ അലറി വിളിച്ചു... ' കിറി.. പാഡ് കെട്ടൂ...'. ടീമിലെ സ്ഥിരം തമാശക്കളിയുള്ളതുകൊണ്ട് ഞാനതിന് ശ്രദ്ധകൊടുത്തില്ല. മറ്റൊന്നും കൊണ്ടല്ല. ഇന്നിങ്സ് ഇപ്പോ തുടങ്ങിയിട്ടേയുള്ളൂ. ഞാനാണെങ്കില്‍ പത്താം നമ്പര്‍ ബാറ്റ്സ്മാനും. എനിക്കുശേഷം ബാക്കിയുള്ളത് ബല്‍വീന്ദര്‍ സിങ് സന്ധു മാത്രം. പെട്ടെന്ന് വീണ്ടുമൊരു അലറല്‍. 'കിറി നിങ്ങളെന്താണ് കാണിക്കുന്നത്. പാഡ് ചെയ്യൂ.' ഇത്തവണ ശബ്ദത്തില്‍ അല്‍പ്പം ദേഷ്യം കൂടെയുണ്ടായിരുന്നു. അതോടെ ഞാന്‍ ഗൗരവത്തിലായി. നേരെ സ്കോര്‍ബോര്‍ഡിലേക്ക് നോക്കി. ഇന്ത്യ 17-ന് അഞ്ച്.
എന്റെ തോളിലുണ്ടായിരുന്ന ടവല്‍ താഴെ വീണു. ടവല്‍ വീണ്ടും തോളിലിട്ട് കുളിക്കാനായി ഓടി. ആറാം വിക്കറ്റില്‍ റോജര്‍ ബിന്നിയും എട്ടാം വിക്കറ്റില്‍ മദന്‍ ലാലും കപിലിന് കൂട്ടുനിന്നതോടെ സ്കോറുയര്‍ന്നു. ഞാന്‍ ക്രീസിലെത്തുമ്പോള്‍ എട്ടിന് 140 എന്ന നിലയിലായിരുന്നു ടീം. ബല്ലു മാത്രമാണ് ഇനി ഇറങ്ങാനുള്ളത്. നേരെ കപിലിന്റെ അടുത്തെത്തി പറഞ്ഞു. ' നമ്മള് ജീവന് മരണ പോരാട്ടത്തിലാണ്. ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഹിറ്ററാണ് നിങ്ങള്‍. ഒരോവറിലെ ഒരു ബോള്‍ ഞാന്‍ കളിക്കും. ആ പന്തില്‍ നിനക്ക് സ്ട്രൈക്ക് കൈമാറും. ബാക്കി അഞ്ചു ബോള്‍ നീ അതിര്‍ത്തി കടത്തണം.'
കപിലിന് അപ്പോഴും സംശയമുണ്ടായിരുന്നു. 'ഇനിയും മുപ്പതോളം ഓവര്‍ ബാക്കിയുണ്ട്!'. 'നീ പേടിക്കണ്ട!. എന്നെകൊണ്ട് ചെയ്യാന്‍ പറ്റാവുന്നത് ചെയ്യും. നീ അടിക്ക്' ഞാന്‍ കപിലിനോട് പറഞ്ഞു. ഞങ്ങള്‍ പ്ലാന്‍ നടപ്പിലാക്കി. ഞാന്‍ സിംഗിളെടുക്കും കപില്‍ പന്തുകളെ ബൗണ്ടറി കടത്തും. 138 പന്തില്‍ 175 റണ്‍സ്. 16 ഫോറും ആറ് സിക്സും. 126 റണ്‍സിന്റ കൂട്ടുകെട്ടില്‍ എന്റെ സംഭാവന പുറത്താകാതെ 24 റണ്‍സ്. 56 പന്ത് നേരിട്ടു. നമ്മള് 31 റണ്‍സിനാണ് ജയിച്ചതെന്ന് ഓര്‍ക്കണം. കപിലിന്റെ അന്നത്തെ ഇന്നിങ്സ് പിന്നീട് ഒരു ലോകകപ്പിലും ആരും കാഴ്ചവെച്ചിട്ടില്ല. അത്രയും സമ്മര്‍ദമുള്ള സമയത്തായിരുന്നു ആ ഇന്നിങ്സ്.
ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍?
സെമിക്ക് മുന്‍പേയുള്ള പ്രവചനം, 1979-ലെ ഫൈനല്‍പോലെ ഇംഗ്ലണ്ടും വിന്‍ഡീസും ഫൈനല്‍ കളിക്കുമെന്നായിരുന്നു. രണ്ട് ശക്തരായ ടീമുകള്‍ക്ക് ദുര്‍ബലരായ ടീമുകള്‍ എന്നായിരുന്നു ആളുകളുടെ സംസാരം. ഇംഗ്ലണ്ടിന് ഇന്ത്യയെ കിട്ടിയപ്പോള്‍ വിന്‍ഡീസിന് പാകിസ്താനായിരുന്നു സെമിയില്‍ എതിരാളി. ഇത് ഇംഗ്ലണ്ടിന്റെ ശരീരഭാഷയിലുമുണ്ടായിരുന്നു. ഓരോ താരങ്ങളിലും അത് കാണാമായിരുന്നു. എന്നാല്‍, ഇംഗ്ലണ്ടിനെതിരേ നമ്മുടെ ടീം വര്‍ക്കിന്റെ വിജയമായിരുന്നു. കപിലും അമര്‍നാഥും ബിന്നിയും ബൗളിങ്ങില്‍ തിളങ്ങി. അമര്‍നാഥ് ബാറ്റിങ്ങിലും പ്രകടനം ആവര്‍ത്തിച്ചു. യശ്പാല്‍ സിങ്ങിന്റെയും സന്ദീപ് പാട്ടീലിന്റെയും അര്‍ധസെഞ്ചുറി വന്നതോടെ കളി നമ്മള് ജയിച്ചു. എനിക്കൊന്നും ബാറ്റ് ചെയ്യേണ്ട ആവശ്യം വന്നില്ലെങ്കിലും കീപ്പറായി രണ്ട് ക്യാച്ചെടുത്തിരുന്നു. ഇയാന്‍ ഗൗള്‍ഡിനെ റണ്ണൗട്ടാക്കുകയും ചെയ്തു.
ഫൈനലില്‍ വീണ്ടും വിന്‍ഡീസ്. കിരീടം പ്രതീക്ഷിച്ചിരുന്നോ?
വിന്‍ഡീസിനെ തോല്‍പ്പിച്ചാണ് നമ്മള് ടൂര്‍ണമെന്റ് തുടങ്ങിയത്. അതുതന്നെയായിരുന്നു ഫൈനലിന് മുന്‍പുള്ള ആത്മവിശ്വാസവും. ഒപ്പം ഒന്നും നഷ്ടപ്പെടാനില്ലെന്ന ചിന്തയും. പക്ഷേ, വിന്‍ഡീസിന് ഹാട്രിക് കിരീടമായിരുന്നു ലക്ഷ്യം. വിചാരിച്ച പോലെയൊന്നുമായിരുന്നില്ല കാര്യങ്ങളുടെ പോക്ക്. റോബര്‍ട്ട്സും ഗാര്‍ണറും ഹോള്‍ഡിങ്ങും ഗോമസുമെല്ലാം എറിഞ്ഞ് വീഴ്ത്താന്‍ തുടങ്ങി. പക്ഷേ, നമ്മള് 183 റണ്‍സിലെത്തിച്ചു. അവസാന വിക്കറ്റില്‍ ഞാനും സന്ധുവും 22 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 43 റണ്‍സിനായിരുന്നു നമ്മുടെ ജയം.
ബൗളിങ്ങില്‍ ഓരോരുത്തരും പ്രോത്സാഹിപ്പിച്ചു. റിച്ചാര്‍ഡ്സിന് മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. മദനും ബിന്നിയും സന്ധുവുമൊക്കെ റിച്ചാര്‍ഡ്സിന് മുന്നില്‍ പതറി. എന്നാല്‍, കപില്‍ദേവിന്റെ മനോഹരമായ ക്യാച്ച് റിച്ചാര്‍ഡ്സിന്റെ കഥ കഴിച്ചു. ക്ലൈവ് ലോയ്ഡും ബാക്കസുമെല്ലാം മടങ്ങിയതോടെ നമുക്ക് പ്രതീക്ഷ വന്നു. ബാക്കസിനെ പുറത്താക്കാന്‍ ഞാനെടുത്ത ക്യാച്ച് ഏറെ ശ്രദ്ധിക്കപ്പെട്ടു.
ആഘോഷങ്ങള്‍ എങ്ങനെയായിരുന്നു?
സത്യം പറഞ്ഞാല്‍ എങ്ങനെ ആഘോഷിക്കണമെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. എല്ലാ വികാരങ്ങള്‍ക്കും അപ്പുറത്തായിരുന്നു അത്. ഇംഗ്ലണ്ടില്‍ നമ്മള് തലയുയര്‍ത്തി നിന്ന നിമിഷമായിരുന്നു. എല്ലാ ഇന്ത്യക്കാരനും അഭിമാന മുഹൂര്‍ത്തം. കിരീടം നേടിയ ദിവസം പുലര്‍ച്ചെ മൂന്ന് മണിക്ക് ബെംഗളൂരുവിലെ വീട്ടില്‍ ബഹളമായിരുന്നു. നൂറു കണക്കിനാളുകള്‍ ബാന്റും ചെണ്ടയുമായി ആഘോഷിച്ചു. ഇപ്പോഴും ഓരോ നിമിഷങ്ങളും ഓര്‍മയുണ്ട്. ആദ്യത്തെ സ്നേഹം മറക്കില്ല എന്നാണല്ലോ...
ഏറ്റവും മനോഹരമായ അനുഭവം എന്തായിരുന്നു?
ലോകകപ്പ് ജയിക്കുക എന്നത് തന്നെയാണ് മികച്ച അനുഭവം. വ്യക്തിപരമായി ചോദിച്ചാല്‍, ആ ലോകകപ്പിലെ മികച്ച വിക്കറ്റ് കീപ്പര്‍ക്കുള്ള അവാര്‍ഡ് എനിക്കായിരുന്നു. ഗോഡ്ഫ്രെ എവന്സാണ് അവാര്‍ഡ് തന്നത്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച കീപ്പറെന്നാണ് എവന്‍സിനെ വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കൈയില്‍നിന്നുതന്നെ അവാര്‍ഡ് വാങ്ങാനായത് ഏറെ സന്തോഷമുണ്ടാക്കി. ദേശീയ ക്രിക്കറ്റ് അക്കാദമി യില്‍ ഇപ്പോഴും ആ അവാര്‍ഡ് വാങ്ങുന്ന ഫോട്ടോയുണ്ട്. എനിക്ക് തോന്നുന്നു, ലോകകപ്പില്‍ പിന്നീട് മികച്ച വിക്കറ്റ് കീപ്പറെ തിരഞ്ഞെടുത്തിട്ടില്ലെന്ന്. പത്മശ്രീ പുരസ്കാരവും ഏറെ സന്തോഷമുളളതാണ്.
88 ടെസ്റ്റുകളും, 49 ഏകദിനങ്ങളും കളിച്ചു, എന്തു തോന്നുന്നു?
നിര്‍ഭാഗ്യവശാല്‍ 88 -ല്‍ അവസാനിച്ചുവെന്ന് പറയണം. പരിക്ക് കാരണം ഞാന്‍ കളി അവസാനിപ്പിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. സത്യത്തില്‍ അതായിരുന്നില്ല സംഭവം. ചില മാധ്യമങ്ങള്‍ ആരുടെയോ പ്രേരണയാല്‍ എനിക്കെതിരേ എഴുതി. എനിക്ക് പരിക്കാണെന്നും കരിയര്‍ അവസാനിച്ചെന്നും അവര്‍ എഴുതി. എന്നാല്‍, ഒരിക്കല്‍പോലും എന്നെ ക്ഷീണിതനായി ആരും കണ്ടിട്ടില്ല. എന്റെ പേരില്‍ റെക്കോഡുകള്‍ നിലനില്‍ക്കുന്നത് ചിലര്‍ക്ക് ഇഷ്ടമായിരുന്നില്ല. ഇതിനെ കുറിച്ചൊന്നും ആര്‍ക്കും അറിയില്ല. എന്റെ ആത്മകഥയില്‍ ഇതിനൊക്കുറിച്ചൊക്കെ വെളിപ്പെടുത്തും.
വേണ്ട പരിഗണന കിട്ടിയില്ലെന്ന് തോന്നുന്നുണ്ടോ?
കളിക്കുന്ന കാലത്തും എനിക്ക് ഏറെ പ്രതിസന്ധികളുണ്ടായിട്ടുണ്ട്. 1979-ല്‍ എന്നെ ടീമിലേക്ക് പരിഗണിച്ചില്ല. എന്റെ അത്രയും പരിചയമില്ലാത്ത ഭരത് റെഡ്ഡിയെയും സുരിന്ദര്‍ ഖന്നയെയും ടീമിലെടുത്തു. ആസമയത്ത് എനിക്കെതിരെ 'കളികള്‍' നടന്നിരുന്നു. ചിലമാധ്യമപ്രവര്ത്തകരും അതിന്റെ ഭാഗമായി. സ്ലിപ്പിലെ ഫീല്‍ഡര്‍ ക്യാച്ച് വിട്ടാല്‍പോലും അവര്‍ എന്റെ ചിത്രം പബ്ലിഷ് ചെയ്തു. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനിലും എനിക്കെതിരേ ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നോടുള്ള ചിലരുടെ പ്രതികാരം അവര്‍ മകനില്‍ വീട്ടി. കര്‍ണാടക പ്രീമിയര്‍ ലീഗിലും വിജയ് ഹസാരെ ടൂര്‍ണമെന്റിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും സാദിഖിനെ (മകന്) രഞ്ജി ടീമിലേക്കെടുത്തില്ല. സാധ്യതാപട്ടികയില്‍ ഉള്‍പ്പെടുത്തും, പക്ഷേ, അവസാനം ടീമിലുണ്ടാകില്ല. 1983-ല്‍ ടീമിലുണ്ടായിരുന്നുവരില് പലരെയും വേണ്ട വിധത്തില്‍ പരിഗണിച്ചില്ലെന്ന് പറയാം. പലപ്പോഴും എന്നെ അകറ്റി നിര്‍ത്തി. ഞങ്ങള്ക്കുശേഷമുള്ള പലരും പലസ്ഥാനങ്ങളിലും കയറിപറ്റി. പലതാരങ്ങളുടെയും പേരില്‍ സ്റ്റേഡിയങ്ങളില്‍ സ്റ്റാന്റുകളുണ്ടായി. പക്ഷേ, ചിന്നസ്വാമിയില്‍ ഗുണ്ടപ്പ വിശ്വനാഥിന്റെയും പ്രസന്നയുടെയും ചന്ദ്രശേഖറിന്റെയും പേരില്‍ ഒരു സ്റ്റാന്റുകളും വന്നില്ല. അതിന് ഒരൊറ്റ കാരണമേയുള്ളൂ. അത് ഞാനാണ്. എന്തെന്നാല്‍ അവരുടെ പേരില്‍ സ്റ്റാന്റുകള്‍ വന്നാല്‍ എന്റെ പേരിലും സ്റ്റാന്റുണ്ടാക്കാന് നിര്‍ബന്ധിതരാകും. ഞാന്‍ ആരുടെയും മുന്പില് തലതാഴ്ത്തിനിന്നിട്ടില്ല. എന്റെ നേട്ടങ്ങളില്‍ അവര്‍ക്ക് അസൂയയാണ്.
കിര്മാനിയാണോ ധോനിയാണോ മികച്ചവന്‍?
അതിന് ഉത്തരം പറയേണ്ടത് ഞാനല്ല. ധോനി ക്യാപ്റ്റനാണ്. പക്ഷേ, ഞാന്‍ ഒരിക്കലും സ്ഥിരം ക്യാപ്റ്റനായിട്ടില്ല. പലപ്പോഴും എന്നെ പരിഗണിച്ചിരുന്നു. എന്നാല്‍, അവസാന നിമിഷം തഴയപ്പെടും. 1983-ല്‍ ലോകകപ്പിന് മുന്‍പുള്ള വിന്‍ഡീസ് പര്യടനത്തില്‍ ഞാന്‍ വൈസ് ക്യാപ്റ്റനായിരുന്നു. വിക്കറ്റ് കീപ്പര്‍ക്ക് കളിയിലെ മികച്ച റോളുണ്ട്. കളിക്കാരുടെ ഊര്‍ജം നിലനിര്‍ത്തുന്നതിലും ഫീല്‍ഡിങ് നിയന്ത്രിക്കുന്നതിലും. പക്ഷേ, ഇപ്പോഴും ടീമുകള്‍ക്ക് വിക്കറ്റ് കീപ്പര്‍ പരിശീലകനില്ലെന്നത് നിരാശാജനകമാണ്.
Content Highlights: 37th anniversary of 1983 World Cup win, Syed Kirmani recalls memories
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..