ഫ്ളിന്റോഫിനുള്ളത് യുവി ബ്രോഡിന് കൊടുത്ത ദിനം; കിങ്സ്മീഡിലെ യുവിയുടെ 'ആറാട്ടി'ന് ഇന്ന് 15 വയസ്


By അഭിനാഥ് തിരുവലത്ത്‌

4 min read
Read later
Print
Share

ദക്ഷിണാഫ്രിക്കയിലെ കിങ്സ്മീഡ് മൈതാനത്ത് യുവിയോട് കൊളുത്തിയത് ആന്‍ഡ്രു ഫ്ളിന്റോഫായിരുന്നെങ്കിലും അതിന് പണി കിട്ടിയത് പാവം ബ്രോഡിനായിരുന്നു

Photo: Getty Images

ക്രിക്കറ്റ് മൈതാനത്ത് ചരിത്രത്തില്‍ ഇടംനേടിയ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ക്ക് നമ്മള്‍ സാക്ഷിയായിട്ടുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഇരട്ട സെഞ്ചുറിയും രോഹിത് ശര്‍മയുടെ റെക്കോഡ് ഇരട്ട സെഞ്ചുറി ഇന്നിങ്‌സും മുത്തയ്യ മുരളീധരന്റെ 800 വിക്കറ്റ് പ്രകടനവും ഷെയ്ന്‍ വോണിന്റെ നൂറ്റാണ്ടിന്റെ പന്തും കുംബ്ലെയുടെ 10 വിക്കറ്റ് നേട്ടത്തിനുമെല്ലാം നമ്മളില്‍ ചിലരെങ്കിലും ടിവി സ്‌ക്രീനിലൂടെയും അല്ലാതെയും സാക്ഷികളായിട്ടുണ്ട്. അത്തരത്തിലുള്ള ഒരു മുഹൂര്‍ത്തത്തിന്റെ 15-ാം വര്‍ഷികമാണ് ഇന്ന്. ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ നിന്ന് ഇന്നും മായാതെ നില്‍ക്കുന്ന ആ സംഭവത്തിലെ നായകന്‍ മുന്‍ ഇന്ത്യന്‍ താരം യുവ്‌രാജ് സിങ്ങായിരുന്നു. പ്രഥമ ട്വന്റി 20 ലോകകപ്പിനിടെ ദക്ഷിണാഫ്രിക്കയിലെ കിങ്സ്മീഡ് മൈതാനത്ത് യുവി തകര്‍ത്താടിയിട്ട് ഇന്നേക്ക് 15 വര്‍ഷം തികയുകയാണ്.

ഇന്ത്യന്‍ ക്രിക്കറ്റില്‍ യുവ്രാജ് സിങ് എന്ന ഇടംകൈയനെ അടയാളപ്പെടുത്താന്‍ നിരവധി മത്സരങ്ങളുണ്ട്. ഓസീസ് മണ്ണിലെ സെഞ്ചുറിയും നാറ്റ്വെസ്റ്റ് ട്രോഫി വിജയവും ട്വന്റി 20, ഏകദിന ലോകകപ്പ് പ്രകടനങ്ങളുമെല്ലാം ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ യുവിയെന്ന പോരാളിയുടെ ചിത്രം കാണുമ്പോള്‍ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ മനസിലേക്ക് ആദ്യ എത്തുക സ്റ്റുവര്‍ട്ട് ബ്രോഡിനെ പഞ്ഞിക്കിട്ട 2007-ലെ ട്വന്റി 20 ലോകകപ്പിലെ ആ ഓവറാണ്. യുവി ആറാടിയ ആ ആറു പന്തുകള്‍.

ദക്ഷിണാഫ്രിക്കയിലെ കിങ്സ്മീഡ് മൈതാനത്ത് യുവിയോട് കൊളുത്തിയത് ആന്‍ഡ്രു ഫ്ളിന്റോഫായിരുന്നെങ്കിലും അതിന് പണി കിട്ടിയത് പാവം ബ്രോഡിനായിരുന്നു. 2007 സെപ്റ്റംബര്‍ 19-നായിരുന്നു ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ആ ഇന്നിങ്സ് യുവി കെട്ടഴിച്ചത്. ലോകകപ്പിനു മുന്‍പ് ഇംഗ്ലണ്ടിനെതിരേ നടന്ന ഏകദിന പരമ്പരയില്‍ തന്റെ ഒരു ഓവറില്‍ ഇംഗ്ലണ്ടിന്റെ മസ്‌കരാനസ് അഞ്ചു സിക്സറുകള്‍ നേടിയതിനുള്ള പ്രതികാരവുമായിരുന്നു യുവിക്ക് ആ ഓവര്‍.

2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ സൂപ്പര്‍ സിക്സ് മത്സരമായിരുന്നു അത്. കിവീസിനോട് ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യയ്ക്ക് ഇംഗ്ലണ്ടുമായുള്ള മത്സരം നിര്‍ണായകമായിരുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ ഗംഭീറും (58), സെവാഗും (68) ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. റോബിന്‍ ഉത്തപ്പ പുറത്തായ ശേഷം 17-ാം ഓവറിലാണ് യുവി ക്രീസിലെത്തുന്നത്. അപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ മൂന്നിന് 171.

18-ാം ഓവര്‍ ബൗള്‍ ചെയ്ത ഫ്ളിന്റോഫിനെതിരേ യുവി തുടര്‍ച്ചയായി രണ്ടു ബൗണ്ടറികള്‍ നേടി. ഇതോടെ ഫ്ളിന്റോഫ് പ്രകോപനപരമായി എന്തോ പറഞ്ഞു. യുവിയും വിട്ടുകൊടുക്കാതിരുന്നതോടെ അതൊരു വാക്കേറ്റമായി. ഒടുവില്‍ അമ്പയര്‍മാര്‍ ഇടപെട്ടാണ് ഈ അടി അവസാനിപ്പിച്ചത്. വര്‍ഷങ്ങള്‍ക്കു ശേഷം സ്‌പോര്‍ട്‌സ് ടക്കിന് നല്‍കിയ അഭിമുഖത്തില്‍ അന്നത്തെ ആ വാക്കേറ്റത്തെ കുറിച്ച് യുവി തുറന്ന് പറയുന്നുണ്ട്. ''ഫ്‌ളിന്റോഫിന്റെ ഒരു ഓവറില്‍ ഞാന്‍ രണ്ടു ബൗണ്ടറികള്‍ നേടിയിരുന്നു. അതു രണ്ടും നല്ല പന്തുകളായിരുന്നു. എന്നിട്ടും ഞാന്‍ ഫോര്‍ അടിച്ചു. അത് ഫ്‌ളിന്റോഫിന് ദഹിച്ചിരുന്നില്ല. ആ ഓവറിന് ശേഷം ഞാന്‍ ക്രീസ് മാറുമ്പോള്‍ ഫ്‌ളിന്റോഫ് എന്തോ വിളിച്ചുപറഞ്ഞു. എന്റെ ആ രണ്ടു ഷോട്ടുകളും കൊള്ളില്ല എന്നാണ് പറഞ്ഞതെന്ന് എനിക്ക് മനസ്സിലായി. ഇതുകേള്‍ക്കാത്തതുപോലെ എന്താണ് പറഞ്ഞതെന്ന് ചോദിച്ച് ഞാന്‍ ഫ്‌ളിന്റോഫിന് അടുത്തേക്ക് ചെന്നു. അതു പിന്നീട് വഴക്കായി. പുറത്തേക്കു വന്നാല്‍ എന്റെ കഴുത്തു ഛേദിക്കുമെന്ന് ഫ്‌ളിന്റോഫ് വെല്ലുവിളിച്ചു. ഇതോടെ എനിക്കു ദേഷ്യം വന്നു. ഈ ബാറ്റുകൊണ്ട് നിന്റെ ഏതു ഭാഗത്താണ് തല്ലുകയെന്ന് പറയാനാവില്ലെന്ന് ഞാന്‍ ഫ്‌ളിന്റോഫിന് മറുപടി നല്‍കി. അമ്പയര്‍ ഇടപെട്ടാണ് ഈ പ്രശ്‌നം പരിഹരിച്ചത്.'' - യുവി ഓര്‍ത്തെടുക്കുന്നു.

എന്നാല്‍ അന്ന് യുവിക്ക് ഫ്‌ളിന്റോഫിന് മറുപടി കൊടുത്ത് മതിയായില്ലായിരുന്നു. പിന്നാലെ 19-ാം ഓവര്‍ എറിയാനെത്തിയത് അന്ന് പന്തെടുത്ത ആ നിമിഷത്തെ കുറിച്ചോര്‍ത്ത് പിന്നീട് പലവട്ടം പരിതപിച്ച ഇംഗ്ലണ്ടിന്റെ അന്നത്തെ കൗമാരക്കാരന്‍ പയ്യന്‍ സ്റ്റുവര്‍ട്ട് ബ്രോഡായിരുന്നു. ഫ്ളിന്റോഫിനോടുള്ള കലിപ്പ് തന്റെ വില്ലോവെച്ച് യുവി ബ്രോഡിന് കൊടുത്തപ്പോള്‍ ആ ഓവറിലെ ആറു പന്തുകളും നിലംതൊടാതെ ഗാലറിയിലെത്തി.

19-ാം ഓവര്‍ തുടങ്ങും മുമ്പ് കാര്യങ്ങള്‍ ഏറെക്കുറേ ശാന്തമായിരുന്നു. പക്ഷേ ആദ്യ പന്ത് കൗ കോര്‍ണറിലൂടെ സ്‌റ്റേഡിയത്തിന് പുറത്തെത്തി. രണ്ടാം പന്ത് ലെഗ്സ്റ്റമ്പ് ലൈനിലെറഞ്ഞ ബ്രോഡിനെതിരേ യുവി ചെറിയൊരു ഫ്‌ളിക്കിലൂടെ ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗിന് മുകളിലൂടെ പറത്തി. രണ്ടാം പന്തും സിക്‌റിന് പറന്നതോടെ ക്യാമറ കണ്ണുകള്‍ ഫീല്‍ഡ് ചെയ്തിരുന്ന ഫ്‌ളിന്റോഫിന്റെ മുഖം ഒപ്പിയെടുത്തു. ഒരു ചെറു പുഞ്ചിരി മാത്രമായിരുന്നു അപ്പോള്‍ ആ മുഖത്ത്. വരാനിരിക്കുന്നത് അതിലും വലുതാണെന്ന് അദ്ദേഹത്തിനപ്പോള്‍ അറിയില്ലല്ലോ. മൂന്നാം പന്ത് ഓഫ് സ്റ്റമ്പ് ലൈനില്‍. വലതുകാല്‍ വശത്തേക്ക് പിന്‍വലിച്ച് യുവി അത് ലോങ് ഓണിന് മുകളിലൂടെ അതിര്‍ത്തി കടത്തി. നാലാം പന്തില്‍ ബ്രോഡിന് പിഴച്ചു. പന്ത് ഫുള്‍ടോസ്. അതും യുവി ബാക്ക്‌വേര്‍ഡ് പോയന്റിന് മുകളിലൂടെ അതിര്‍ത്തി കടത്തി. നാല് പന്തും അതിര്‍ത്തി കടന്നതോടെ മൈതാനമധ്യത്ത് ബ്രോഡിന് ചുറ്റും ഇംഗ്ലണ്ട് താരങ്ങളുടെ ഒരു ടീം മീറ്റിങ്ങ് തന്നെയായിരുന്നു. അഞ്ചാം പന്ത് യുവിയുടെ ബാറ്റില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങി മിഡ്‌വിക്കറ്റിന് മുകളിലൂടെ അതിര്‍ത്തി കടന്നു. ആറാമത്തെയും അവസാനത്തെയും പന്തും ലോങ്ഓണിന് മുകളിലൂടെ അതിര്‍ത്തികടന്നതോടെ കമന്ററി ബോക്‌സില്‍ നിന്ന് രവി ശാസ്ത്രി ആര്‍ത്തുവിളിക്കുകയായിരുന്നു.

വെറും 12 പന്തില്‍ നിന്ന് യുവിക്ക് അര്‍ധ സെഞ്ചുറി, ഒപ്പം റെക്കോഡും. 16 പന്തില്‍ ഏഴു സിക്സും മൂന്ന് ബൗണ്ടറികളുമടക്കം 58 റണ്‍സുമായി യുവി അവസാന ഓവറിലെ അഞ്ചാം പന്തില്‍ മടങ്ങിയപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ നാലിന് 218 റണ്‍സിലെത്തിയിരുന്നു.

മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് തകര്‍ത്തടിച്ചെങ്കിലും 19-ാം ഓവറിലെ യുവിയുടെ ആ പ്രകടനം ആവര്‍ത്തിക്കാന്‍ ഇംഗ്ലീഷ് നിരയില്‍ ആളുണ്ടായില്ല. 20 ഓവര്‍ അവസാനിച്ചപ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സിലെത്താനേ അവര്‍ക്കായുള്ളൂ. 18 റണ്‍സിന്റെ തോല്‍വി. വെറും 18 റണ്‍സിനാണ് ഇംഗ്ലണ്ട് തോറ്റതെന്ന് അറിയുമ്പോഴാണ് യുവിയുടെ ആ വെടിക്കെട്ട് ഓവറിന്റെ വില നമുക്ക് മനസിലാകുന്നത്.

വാല്‍ക്കഷ്ണം: യുവിയുടെ ആറാട്ട് കൊഴുപ്പിക്കാന്‍ അന്ന് ഒരുപക്ഷേ ശാസ്ത്രിയുടെ ശബ്ദം ഉണ്ടാകുമായിരുന്നില്ല!

ക്രിക്കറ്റ് പ്രേമികള്‍ രവി ശാസ്ത്രി എന്ന പേര് കേട്ടതിനേക്കാള്‍ കൂടുതല്‍ ഒരു പക്ഷേ കേട്ടിരിക്കുക അദ്ദേഹത്തിന്റെ ശബ്ദമായിരിക്കും. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിനും (Dhoni finishes off in style. A magnificent strike into the crowd! India lift the World Cup after 28 years) സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഏകദിന ഡബിളിനുമെല്ലാം (First man in the planet to reach 200 and its the superman from India) ശേഷമുള്ള ശാസ്ത്രിയുടെ ആവേശകരമായ ശബ്ദം ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ത്രസിപ്പിക്കാന്‍ പോന്നതായിരുന്നു.

ഇത്തരത്തില്‍ ഇന്ത്യയും ഇന്ത്യന്‍ താരങ്ങളും നിറഞ്ഞുനിന്ന പല മത്സരങ്ങളുടെയും ആവേശം നമ്മളിലേക്ക് എത്തിച്ചതും ശാസ്ത്രി തന്നെ. 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ യുവരാജ് സിങ്ങിന്റെ ആറു സിക്സ് പ്രകടനത്തിന്റെ ആവേശവും നമ്മള്‍ അനുഭവിച്ചറിഞ്ഞത് ശാസ്ത്രിയിലൂടെയായിരുന്നു. എന്നാലിപ്പോഴിതാ യുവിയുടെ ആ വെടിക്കെട്ട് പ്രകടനം കൊഴുപ്പിക്കാന്‍ അന്ന് ഒരുപക്ഷേ കമന്ററി ബോക്സില്‍ ശാസ്ത്രി ഉണ്ടാകുമായിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരവും കമന്റേറ്ററുമായിരുന്ന ഡേവിഡ് ലോയ്ഡ്.

ആ മത്സരത്തിനായുള്ള കമന്റേറ്റര്‍മാരുടെ ക്രമപട്ടിക മാറ്റിയത് താനാണെന്നും അതുവഴിയാണ് സ്റ്റുവര്‍ട്ട് ബ്രോഡിനെ യുവി നാലുപാടും പറത്തിയ ആ ഓവറില്‍ ശാസ്ത്രിക്ക് ശബ്ദം നല്‍കാനായതെന്നും ലോയ്ഡ് വെളിപ്പെടുത്തി. സ്‌കൈ സ്പോര്‍ട്സിന്റെ ക്രിക്കറ്റ് പോഡ്കാസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

Content Highlights: 15 Years of Six Sixes the day Yuvraj became the second batter to hit six sixes in an over

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Roberto Carlos and the wonder free kick goal in 1997

റോബര്‍ട്ടോ കാര്‍ലോസിന്റെ ഇടംകാലില്‍ നിന്ന് പിറന്ന ആ അദ്ഭുത ഗോളിന് 24 വയസ്

Jun 6, 2021


How fc Barcelona won La Liga back with xavi revolution
Premium

9 min

സാവി മാജിക്, ഒമ്പതില്‍ നിന്ന് കിരീടത്തിലേക്ക് ബാഴ്‌സയുടെ തിരിച്ചുവരവ്; മെസ്സി കൂടി എത്തുമോ?

May 17, 2023

Most Commented