സിഡ്നി: 2014 നവംബര്‍ 24, ക്രിക്കറ്റ് ലോകം ഈ ദിനത്തെ ചരിത്രത്തിലെ കറുത്ത ദിനമായാണ് അടയാളപ്പെടുത്തുന്നത്. ക്രിക്കറ്റിലെ എന്നു മാത്രമല്ല കായിക ചരിത്രത്തിലെ തന്നെ വെറുക്കപ്പെട്ട ദിനങ്ങളിലൊന്നാണിത്. ഗതിയറിയാതെയെത്തിയ ഒരു ബൗണ്‍സര്‍ ഓസ്‌ട്രേലിയയുടെ മികച്ച യുവതാരങ്ങളിലൊരാളായിരുന്ന ഫിലിപ്പ് ഹ്യൂസിന്റെ ജീവനും കൊണ്ട് പറന്നിട്ട് ഇന്നേക്ക് നാലു വര്‍ഷം തികയുകയാണ്.

2014 നവംബര്‍ 25-ന് സിഡ്‌നി ക്രിക്കറ്റ് മൈതാനത്ത് സൗത്ത് ഓസ്ട്രേലിയയും ന്യൂ സൗത്ത് വെയില്‍സും തമ്മിലുളള ഷെഫീല്‍ഡ് ഷീല്‍ഡ് ഫസ്റ്റ് ക്ലാസ് മത്സരത്തിനിടെയാണ് പേസ് ബൗളര്‍ സീന്‍ അബോട്ടിന്റെ ബൗണ്‍സര്‍ ഹ്യൂസിന്റെ തലയ്ക്കു പിന്നില്‍ ഇടിക്കുന്നത്. പുള്‍ ഷോട്ട് കളിക്കാനാഞ്ഞ ഹ്യൂസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഹെല്‍മറ്റിന്റെ സുരക്ഷയില്ലാത്ത ഭാഗത്ത് പന്ത് തട്ടുകയായിരുന്നു. ഒന്ന് തിരിഞ്ഞ ശേഷം ഹ്യൂസ് മുഖമടിച്ച് ഗ്രൗണ്ടില്‍ വീണു.

പെട്ടെന്നു തന്നെ ഓടിയെത്തിയ സഹതാരങ്ങളും മെഡിക്കല്‍ സ്റ്റാഫും ഹ്യൂസിന് പ്രാഥമിക ചികിത്സ നല്‍കി. ഉടന്‍ തന്നെ ഹെലികോപ്റ്റര്‍ മുഖേന സിഡ്‌നിയിലെ സെന്റ് വിന്‍സെന്റ് ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. പക്ഷേ അതിനൊന്നും ഹ്യൂസിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനായില്ല. രണ്ടാം ദിവസം 26-ാം പിറന്നാളിന് മൂന്നു ദിവസം മുന്‍പ് തന്റെ പ്രിയപ്പെട്ട ബാഗി ഗ്രീന്‍ ഉപേക്ഷിച്ച് ഹ്യൂസ് യാത്രയായി. ബ്രെയിന്‍ ഹെമറേജായിരുന്നു മരണ കാരണം. ഓസീസ് ടീം ഡോക്ടര്‍ പീറ്റര്‍ ബര്‍ക്ക്‌നര്‍ പറഞ്ഞതനുസരിച്ച് ഇത്തരത്തിലുളള 100 മരണങ്ങള്‍ മാത്രമേ അതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുള്ളൂ. ക്രിക്കറ്റില്‍ ആദ്യത്തേതും. 

27th november 2014 phillip hughes 63 not out

ഹ്യൂസിന്റെ മരണം ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചു. പല സുരക്ഷാ മാനദണ്ഡങ്ങളും പിന്നീട് ക്രിക്കറ്റില്‍ കൊണ്ടുവരാന്‍ കാരണവും ഹ്യൂസിന്റെ വിയോഗമായിരുന്നു.

ഹ്യൂസിന്റെ മരണത്തിന് കാരണമായ ബൗണ്‍സര്‍ എറിഞ്ഞ സീന്‍ അബോട്ടിന്റെ അവസ്ഥയായിരുന്നു ഭീകരം. എന്നാല്‍ ക്രിക്കറ്റ് പ്രേമികള്‍ ആബട്ടിനെ ആശ്വസിപ്പിക്കുന്നതില്‍ ഒട്ടും പിശുക്ക് കാട്ടിയില്ല. അവര്‍ അബോട്ടിനൊപ്പം നിന്നു, അവന് ധൈര്യം പകര്‍ന്നു. 

27th november 2014 phillip hughes 63 not out

ലോകക്രിക്കറ്റിലെ മഹാരഥന്‍മാരാടക്കമുള്ളവരും അബോട്ടിന് പിന്തുണയുമായെത്തി. ഇയാന്‍ ബോതം, കെവിന്‍ പീറ്റേഴ്സണ്‍, സ്റ്റീവ് വോ, സ്റ്റ്യുവര്‍ട്ട് ക്ലാര്‍ക്ക്, ബ്രെറ്റ് ലീ, ഗ്ലെന്‍ മഗ്രാത്ത് തുടങ്ങിയവരെല്ലാം അബോട്ടിനെ ആശ്വസിപ്പിച്ചു. അന്ന് ഓസീസ് പര്യടനത്തിനെത്തിയ ഇന്ത്യന്‍ ടീം വിരാട് കോലിയുടെ നേതൃത്വത്തില്‍ ഹ്യൂസിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തത് ക്രിക്കറ്റ് ലോകം കയ്യടികളോടെയാണ് സ്വീകരിച്ചത്. ഓസീസ് നായകന്‍ മൈക്കിള്‍ ക്ലാര്‍ക്കും ഇന്ത്യന്‍ ടീമിന്റെ ഈ പെരുമാറ്റത്തെ അഭിനന്ദിച്ചിരുന്നു.

27th november 2014 phillip hughes 63 not out

ഡേവിഡ് വാര്‍ണറും, മൈക്കിള്‍ ക്ലാര്‍ക്കുമായിരുന്നു ടീമില്‍ ഹ്യൂസിന്റെ ഏറ്റവുമടുത്ത കൂട്ടുകാര്‍. ഹ്യൂസിന്റെ മരണശേഷം സിഡ്നി ഗ്രൗണ്ടില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍, 63 റണ്‍സ് നേടിയ ശേഷം വാര്‍ണര്‍, ഹ്യൂസ് പരിക്കേറ്റ വീണ് സ്ഥലത്ത് മുട്ടുകുത്തി നിന്ന് മണ്ണില്‍ ചുംബിച്ചിരുന്നു.

2015 ലോകകപ്പില്‍ ഓസ്ട്രേലിയന്‍ നായകന്‍ മൈക്കിള്‍ ക്ലാര്‍ക്ക്, ഹ്യൂസിന്റെ സ്മരണയ്ക്കായി കറുത്ത ആം ബാന്‍ഡ് ധരിച്ചാണ് കളിക്കാനിറങ്ങിയത്. ഏകദിനത്തില്‍ ഹ്യൂസിന്റെ ജേഴ്സി നമ്പറായിരുന്ന 64 പിന്നീട് ആര്‍ക്കും നല്‍കിയിട്ടില്ല. അത് ഹ്യൂസിന്റെ സ്മരണയ്ക്കായി നിലനിര്‍ത്തുകയായിരുന്നു. 

27th november 2014 phillip hughes 63 not out

ടെസ്റ്റ് മത്സരത്തിന്റെ ഹ്യൂസിന്റെ അവസാന സ്‌കോര്‍ 63 റിട്ടയേര്‍ഡ് ഹര്‍ട്ട് എന്നതിന് പകരം 63 നോട്ടൗട്ട് എന്നാണ് നല്‍കിയിരിക്കുന്നത്. നേപ്പാളില്‍ ഓസ്ട്രേലിയക്കാരടങ്ങുന്നവര്‍ 63 ഓവര്‍ ക്രിക്കറ്റ് മത്സരം നടത്തിയാണ് ഹ്യൂസിന് അദരമര്‍പ്പിച്ചത്.

ഓസ്ട്രേലിയക്കായി 26 ടെസ്റ്റുകളും 25 ഏകദിനങ്ങളും ഒരു ട്വന്റി 20-യും ഹ്യൂസ് കളിച്ചിട്ടുണ്ട്. 2009-ല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ മാത്യു ഹെയ്ഡന് പകരക്കാരനായാണ് ഹ്യൂസ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ടെസ്റ്റ് ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായ ഹ്യൂസ് രണ്ടാം ഇന്നിങ്‌സില്‍ 75 റണ്‍സുമായി  ടീമിന്റെ ടോപ് സ്‌കോററായി.

എന്നാല്‍ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ തന്റെ ആദ്യ സെഞ്ചുറി കണ്ടെത്തിയ ഹ്യൂസ് രണ്ടാം ഇന്നിങ്‌സിലും മൂന്നക്കത്തിലെത്തി. അന്ന് വെറും 20 വയസും 96 ദിവസവുമായിരുന്നു ഹ്യൂസിന്റെ പ്രായം. ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ഹ്യൂസ് സ്വന്തമാക്കിയിരുന്നു.  

27th november 2014 phillip hughes 63 not out

2013 ജനുവരിയില്‍ ശ്രീലങ്കക്കെതിരെയായിരുന്നു ഹ്യൂസിന്റെ ഏകദിന അരങ്ങേറ്റം. അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി നേടിയ ഹ്യൂസ്, നേട്ടം കൈവരിക്കുന്ന ആദ്യ ഓസ്ട്രേലയിക്കാരനുമായി. ഹ്യൂസിന്റെ മരണത്തിനു ശേഷം ക്ലാര്‍ക്ക് പറഞ്ഞ വാക്കുകള്‍ ഇപ്രകാരമാണ്, ' ക്രിക്കറ്റിനെ സ്നേഹിക്കുന്നവരുടെ ഉള്ളില്‍ ഒരു നീറ്റലായി, കാലത്തിന് മായ്ക്കാനാകത്ത മുറിവായി ഹ്യൂസ് എന്നുമുണ്ടാകും.' അതെ ക്രിക്കറ്റ് ഉള്ളിടത്തോളം കാലം ഹ്യൂസിന്റെ ഓര്‍മ്മകള്‍ക്കും മരണമില്ല.

27th november 2014 phillip hughes 63 not out

ക്രിക്കറ്റ് പിച്ചില്‍ ചോരവാര്‍ന്ന മറ്റു സംഭവങ്ങള്‍

ഹ്യൂസ് മാത്രമല്ല ക്രിക്കറ്റ് പിച്ചില്‍ ഓര്‍മ്മകള്‍ ബാക്കിയാക്കി വിട്ടുപിരിഞ്ഞത്. ക്രിക്കറ്റ് മൈതാനത്ത് വെച്ച് പരിക്കേറ്റ് മരണമടയുന്ന എട്ടാമത്തെ താരമാണ് ഹ്യൂസ്. (ഐ.സി.സിയുടെ ഔദ്യോഗിക കണക്കനുസരിച്ച്).

1998-ല്‍ ബംഗ്ലാദേശ് ഒന്നാം ഡിവിഷന്‍ ടൂര്‍ണമെന്റായ ധാക്ക ലീഗ് മത്സരത്തില്‍ അബഹാനി ക്രീഡാ ചക്ര ക്ലബിനു കളിക്കുമ്പോള്‍ ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ രമണ്‍ ലാബയ്ക്ക് ഫീല്‍ഡിങിനിടെ പന്ത് തലയില്‍ കൊണ്ട് സാരമായി പരിക്കേറ്റിരുന്നു. മൂന്നാം ദിവസം ലാബ ഈ ലോകത്തോടെ വിട പറഞ്ഞു.

മികച്ച ബൗളറായിരുന്നു ഇംഗ്ലിഷ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം ഇയാന്‍ ഫോളി. 1993-ല്‍ വൈറ്റ് ഹാവനുവേണ്ടി കളിക്കുമ്പോള്‍ കണ്ണിനു തൊട്ടുതാഴെ പന്തു കൊണ്ട് സാരമായി പരിക്കേറ്റായിരുന്നു ഫോളിയുടെ മരണം.

1870-ല്‍ നോട്ടിങ്ഹാംഷെറിന്റെ ജോര്‍ജ് സമ്മേഴ്സ് മരണമടഞ്ഞതും തലയ്ക്ക് പന്തുകൊണ്ടാണ്.

1959-ല്‍ പാക്കിസ്ഥാന്റെ അബ്ദുല്‍ അസീസ് എന്ന പതിനേഴുകാന്‍ ഒരു പ്രാദേശിക ക്രിക്കറ്റ് മത്സരത്തിന്റെ ഫൈനലിനിടെ നെഞ്ചില്‍ കൊണ്ടാണ് മരിച്ചത്.

2013-ല്‍ ദക്ഷിണാഫ്രിക്കയിലെ ഒരു പ്രാദേശിക മത്സരത്തില്‍ ബാറ്റു ചെയ്യവേ ദക്ഷിണാഫ്രിക്കക്കാരന്‍ ഡാരന്‍ റാന്‍ഡല്‍ പന്ത് തലയില്‍ കൊണ്ട് മരിക്കുകയായിരുന്നു. 

2013-ല്‍ തന്നെ പാക്കിസ്ഥാന്‍ പ്രാദേശിക ലീഗ് താരം സുള്‍ഫിക്കര്‍ ഭാട്ടി ബൗണ്‍സര്‍ കളിക്കാനുള്ള ശ്രമത്തിനിടെ പന്ത് നെഞ്ചിലിടിച്ചു മരിച്ചു. സുക്കൂറില്‍ പ്രാദേശിക മല്‍സരത്തിനിടയ്ക്കായിരുന്നു അപകടം. പിച്ചില്‍ കുഴഞ്ഞുവീണ ഭാട്ടിയെ ഉടന്‍ ആശുപത്രിയേലേക്ക് കൊണ്ടു പോയി. എന്നാല്‍ വഴിമധ്യേ മരിച്ചു.

2012-ല്‍ റിച്ചാര്‍ഡ് ബൗമണ്ട് എന്ന ഫാസ്റ്റ് ബൗളറുടെ മരണത്തിന് കാരണമായത് ഹൃദയാഘാതമായിരുന്നു. മത്സരത്തില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ശേഷം ആഘോഷത്തിലായിരുന്നു ബൗമണ്ട്. എന്നാല്‍ തൊട്ടുപിന്നാലെ മൈതാനത്ത് കുഴഞ്ഞുവീണു. ഹെലികോപ്റ്ററില്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Content Highlights: 27th november 2014 phillip hughes 63 not out