ടെലിവിഷനില്‍ ആദ്യമായി ക്രിക്കറ്റ് മത്സരം കാണുന്നതിന് മുമ്പുതന്നെ ഞങ്ങള്‍ പാടത്ത് കളി തുടങ്ങിയിരുന്നു. വൈക്കത്തിനടുത്ത ഒരു ഗ്രാമത്തില്‍ കളിച്ചുതുടങ്ങിയപ്പോള്‍ ഞങ്ങളുടെ ആയുധം തെങ്ങിന്റെ മട്ടലും മൂന്ന് കുറ്റികളും റബ്ബര്‍ ബോളുകളുമായിരുന്നു.

എണ്‍പതുകളുടെ മധ്യത്തില്‍ ഇന്ത്യ- വെസ്റ്റിന്‍ഡീസ് ടെസ്റ്റാണ് ആദ്യമായി ടി.വി. യില്‍ കാണുന്നത്. പാടത്ത് ഞങ്ങള്‍ കളിക്കുന്നതും ടെലിവിഷനില്‍ കാണുന്നതും ഒരേ കളിയോ എന്ന് ആദ്യം സംശയിച്ചു. അത്രയേറെ വ്യത്യാസമുണ്ടായിരുന്നു രണ്ടും തമ്മില്‍. അന്ന് സുനില്‍ ഗാവസ്‌കര്‍ സെഞ്ചുറി നേടി. പിന്നാലെ കപില്‍ദേവും. ആദ്യം കണ്ട കളി, ആദ്യത്തെ സെഞ്ചുറി... അവര്‍ എന്റെ ഹീറോസായി.

ട്രാജഡി

സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കേ, ക്രിക്കറ്റ് കാണാന്‍വേണ്ടി ആദ്യമായി ക്ലാസ്സ് കട്ട് ചെയ്തത് 1987 ലോകകപ്പ് സെമിയില്‍ ഇന്ത്യ-ഇംഗ്ലണ്ട് മത്സരം കാണാനാണ്. അതേ ലോകകപ്പില്‍ ന്യൂസീലന്‍ഡിനെതിരേ സുനില്‍ ഗാവസ്‌കര്‍ സെഞ്ചുറി നേടിയിരുന്നു, ഏകദിനത്തില്‍ അദ്ദേഹത്തിന്റെ ഒരേയൊരു സെഞ്ചുറി. അതേ മത്സരത്തില്‍ ഇന്ത്യയുടെ ചേതന്‍ ശര്‍മ ഹാട്രിക്കും നേടി. ലോകകപ്പില്‍ നിലവിലെ ജേതാക്കളാണ് ഇന്ത്യ. സെമി ഫൈനലിന്റെ ആവേശവും പ്രതീക്ഷയും പറഞ്ഞറിയിക്കാനാകില്ല. സെമിയില്‍ ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ 254 റണ്‍സെടുത്തു. മുഹമ്മദ് അസ്ഹറുദ്ദീനും (74 പന്തില്‍ 64 റണ്‍സ്) കപില്‍ദേവും (22 പന്തില്‍ 30) ഫോമിലായതോടെ ഇന്ത്യ ജയിക്കുകയാണെന്ന് തോന്നി. ആവേശം ആകാശംമുട്ടെ വളര്‍ന്നു. എന്നാല്‍, ഏഴാമനായ രവി ശാസ്ത്രി മുട്ടിമുട്ടി പന്തുകള്‍ പാഴാക്കിയതോടെ റണ്‍റേറ്റ് കുത്തനെ താഴ്ന്നു. ഇന്ത്യ 35 റണ്‍സിന് തോറ്റു.

ഞങ്ങളുടെ പ്രതീക്ഷകള്‍ രവിശാസ്ത്രിക്കെതിരായ പ്രാക്കായി രൂപംമാറി. അന്ന് കളി കണ്ടവരെല്ലാം ശാസ്ത്രിയെ തെറിവിളിച്ചിട്ടുണ്ടാകുമെന്നുറപ്പ്. ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിവസങ്ങളിലൊന്നായി അത്. 1996 ലോകകപ്പ് സെമിയില്‍ ശ്രീലങ്കയ്‌ക്കെതിരായ സെമിയിലെ തോല്‍വിയും എന്നെ വേദനിപ്പിച്ചു.

ത്രില്ലര്‍

സിനിമയെ വെല്ലുന്ന ത്രില്ലറുകള്‍ ചിലപ്പോള്‍ ഗ്രൗണ്ടില്‍ അരങ്ങേറാറുണ്ട്. 1998 ഇന്‍ഡിപെന്‍ഡന്‍സ് കപ്പ് ഫൈനലില്‍ പാകിസ്താനെതിരേ ഇന്ത്യ ജയിച്ചതിന്റെ ആവേശം ഇപ്പോഴും എന്നെ വിട്ടുപോയിട്ടില്ല. ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ 50 ഓവറില്‍ അടിച്ച 314 റണ്‍സ് അന്നത്തെ മികച്ച ടോട്ടലായിരുന്നു. അന്നോളം ഏകദിനത്തില്‍ അത്ര ഉയര്‍ന്ന സ്‌കോര്‍ ചേസ് ചെയ്തിട്ടില്ല. ഇന്ത്യയ്ക്കുവേണ്ടി 26 പന്തില്‍ 41 റണ്‍സടിച്ച് ഓപ്പണര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ കളി മാറുകയാണെന്ന് പ്രഖ്യാപിച്ചു. പിന്നാലെ സൗരവ് ഗാംഗുലിയും (124) റോബിന്‍ സിങ്ങും (82) അത് ഏറ്റെടുത്തപ്പോള്‍ ആവേശം മൂത്തു. മധ്യനിര തകര്‍ന്നപ്പോള്‍ പാകിസ്താന്‍ വീണ്ടും പിടിമുറുക്കി. പിന്നെ ഓരോ പന്തുകളും നമ്മളെ പിടിച്ചുലച്ചുകൊണ്ടാണ് കടന്നുപോയത്. അവസാന രണ്ട് പന്തില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് മൂന്ന് റണ്‍സ്.

പരിചയസമ്പന്നനായ പാക് സ്പിന്നര്‍ സഖ്ലൈന്‍ മുഷ്താഖ് എറിഞ്ഞ അഞ്ചാം പന്ത്, ഹൃഷികേശ് കനിത്കര്‍ എന്ന യുവ ഓള്‍റൗണ്ടര്‍ ബൗണ്ടറിയിലേക്ക് പായിച്ചപ്പോള്‍ ഇന്ത്യയുടെ ഹൃദയം നിറഞ്ഞുതുളുമ്പി. ഒരൊറ്റ മത്സരംകൊണ്ട് കനിത്കര്‍ സ്റ്റാറായി. ഇന്ത്യയ്ക്ക് റെക്കോഡ് വിജയവും കിരീടവും. 2012-ലെ ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ശ്രീലങ്കയ്‌ക്കെതിരേ 36.4 ഓവറില്‍ 321 റണ്‍സെടുത്ത് ഇന്ത്യയെ ജയിപ്പിച്ച വിരാട് കോലിയുടെ പ്രകടനവും (133 നോട്ടൗട്ട്) മറക്കാറായിട്ടില്ല.

Content Highlights: 1998 independence cup final abrid shine cricket memories