1983-ല്‍ ഇംഗ്ലണ്ടില്‍ അരങ്ങേറിയ ക്രിക്കറ്റ് ലോകകപ്പിനെ ഏറെ ആവേശത്തോടെയാണ് ഞങ്ങള്‍ കാത്തിരുന്നത്- ടി.എന്‍.ഗോപകുമാറും ഞാനുമുള്‍പ്പെടെയുള്ളവര്‍. 'മാതൃഭൂമി'യില്‍ ഞങ്ങള്‍ എത്തിയിട്ട് രണ്ടു വര്‍ഷമായിട്ടില്ല. ലോകം വെട്ടിപ്പിടിക്കാനുള്ള ആവേശത്തില്‍ നില്‍ക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരാണ് അന്ന് മാതൃഭൂമിയിലുള്ളത്. പലരും കാമ്പസില്‍നിന്നു നേരിട്ടു ജോലിക്കെത്തിയവര്‍. സാഹിത്യവും സ്‌പോര്‍ട്സും സിനിമയുമെല്ലാം ജീവവായുവായി കൊണ്ടുനടന്നവര്‍. ഞങ്ങള്‍ക്കെല്ലാം വഴിവിളക്കായി മലയാള പത്രപ്രവര്‍ത്തനത്തിലെ കുലപതിയായ ടി.വേണുഗോപാലക്കുറുപ്പെന്ന വേണുക്കുറുപ്പും. ലോകത്തിനു കീഴിലുള്ള ഏതു വിഷയത്തെക്കുറിച്ചും അദ്ദേഹത്തിന് ആഴത്തിലുള്ള അറിവുണ്ട്. പത്രരൂപകല്‍പ്പനയിലെ ദ്രോണാചാര്യരും.
കൂട്ടത്തില്‍ ക്രിക്കറ്റില്‍ ഏറെ താല്‍പ്പര്യമുള്ളത് ഗോപനും എനിക്കുമാണ്. യൂണിവേഴ്സിറ്റി കോളേജ് ടീമിന്റെ ഓപ്പണറായിരുന്നു ഞാന്‍. ഗോപന്‍ ശുചീന്ദ്രത്ത് ക്ലബ്ബ് ക്രിക്കറ്റ് കളിക്കാരനും. ലോകകപ്പ് ക്രിക്കറ്റിന്റെ വാര്‍ത്തകള്‍ എഴുതാനുള്ള ചുമതല എനിക്കും ഗോപനുമായി.
ആയിടയ്ക്കാണ് മാതൃഭൂമിയില്‍ ടെലിവിഷന്‍ എത്തുന്നത്. സ്വാതിതിരുനാള്‍ പണിയിച്ച തഞ്ചാവൂര്‍ അമ്മവീട്ടിലാണ് അന്നത്തെ മാതൃഭൂമി ഓഫീസ്. അവിടുത്തെ ഇടുങ്ങിയ ഒരു അറപ്പുരമുറിയിലാണ് ടെലിവിഷന്‍ വച്ചിരുന്നത്. ആ മുറിയിലിരുന്ന് ടി.വി. കണ്ടാണ് ഗോപനും ഞാനും ലോകകപ്പ് കവര്‍ ചെയ്തത്.
1983 ജൂണ്‍ 25. അന്നൊരു ശനിയാഴ്ചയായിരുന്നു. ക്രിക്കറ്റ് പണ്ഡിതന്മാരുടെ മാത്രമല്ല, ആരാധകരുടെപോലും പ്രതീക്ഷകള്‍ക്കപ്പുറത്തുള്ള പ്രകടനത്തോടെയാണ് ഇന്ത്യ ഫൈനലിലെത്തിയത്. എതിരാളികള്‍ പക്ഷേ, വെസ്റ്റിന്‍ഡീസാണ്. സാക്ഷാല്‍ ക്ലൈവ് ലോയ്ഡിന്റെ നേതൃത്വത്തില്‍ ലോകം കീഴടക്കിയ സംഘം. അവര്‍ ഹാട്രിക് കിരീടം നേടുമെന്നാണ് കടുത്ത ഇന്ത്യന്‍ ആരാധകര്‍പോലും ഉറച്ചു വിശ്വസിച്ചിരുന്നത്. അതിനു കാരണവുമുണ്ട്. ആന്‍ഡി റോബര്‍ട്സ്, ജോയല്‍ ഗാര്‍ണര്‍, മാല്‍ക്കം മാര്‍ഷല്‍, മൈക്കല്‍ ഹോള്‍ഡിങ് തുടങ്ങിയവര്‍ അണിനിരക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച ബൗളിങ് സംഘം. ബാറ്റിങ്ങില്‍ വിവിയന്‍ റിച്ചാര്‍ഡ്സും ക്ലൈവ് ലോയ്ഡും ഗോര്‍ഡന്‍ ഗ്രീനിഡ്ജും ഡെസ്മണ്ട് ഹെയ്ന്‍സും ജഫ് ഡുജോണുമൊക്കെയടങ്ങിയ കരുത്തന്മാര്‍. പ്രാഥമിക റൗണ്ടില്‍ ഇന്ത്യ, വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ചിരുന്നെങ്കിലും അതൊന്നും ഒരു പിടിവള്ളിപോലുമായി ആരും കരുതിയിരുന്നില്ല. കഴിഞ്ഞ രണ്ടു ലോകകപ്പുകളിലും ക്ലൈവ് ലോയ്ഡിന്റെയും സംഘത്തിന്റെയും ആധിപത്യമായിരുന്നു.
അന്ന് ഇന്ത്യന്‍ സമയം ഏകദേശം മൂന്നുമണി കഴിഞ്ഞാണ് ലോര്‍ഡ്സില്‍ മത്സരം തുടങ്ങിയതെന്നാണ് എന്റെ ഓര്‍മ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 183 റണ്‍സിന് ഓള്‍ ഔട്ടായതോടെ ഞങ്ങളുടെ എല്ലാ പ്രതീക്ഷകളും ഏറക്കുറെ അസ്തമിച്ചു. ഇതിനിടെ ഞങ്ങള്‍ ആദ്യ എഡിഷനുകളിലേക്കുള്ള വാര്‍ത്ത എഴുതിക്കൊടുത്തുകൊണ്ടിരുന്നു. ഫോട്ടോഗ്രാഫര്‍ രാജന്‍ പൊതുവാള്‍ ടെലിവിഷനില്‍നിന്ന് ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.
വെസ്റ്റിന്‍ഡീസ് ബാറ്റിങ്ങിനിറങ്ങിയപ്പോള്‍, 183 എന്ന ചെറിയ സ്‌കോര്‍ അവര്‍ എത്ര ഓവറില്‍ മറികടക്കുമെന്നു മാത്രമേ അറിയേണ്ടതുണ്ടായിരുന്നുള്ളൂ. ഒരു റണ്‍ മാത്രമെടുത്ത ഗ്രീനിഡ്ജിനെ, ബല്‍വീന്ദര്‍സിങ് സന്ധു ക്ലീന്‍ ബൗള്‍ഡാക്കിയപ്പോഴും ആരും അദ്ഭുതമൊന്നും പ്രതീക്ഷിച്ചില്ല. ഹെയന്‍സും വിവിയന്‍ റിച്ചാര്‍ഡ്സും തകര്‍ത്തടിച്ചു മുന്നേറുകയാണ്. അതിനിടെ, മദന്‍ലാല്‍ ഹെയ്ന്‍സിനെ പുറത്താക്കിയെങ്കിലും റിച്ചാര്‍ഡ്സ് സംഹാരഭാവത്തില്‍ ക്രീസിലുണ്ട്. 28 പന്തില്‍ ഏഴ് ബൗണ്ടറികളടക്കം 33 റണ്‍സ് നേടിയ റിച്ചാര്‍ഡ്സിനെ മദന്‍ലാലിന്റെ പന്തില്‍ കപില്‍ദേവ് അവിശ്വസനീയ ക്യാച്ചില്‍ പുറത്താക്കിയപ്പോള്‍ കളി മറിഞ്ഞു. ആ നിമിഷം വേണുക്കുറുപ്പ് ഒരു ദീര്‍ഘദര്‍ശിയെപ്പോലെ പറഞ്ഞു- 'നമ്മള്‍ കളി ജയിക്കും. സിറ്റി എഡിഷനില്‍ ഇത് മെയിന്‍ വാര്‍ത്തയാക്കിയായിരിക്കും നമ്മള്‍ പത്രമിറക്കുക'.
പിന്നീട് ദീര്‍ഘ മനനത്തിലേക്ക് അദ്ദേഹം പോകുകയാണ്. വലിയൊരു സംഭവമുണ്ടാകുമ്പോള്‍ അതാണ് അദ്ദേഹത്തിന്റെ രീതി. നമ്മളൊന്നും സ്വപ്നം കാണുന്നതിനുമപ്പുറം സൗന്ദര്യവും ശക്തിയുമുള്ള ഒരു ഒന്നാം പേജ് അദ്ദേഹത്തിന്റെ മനസ്സില്‍ രൂപംകൊണ്ടിരിക്കും. അതിനിടയില്‍ വലിച്ചു തള്ളുന്ന സിസേഴ്സ് സിഗരറ്റുകള്‍ക്കു കണക്കില്ല.
വേണുക്കുറുപ്പ് പ്രവചിച്ചതുപോലെ കളി പിന്നീട് ഇന്ത്യയുടെ കൈകളിലേക്കു ചായുന്നതാണ് ഞങ്ങള്‍ കണ്ടത്. അതിനിടെ, ജഫ് ഡുജോണും മാല്‍ക്കം മാര്‍ഷലും ചേര്‍ന്ന് ചെറുത്തുനില്‍പ്പു നടത്തിയപ്പോള്‍ ഞങ്ങളുടെയെല്ലാം നെഞ്ചില്‍ തീയായി. ഇന്ത്യയുടെ ജയത്തെക്കുറിച്ചു മാത്രമല്ല, പത്രം വൈകുന്നതിനെക്കുറിച്ചും ഒരുപോലെയായി ടെന്‍ഷന്‍. ഡെഡ് ലൈന്‍ കടന്നുപോകുകയെന്നത്(പത്രം വൈകുക) പത്രമോഫീസിലെ അക്ഷന്തവ്യമായ കുറ്റമാണ്. ഡെഡ് ലൈന്‍ കടന്നുപോയാല്‍ എല്ലാ സിസ്റ്റവും താളംതെറ്റും.
ഇവിടെ ഡെഡ് ലൈന്‍ കടന്നിട്ടും കളി അവസാനിക്കുന്നില്ല. അന്നത്തെ ചാര്‍ജുള്ള ജൂനിയര്‍ സൂപ്രണ്ട് പ്രസന്നന്‍ പരിഭ്രാന്തിയോടെ നില്‍ക്കുകയാണ്. ഇടയ്ക്കു വന്ന് ഞങ്ങളോട് എന്തായി എന്നന്വേഷിക്കും. വേണുക്കുറുപ്പിനു മാത്രം ഒരു കുലുക്കവുമില്ല.
ഒടുവില്‍ മൈക്കല്‍ ഹോള്‍ഡിങ്ങിനെ മൊഹീന്ദര്‍ അമര്‍നാഥ് വിക്കറ്റിനു മുന്നില്‍ കുരുക്കിയപ്പോള്‍ഞങ്ങളെല്ലാവരും ഒരുപോലെ ആശ്വസിക്കുകയും സന്തോഷിക്കുകയും ചെയ്തു. ഇതാ ഇന്ത്യ ലോകം കീഴടക്കിയിരിക്കുന്നു. കപിലിന്റെ ചെകുത്താന്മാര്‍(ആദ്യം പരിഹാസരൂപേണയാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ ഈ വാക്ക് ഉപയോഗിച്ചത്) കപ്പുയര്‍ത്തുന്നു.
പിന്നീടാണ് വേണുക്കുറുപ്പിന്റെ മാന്ത്രികസ്പര്‍ശം ഞങ്ങള്‍ നേരിട്ടു കണ്ടത്. 'ജയിച്ചു! ക്രിക്കറ്റ് കിരീടം ഇന്ത്യയ്ക്ക്' എന്ന തലക്കെട്ടിലാണ് ഇന്ത്യയുടെ കിരീടനേട്ടം മെയിന്‍ സ്റ്റോറിയായി അവതരിപ്പിച്ചത്. തലക്കെട്ട് സാക്ഷാല്‍ വേണുക്കുറുപ്പിന്റെ തന്നെ.
ടോപ്പില്‍ എട്ടു കോളത്തില്‍ കപില്‍ദേവ് കിരീടമുയര്‍ത്തുന്നതുള്‍പ്പെടെ നാലു ചിത്രങ്ങള്‍. അതിനു താഴെ ആദ്യ രണ്ടു കോളത്തില്‍ ബോട്ടം വരെ ഇന്ത്യയുടെ 14 താരങ്ങളുടെയും-ലോകകപ്പില്‍ ഒറ്റ മത്സരം പോലും കളിക്കാതിരുന്ന മലയാളിയായ സുനില്‍ വത്സന്റെയുള്‍പ്പെടെ- ചിത്രങ്ങള്‍ ഒരോ ക്രിക്കറ്റ് പന്തിനുള്ളിലായി കൊടുത്തു. ലേ ഔട്ട് ആര്‍ട്ടിസ്റ്റ് ജയറാം, വേണുക്കുറുപ്പിന്റെ മനസ്സറിഞ്ഞതുപോലെയുള്ള ഒരു പേജാണ് തയ്യാറാക്കിയത്.
അത്രയും പ്രൊഫഷണലായ ഒരു പത്രം അന്ന് മലയാളത്തില്‍ ഇറങ്ങിയിട്ടില്ല. തിരുവനന്തപുരം സിറ്റി എഡിഷനില്‍ മുഴുവന്‍ ഈ പത്രമാണ് അന്നു വിതരണം ചെയ്തത്. ഇന്ത്യക്കൊപ്പം ഞങ്ങളും ലോകകപ്പ് നേടിയ സന്തോഷത്തിലായിരുന്നു. തിരുവനന്തപുരത്ത് 'മാതൃഭൂമി'ക്ക് വലിയൊരു കുതിപ്പാണ് അന്നത്തെ പത്രം നല്‍കിയത്. ആ ദിവസത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇന്നും രോമം എഴുന്നുനില്‍ക്കും. അതായിരുന്നു ആ ടീം വര്‍ക്കും ആവേശവും.
(മാതൃഭൂമി സീനിയര്‍ സബ്എഡിറ്ററും സ്‌പോര്‍ട്സ് ലേഖകനുമായ പി.ജെ.ജോസുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്)
Content Highlights: 1983 cricket world cup reporting memories