പകരംവെയ്ക്കാനില്ലാത്ത പോരാട്ടവീര്യം; ക്രിക്കറ്റിലെ കോലി യുഗത്തിന്റെ 13 വര്‍ഷം


അഭിനാഥ് തിരുവലത്ത്

അടിക്ക് തിരിച്ചടിയെന്ന ക്രിക്കറ്റിലെ അഗ്രഷന്‍ ഫാക്ടര്‍ ഇന്ത്യന്‍ താരങ്ങളിലേക്ക് കുത്തിവെയ്ക്കപ്പെടുന്നത് സൗരവ് ഗാംഗുലിയെന്ന ഇതിഹാസ നായകന്റെ കാലത്താണ്. ലോര്‍ഡ്‌സിലെ ഗാലറിയില്‍ ജേഴ്‌സിയൂരി വീശാനും സ്ലെഡ്ജിങ്ങിന്റെ ആശാന്‍മാരായ ഓസീസ് താരങ്ങളെ അവരുടെ നാട്ടില്‍ പോലും നാവുകൊണ്ട് നേരിടാനും ഗാംഗുലിയെ വെല്ലുന്നൊരാള്‍ പിന്നീട് കോലി മാത്രമായിരുന്നു

Photo: AFP

ഇംഗ്ലണ്ടിനെ ലോര്‍ഡ്‌സ് മൈതാനത്ത് ഇന്ത്യ മുട്ടുകുത്തിച്ചിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമേ ആയുള്ളൂ. പന്തുകൊണ്ട് മാത്രമല്ല നാക്ക് കൊണ്ടും ഇന്ത്യന്‍ താരങ്ങളെ നേരിട്ട ഇംഗ്ലീഷുകാര്‍ക്ക് അതിനൊത്ത മറുപടി നല്‍കിയാണ് ടീം ഇന്ത്യ ചരിത്രമുറങ്ങുന്ന ലോര്‍ഡ്‌സില്‍ പരമ്പരയിലെ രണ്ടാം ടെസ്റ്റ് വിജയിച്ച് മടങ്ങിയത്.

കപില്‍ ദേവിനും എം.എസ് ധോനിക്കും ശേഷം ലോര്‍ഡ്‌സില്‍ ടെസ്റ്റ് ജയിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നേട്ടം വിരാട് കോലി സ്വന്തമാക്കിയ മത്സരം കൂടിയായിരുന്നു ഇത്. ഇന്ത്യന്‍ ടീമിലെ കോലി യുഗത്തിലെ മറ്റൊരു ചരിത്ര വിജയം. ഇന്ത്യന്‍ ക്രിക്കറ്റിലെ ഈ ആംഗ്രി യങ്മാന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ അനന്തവിഹായസിലെത്തിയിട്ട് ഓഗസ്റ്റ് പതിനെട്ടിന് 13 വര്‍ഷം തികയുകയാണ്. ഒരു പതിറ്റാണ്ടിലേറെ കാലമായി ഇന്ത്യ കോലിയെന്ന അച്ചുതണ്ടിന് ചുറ്റും തിരിയുന്നു.

അടിക്ക് തിരിച്ചടിയെന്ന ക്രിക്കറ്റിലെ അഗ്രഷന്‍ ഫാക്ടര്‍ ഇന്ത്യന്‍ താരങ്ങളിലേക്ക് കുത്തിവെയ്ക്കപ്പെടുന്നത് സൗരവ് ഗാംഗുലിയെന്ന ഇതിഹാസ നായകന്റെ കാലത്താണ്. ലോര്‍ഡ്‌സിലെ ഗാലറിയില്‍ ജേഴ്‌സിയൂരി വീശാനും സ്ലെഡ്ജിങ്ങിന്റെ ആശാന്‍മാരായ ഓസീസ് താരങ്ങളെ അവരുടെ നാട്ടില്‍ പോലും നാവുകൊണ്ട് നേരിടാനും ഗാംഗുലിയെ വെല്ലുന്നൊരാള്‍ പിന്നീട് കോലി മാത്രമായിരുന്നു.

13 years of Virat Kohli in international cricket

ദാദ യുഗത്തില്‍ നിന്ന് ധോനി യുഗത്തിലേക്കെത്തിയപ്പോള്‍ ശാന്തതയുടെ പര്യായമായിരുന്നു ഇന്ത്യന്‍ സംഘം. എന്നാല്‍ അതില്‍ ഒരാള്‍ മാത്രം വേറിട്ട വഴിയില്‍ സഞ്ചരിച്ചു, വിരാട് കോലി. ഓസീസ് പരമ്പരയ്ക്കിടെ മിച്ചല്‍ ജോണ്‍സണ്‍ അടക്കമുള്ളവരെ നാക്കുകൊണ്ട് നിര്‍ത്തിപ്പൊരിച്ച കോലി ഫാക്ടര്‍ അങ്ങനെ ഇന്ത്യന്‍ ടീമിനെ ഒന്നടങ്കം സ്വാധീനിച്ചു എന്നു വേണമെങ്കില്‍ പറയാം.

ധോനിയില്‍ നിന്ന് ഒടുവില്‍ ബാറ്റണ്‍ കോലിയിലേക്ക് കൈമാറപ്പെട്ടതോടെ അഗ്രഷന്റെ അളവുകോള്‍ മാറി. തന്റെ ബൗളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്ത്തുമ്പോള്‍ അവരേക്കാള്‍ ആവേശത്തില്‍ അത് ആഘോഷിക്കുന്ന ക്യാപ്റ്റനെയാണ് ഇന്ന് മൈതാനത്ത് കാണാനാവുക. തന്റെ കളിക്കാര്‍ക്കു നേരെ തിരിയുന്ന എതിര്‍ ടീം അംഗം ഉറപ്പായും കോലിയുടെ നാക്കിന്റെ ചൂടറിഞ്ഞിരിക്കും. ഇപ്പോഴിതാ ടീമിലെ ഓരോ അംഗവും ആ കോലി ഫാക്ടര്‍ സ്വയം ഏറ്റെടുക്കുന്നത് കാണാനാകും. രണ്ടാം ടെസ്റ്റിനിടയിലെ ഷമി - ബുംറ കൂട്ടുകെട്ട് തന്നെ ഉദാഹരണം. ആന്‍ഡേഴ്‌സണും ബട്ട്‌ലറും മാര്‍ക്ക് വുഡും അടക്കമുള്ള താരങ്ങളുടെ സ്ലെഡ്ജിങ്ങില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് ഇരുവരും ബാറ്റ് വീശിയത്.

ഇംഗ്ലണ്ടിന് അതേ ഭാഷയില്‍ തന്നെ മറുപടി നല്‍കാന്‍ ഗാലറിയില്‍ നിന്ന് കോലിയുടെ പിന്തുണയും ഉണ്ടായിരുന്നു. പറഞ്ഞുവരുന്നത് തന്റെ മികച്ച ഫോമിന്റെ ഏഴയലത്ത് പോലും ഇപ്പോഴില്ലെങ്കിലും കോലി ഇന്ത്യന്‍ ടീമില്‍ വരുത്തുന്ന സ്വാധീനത്തെ കുറിച്ചാണ്. ജയിക്കാന്‍ വേണ്ടി മാത്രം കളിക്കുക എന്നതാണ് അയാളുടെ രീതി. തോറ്റാലും അത് പൊരുതിത്തന്നെ വേണമെന്ന് കോലിക്ക് നിര്‍ബന്ധമാണ്.

2008ലെ അണ്ടര്‍-19 ലോകകപ്പാണ് വിരാട് കോലിയെന്ന ഡല്‍ഹിക്കാരന്‍ പയ്യന് ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കുള്ള വാതിലുകള്‍ തുറന്നുകൊടുത്തത്. അന്നും പയ്യന്റെ മൈതാനത്തെ ഈ വെട്ടൊന്ന് മുറി രണ്ട് പ്രകൃതം പ്രശസ്തമാണ്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച ഇന്ത്യന്‍ ടീമിനായി കോലി കപ്പ് ഏറ്റുവാങ്ങി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി വാഗ്ദാനം എന്ന തരത്തില്‍ പിറ്റേ ദിവസത്തെ പത്രങ്ങളെല്ലാം ആഘോഷിച്ചത് അന്നത്തെ ആ പയ്യനെയായിരുന്നു. എങ്കിലും കളത്തിനകത്തെ അയാളുടെ ചൂടന്‍ സ്വഭാവം പക്ഷേ പലര്‍ക്കും അന്ന് അത്രകണ്ടങ്ങ് പിടിച്ചില്ല. എന്നാല്‍ അക്രമണോത്സുകതയും താന്‍പോരിമയും നിറഞ്ഞ ആ തുടക്കകാലത്തിനു ശേഷം പക്വതയും വിജയിക്കാനുള്ള ദാഹവുമുള്ള വിരാട് കോലി എന്ന ക്യാപ്റ്റനിലേക്ക് അന്നത്തെ ആ പയ്യന്‍ വളര്‍ന്നു. ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റിലെ കോലി യുഗത്തിന് ബുധനാഴ്ച 13 വര്‍ഷം പൂര്‍ത്തിയാകുകയാണ്.

13 years of Virat Kohli in international cricket

2008 ഓഗസ്റ്റ് 18-ന് ദാംബുളളയില്‍ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലായിരുന്നു കോലി ആദ്യമായി ഇന്ത്യയുടെ നീല ജേഴ്സിയണിഞ്ഞത്. അന്ന് 33 മിനിറ്റ് മാത്രം ക്രീസില്‍ ചെലവഴിച്ച കോലി 22 പന്തുകള്‍ നേരിട്ട് 12 റണ്‍സുമായി നുവാന്‍ കുലശേഖരയ്ക്ക് വിക്കറ്റ് സമ്മാനിച്ചാണ് മടങ്ങിയത്. ആ മത്സരത്തില്‍ ഇന്ത്യ തോറ്റെങ്കിലും പിന്നീടുള്ള പതിറ്റാണ്ട് കോലിയുടേതായിരുന്നു. ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലായിടത്തും വിരാട് കോലിയെന്ന ആ പേര് മുഴങ്ങിക്കേട്ടുകൊണ്ടിരുന്നു.

അണ്ടര്‍ 19 ലോകകപ്പ് നേടിത്തന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ സീനിയര്‍ ടീമിലെത്തിയ ആദ്യ കാലത്ത് അക്രമണോത്സുകതയും താന്‍പോരിമയും കൊണ്ട് വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. കളത്തിനകത്തും പുറത്തും അയാളുടെ ചോരത്തിളപ്പ് വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. റണ്‍സടിച്ചുകൂട്ടുന്നുണ്ടായിരുന്നെങ്കിലും കരിയറിലെ ആദ്യ രണ്ടു വര്‍ഷം കോലിയിലെ ക്രിക്കറ്റര്‍ക്ക് ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു. എന്നാല്‍ തന്റെ തെറ്റുകള്‍ വളരെവേഗം തന്നെ തിരിച്ചറിഞ്ഞ കോലി സ്വയം അതെല്ലാം തിരുത്താനും തുടങ്ങി. കളിക്കളത്തിലെ മാനസികാവസ്ഥ മുതല്‍ ഡയറ്റില്‍ വരെ കോലി മാറ്റങ്ങള്‍ വരുത്തി. അവ പിന്നീടുള്ള അയാളുടെ ബാറ്റിങ്ങിനൊപ്പം മാറ്റംവരുത്തിയത് ക്രിക്കറ്റിലെ റെക്കോഡ് ബുക്കുകള്‍ക്കും കൂടിയാണ്.

ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു തലമുറ മാറ്റത്തിന്റെ തുടക്കമായിരുന്നു അതെന്ന് അന്ന് ആരും തന്നെ കരുതിയില്ല. പിന്നീട് മൂന്നു വര്‍ഷം കഴിഞ്ഞാണ് കോലി ഇന്ത്യയ്ക്കായി ആദ്യ ടെസ്റ്റ് മത്സരം കളിക്കുന്നത്. ഇന്നിതാ ആറ് ടെസ്റ്റ് മത്സരങ്ങള്‍ കൂടി കളിച്ചാല്‍ 100 ടെസ്റ്റുകളെന്ന നാഴികക്കല്ല് പിന്നിടാനൊരുങ്ങുകയാണ് അദ്ദേഹം. 70 രാജ്യാന്തര സെഞ്ചുറികളോടെ സച്ചിന്‍ തെണ്ടുല്‍ക്കറുടെ 100 സെഞ്ചുറികള്‍ക്കു പിന്നില്‍ രണ്ടാമതാണ് കോലി. ടെസ്റ്റില്‍ ഏഴ് ഇരട്ട സെഞ്ചുറികളും കോലിയുടെ പേരിലുണ്ട്.

രാജ്യാന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലുമായി ഒരു പതിറ്റാണ്ടിനുള്ളില്‍ 20,000 റണ്‍സ് പിന്നിടുന്ന ആദ്യ താരമെന്ന സമാനതകളില്ലാത്ത നേട്ടം കോലി സ്വന്തമാക്കിയത് 2019-ലാണ്. ഏകദിന ലോകകപ്പില്‍ വിന്‍ഡീസിനെതിരായ മത്സരത്തിലാണ് കോലി ഈ നേട്ടം പിന്നിട്ടത്. ടെസ്റ്റ് എന്നോ ഏകദിനമെന്നോ ട്വന്റി 20-യെന്നോ വൈറ്റ് ബോളെന്നോ റെഡ് ബോളെന്നോ പിങ്ക് ബോളെന്നോ വ്യത്യാസമില്ലാതെ അദ്ദേഹം യഥേഷ്ടം റണ്‍സടിച്ചുകൂട്ടി.

കഴിഞ്ഞ 10 വര്‍ഷം ക്രിക്കറ്റ് ലോകത്തെ വിരാട് കോലിയോളം അടക്കിഭരിച്ച മറ്റൊരു താരമുണ്ടോ എന്ന് സംശയമാണ്. ഇന്ന് ക്രിക്കറ്റിന്റെ മാത്രമല്ല ഫിറ്റ്നസിന്റെ കൂടി ഐക്കണാണ് കോലി.

ബാറ്റ്സ്മാനെന്ന നിലയില്‍ സച്ചിന്റെ റെക്കോഡുകള്‍ ഓരോന്നായി തിരുത്തിക്കുറിച്ചിരുന്ന കോലി ക്യാപ്റ്റനായ ശേഷം ധോനിയുടെയും റിക്കി പോണ്ടിങ്ങിന്റെയും നേട്ടങ്ങള്‍ പിന്നിട്ടാണ് ഇപ്പോള്‍ മുന്നേറുന്നത്. ഒരു പതിറ്റാണ്ടിനിടെ കോലി വാരിക്കൂട്ടിയ റണ്‍സിന്റെയും സെഞ്ചുറികളുടെയും കണക്കെടുത്താല്‍, അയാളുമായുള്ള താരതമ്യത്തിന് മറുഭാഗത്ത് മറ്റൊരു പേര് ചൂണ്ടിക്കാണിക്കാന്‍ കൂടിയില്ല.

13 years of Virat Kohli in international cricket

ചരിത്രത്തില്‍ ആദ്യമായി ഒരേ വര്‍ഷം ഐ.സി.സിയുടെ എല്ലാ വ്യക്തിഗത പുരസ്‌കാരങ്ങളും സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടവും കോലിയെ തേടിയെത്തി. 2018-ലെ ഐ.സി.സിയുടെ പ്ലെയര്‍ ഓഫ് ദ ഇയര്‍ (സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സ് ട്രോഫി), ഏകദിന-ടെസ്റ്റ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരങ്ങള്‍ കോലിക്കായിരുന്നു.

94 ടെസ്റ്റുകളില്‍ നിന്ന് 51.41 ശരാശരിയില്‍ 7609 റണ്‍സാണ് കോലി സ്വന്തമാക്കിയിരിക്കുന്നത്. 27 സെഞ്ചുറികളും കോലിയുടെ അക്കൗണ്ടിലുണ്ട്. 254 ഏകദിനങ്ങളില്‍ നിന്ന് 59.07 ശരാശരിയില്‍ 12,169 റണ്‍സ്. 43 സെഞ്ചുറികളുമായി സച്ചിന്‍ തെണ്ടുല്‍ക്കറുടെ (49) റെക്കോഡ് മറികടക്കാനൊരുങ്ങുകയാണ് കോലി. 89 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 52.65 ശരാശരിയില്‍ 3159 റണ്‍സും അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്.

ക്രിക്കറ്റിലെ ഇക്കഴിഞ്ഞ പതിറ്റാണ്ടിന്റെ അവകാശി കോലിയാണെന്ന് നിസ്സംശയം തന്നെ പറയാം. രാജ്യാന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലുമായി ഒരു പതിറ്റാണ്ടിനുള്ളില്‍ 20,000 റണ്‍സ് പിന്നിടുന്ന ആദ്യ താരമെന്ന സമാനതകളില്ലാത്ത നേട്ടം കോലി സ്വന്തമാക്കിയത് 2019-ലായിരുന്നു. ഏകദിന ലോകകപ്പില്‍ വിന്‍ഡീസിനെതിരായ മത്സരത്തിലാണ് കോലി ഈ നേട്ടം പിന്നിട്ടത്.

ഒരു പതിറ്റാണ്ടിനുള്ളില്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന മുന്‍ ഓസീസ് താരം റിക്കി പോണ്ടിങ്ങിന്റെ റെക്കോര്‍ഡ് നേരത്തേതന്നെ കോലി സ്വന്തം പേരിലാക്കിയിരുന്നു. ഈ പട്ടികയില്‍ രണ്ടാമതുള്ള പോണ്ടിങ്ങിന്റെ സമ്പാദ്യം 18,962 റണ്‍സാണ്. മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസ് (16777), ശ്രീലങ്കന്‍ താരങ്ങളായ മഹേള ജയവര്‍ധനെ (16304), കുമാര്‍ സംഗക്കാര (15999), സച്ചിന്‍ തെണ്ടുല്‍ക്കര്‍ (15962), രാഹുല്‍ ദ്രാവിഡ് (15853), ഹാഷിം അംല (15185) എന്നിവരെല്ലാം കോലിക്കു പിന്നിലാണ്.

ഇതിനൊപ്പം രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 20,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടവും കോലി സ്വന്തമാക്കി. സച്ചിന്‍, ലാറ എന്നിവരെയാണ് ഇക്കാര്യത്തില്‍ കോലി പിന്നിലാക്കിയത്. 417-ാം ഇന്നിങ്‌സിലാണ് കോലി ഈ നേട്ടം കൈവരിച്ചത്. സച്ചിനും ലാറയും 453 ഇന്നിങ്‌സുകളില്‍ നിന്നാണ് ഇരുപതിനായിരം റണ്‍സ് തികച്ചത്.

സമാനതകളില്ലാത്ത ഈ നേട്ടങ്ങള്‍ക്കിടയിലും കോലിയുടെ ബാറ്റില്‍ നിന്ന് ഒരു സെഞ്ചുറി പിറന്നിട്ട് രണ്ടു വര്‍ഷമാകാറാകുന്നു. 2019 നവംബറില്‍ കൊല്‍ക്കത്തയില്‍ ബംഗ്ലാദേശിനെതിരേ പിങ്ക് ടെസ്റ്റിലായിരുന്നു കോലിയുടെ അവസാന അന്താരാഷ്ട്ര സെഞ്ചുറി. ഇംഗ്ലണ്ടിനെതിരേ ഇനിയുള്ള മൂന്നു ടെസ്റ്റുകളില്‍ ആ സെഞ്ചുറി വരള്‍ച്ചയ്ക്ക് അറുതിയാകുമെന്ന് നമുക്ക് കരുതാം.

Content Highlights: 13 years of Virat Kohli in international cricket


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented