മാറക്കാനയുടെ നെഞ്ചില്‍ ഒരു കഠാര ആഞ്ഞുതറച്ചു. ചുടുചോര ചീറ്റുന്ന ഹൃദയവുമായ് ബ്രസീല്‍ നിന്നുപുളഞ്ഞു. തലസ്ഥാനമായ റിയോഡി ജനെയ്റോയിലേക്കുള്ള വഴികള്‍ വിലപിച്ചുനിന്നു. ലോകഫുട്ബോളിന്റെ അഭിജാതപാരമ്പര്യം തുളുമ്പിയ ഒരു തുള്ളി കണ്ണുനീരിന് ബ്രസീല്‍ എന്ന് പേര്.

ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലില്‍ ബ്രസീലിന്റെ സ്വപ്നങ്ങളെ ആ മണ്ണില്‍ത്തന്നെ ചുട്ടുചാമ്പലാക്കി യുറഗ്വായ് ചാമ്പ്യന്‍മാരായി. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു യുറഗ്വായുടെ വിജയം. ബ്രസീലിയന്‍ ഫുട്ബോളിന്റെ അള്‍ത്താരയായ മാറക്കാന സ്റ്റേഡിയത്തില്‍ നിറഞ്ഞ രണ്ടു ലക്ഷത്തിലേറെ കാണികള്‍, തങ്ങളുടെ ലോകം കീഴ്മേല്‍മറിഞ്ഞ ഞെട്ടലില്‍ നിശ്ശബ്ദരായ് വീടുകളിലേക്ക് മടങ്ങി. അവരില്‍ പലര്‍ക്കും മനോനില നഷ്ടപ്പെട്ടിരുന്നു.

യുറഗ്വായുടെ പ്രതിരോധത്തെ അതിജീവിക്കാന്‍ ബ്രസീല്‍ നടത്തിയ വിഫലശ്രമങ്ങളാല്‍ സമ്പന്നമായിരുന്നു ആദ്യപകുതി. ഗോളടിക്കാന്‍ അനുവദിക്കാതെ യുറഗ്വായ് ബ്രസീലിനെ കെട്ടിവരിഞ്ഞു. എന്നാല്‍, ഇടവേള രണ്ടു മിനിറ്റു പിന്നിടുമ്പോള്‍ ബ്രസീല്‍ കുതറിക്കുതിച്ചെത്തി. അല്‍ബിനോ ഫ്രിയാക കാര്‍ഡിസോ എന്ന സാവോപോളോ ഫോര്‍വേഡ് പായിച്ച താഴ്ന്ന ഷോട്ട് യുറഗ്വായ് ഗോള്‍ കീപ്പര്‍ റോക്കി മസ്പോളിക്ക് എത്തിപ്പിടിക്കാനായില്ല. ബ്രസീല്‍ 1-0. മാറക്കാനയുടെ തൊണ്ടപൊട്ടി ചോരകിനിഞ്ഞു.

ബ്രസീലിന് അതു മതിയായിരുന്നു. 16 ടീമുകള്‍ പങ്കെടുത്ത, റൗണ്ട് റോബിന്‍ അടിസ്ഥാനത്തിലുള്ള ഈ ലോകകപ്പില്‍ ബ്രസീലിന് കിരീടം നേടാന്‍ ഒരു സമനില ധാരാളമായിരുന്നു. യുറഗ്വായ്ക്ക് ജയം ഉറപ്പായും വേണം. കാരണം, അവസാനമത്സരത്തിനുമുമ്പുള്ള റൗണ്ട് റോബിന്‍ ടേബിളില്‍ ബ്രസീലിന് ഒരു പോയന്റ് താഴെയായിരുന്നു യുറഗ്വായ്. രണ്ടു ഗോള്‍ തിരിച്ചടിക്കുകയും, ഒപ്പം ഗോള്‍ വഴങ്ങാതിരിക്കുകയും ചെയ്താലേ യുറഗ്വായ്ക്ക് സാധ്യതയുള്ളൂ.

പക്ഷേ, ബ്രസീല്‍ ആദ്യഗോള്‍ അടിച്ചതോടെ യുറഗ്വായ് ചോരമണത്തു. യുറഗ്വായ് ക്യാപ്റ്റന്‍ ഒബ്ദുലിയോ വരേല നാവുനീട്ടി അത് നുണഞ്ഞെടുത്തു. ബ്രസീലിന്റെ ഗോള്‍ ഓഫ്‌സൈഡാണെന്ന് അദ്ദേഹം വാദിച്ചു. പന്തുമായി റഫറിയുടെ അടുത്തെത്തി തര്‍ക്കിച്ചു, ഫലിച്ചില്ല. സമയം കളയാനുണ്ടായിരുന്നില്ല. പന്ത് കളിക്കളത്തിന്റെ നടുവില്‍ കൊണ്ടുവെച്ച് വരേല തന്റെ ടീമംഗങ്ങളോട് ഉറക്കെ പറഞ്ഞു: ''ഇപ്പോള്‍, ഇതാണ് വിജയത്തിന്റെ സമയം''.

അന്നു രാവിലത്തെ ക്യാപ്റ്റന്റെ പ്രകടനങ്ങള്‍ യുറഗ്വായ് താരങ്ങളുടെ മനസ്സിലുണ്ടായിരുന്നു. ബ്രസീലിയന്‍ പത്രമായ 'ഒ മുണ്ടോ' ബ്രസീലിന്റെ വിജയം, മത്സരത്തിനുമുമ്പേ ആഘോഷിച്ച് പ്രത്യേക പ്രഭാതപത്രം ഇറക്കിയിരുന്നു. അതുകണ്ട യുറഗ്വായ് ക്യാപ്റ്റന്‍ ക്ഷുഭിതനായി. ആ പത്രങ്ങളുടെ കോപ്പികള്‍ അദ്ദേഹം കളിക്കാരുടെ ടോയ്ലറ്റുകളിലേക്കിട്ടിരുന്നു. അതില്‍മേല്‍ മൂത്രമൊഴിക്കാനും പറഞ്ഞു. സഹതാരങ്ങളുടെ ആത്മവിശ്വാസമുയര്‍ത്താനായിരുന്നു ആ ചെയ്തികള്‍. അതു ചെയ്തുവന്ന് കളിച്ച താരങ്ങള്‍ ഈ നിമിഷം വരേല പറഞ്ഞത് അനുസരിച്ചു. അവരുടെ കാലുകളില്‍ ഇരട്ടി ഊര്‍ജമായി. പ്രതിരോധംവിട്ട് ആക്രമിക്കൂ എന്നുകൂടി കേട്ടതോടെ യുറഗ്വായ് ടീമില്‍ സ്‌ഫോടനങ്ങള്‍ നടന്നു. ബ്രസീല്‍ പ്രതിരോധത്തില്‍ വെടിയുണ്ടകള്‍ പതിച്ചു.

66-ാം മിനിറ്റ്. യുവാന്‍ ആല്‍ബര്‍ട്ടോ ഷിയാഫിനോ എന്ന യുറഗ്വായുടെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ആ അദ്ഭുതം കൊണ്ടുവന്നു. സമനില (1-1). അവിടംകൊണ്ട് അവസാനിക്കണേ എന്ന് മാറക്കാനയിലെ രണ്ടു ലക്ഷവും പ്രാര്‍ഥിച്ചു. പക്ഷേ, വരാനുള്ളതിനെ തടുക്കാന്‍ ബ്രസീലിന്റെ ഗോള്‍ പോസ്റ്റിന് കഴിയുമായിരുന്നില്ല.

79-ാം മിനിറ്റ്. മൊയാസിര്‍ ബാര്‍ബോസ നാസിമാന്റോ എന്ന ബ്രസീലിയന്‍ ഗോള്‍ കീപ്പര്‍ അവസാന ചോരയും ചിന്തി പിന്‍വാങ്ങി. ബാര്‍ബോസയ്ക്കും ഗോള്‍ പോസ്റ്റിനും ഇടയില്‍ നന്നേ ചെറിയ വിടവേ ഉണ്ടായിരുന്നുള്ളൂ. വലതുവിങ്ങില്‍നിന്ന് കുതിച്ചെത്തിയ ആല്‍സിഡെസ് എല്‍ഗാര്‍ഡോ ഗിഗിയ പെരെയ്റ അത് സാധ്യമാക്കി (യുറഗ്വായ് 2-1).

ബ്രസീല്‍ നിശ്ശബ്ദം. ഒരു ശവസംസ്‌കാരച്ചടങ്ങു മാത്രമേ ഈ രാജ്യത്തിന് ബാക്കിയുള്ളൂ എന്ന് മനസ്സ് പറയുന്നു.

Content Highlights: 1950 World Cup final Brazil and Uruguay 70 years on from the Maracanazo