തീവെയില്‍തിന്ന് പശിയാറ്റിയും അമ്പലക്കിണറ്റില്‍നിന്ന് വെള്ളം മോന്തി ദാഹമകറ്റിയും മുത്തശ്ശിയെന്നു പറഞ്ഞ് വിശ്വസിപ്പിച്ച വൃദ്ധയോടൊപ്പം ഭിക്ഷയാചിച്ചു നടക്കുകയായിരുന്നു ആ രണ്ടു പിഞ്ചുകുഞ്ഞുങ്ങള്‍. അങ്ങനെയൊരു പകലിലാണ് 2011 മാര്‍ച്ച് 24-ന് ഓച്ചിറ ക്ഷേത്രമൈതാനിയില്‍ ബാലഭിക്ഷാടകരെ മോചിപ്പിക്കാനുള്ള ദൗത്യവുമായി ജില്ലാ ശിശുക്ഷേമ പ്രവര്‍ത്തകരും പോലീസുമെത്തുന്നത്. അന്ന് ഓച്ചിറക്കളിയുടെ ദിവസം. ഒരു  കടത്തിണ്ണയില്‍ ഉച്ചവെയിലില്‍ വാടിത്തളര്‍ന്ന് ഭിക്ഷാപാത്രം നീട്ടിയിരുന്ന മണികണ്ഠനെന്ന ഏഴു വയസ്സുകാരനെയും അഞ്ചു വയസ്സിനു മൂത്ത സഹോദരി ഗീതയെയും അവര്‍ കൂട്ടിക്കൊണ്ടുപോയി. തന്റെ കഞ്ഞിയില്‍ മണ്ണുവാരിയിട്ടവരെ പ്രാകിക്കൊണ്ട് അതുവരെ അമ്മൂമ്മയായി നടിച്ച വൃദ്ധ അകലങ്ങളിലേക്ക് മറഞ്ഞു.

അന്നു വൈകീട്ട് മണികണ്ഠന്‍ കൊല്ലം ബീച്ച് റോഡിലെ സര്‍ക്കാര്‍ ശിശുമന്ദിരത്തിലെ 1179/2011 നമ്പര്‍ അന്തേവാസിയായി. സഹോദരിയെ തിരുവനന്തപുരത്ത് പെണ്‍കുട്ടികള്‍ക്കായുള്ള മന്ദിരത്തിലാണ് ചേര്‍ത്തിരുന്നത്. ശിശുമന്ദിരം അധികൃതര്‍ മണികണ്ഠന്റെ പ്രായം പരിഗണിച്ച് കൊല്ലം എസ്.എന്‍. ട്രസ്റ്റ് സ്‌കൂളില്‍ അവനെ നേരിട്ട് മൂന്നാം ക്ലാസില്‍ ചേര്‍ത്തു.

ജനിച്ചതെവിടെയെന്നോ അച്ഛനമ്മമാര്‍ ആരെന്നോ അറിയാത്ത മണികണ്ഠന്‍ അങ്ങനെ സര്‍ക്കാരിന്റെ സ്വന്തം മകനായി.  അവിടെ ജീവിച്ചു; പഠിച്ചു; കളിച്ചു.  ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറം മണികണ്ഠന്‍ എന്ന ഒമ്പതാം ക്ലാസുകാരന്‍ ലോകത്തോളം വളരാന്‍ കൊതിക്കുന്നൊരു ഫുട്ബോളറാവാന്‍ തയ്യാറെടുക്കുകയാണ്. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഐ ലീഗ് മത്സരങ്ങളില്‍ ചെന്നൈ ഫുട്ബോള്‍ പ്ലസ് പ്രൊഫഷണല്‍ സോക്കര്‍ അക്കാദമിയുടെ ടീമിനെ അവന്‍ പ്രതിനിധാനംചെയ്യുന്നു.  വിശ്വോത്തര ഫുട്ബോള്‍ ക്ലബ്ബായ റയല്‍ മഡ്രിഡില്‍നിന്ന് ഒരു മാസത്തെ വിദഗ്ധപരിശീലനത്തിന് ഈ ആറടിക്കാരന്‍ ഡിഫന്റര്‍ക്ക് ക്ഷണമെത്തിയിരിക്കുന്നു.  അതിന്റെ തുടര്‍ച്ചയായി പോര്‍ച്ചുഗലില്‍ രണ്ടുവര്‍ഷം നീളുന്ന പരിശീലനത്തിനുള്ള സാധ്യതയും! 
 
പിച്ചതെണ്ടി വളര്‍ന്ന് മാഫിയയുടെ ഭാഗമായി നാടിന് ഭാരമായി മാറാമായിരുന്ന ഒരു ബാല്യത്തെ കണ്ടെത്തി ഈവിധം തേച്ചുമിനുക്കി നാടിന്റെ സമ്പത്താക്കി വളര്‍ത്തിയതിനു പിന്നില്‍ ഒട്ടേറെ സുമനസ്സുകളുടെ വിരല്‍പ്പാട് വീണിട്ടുണ്ട്.  അത് ഓരോന്നായി എടുത്തുപറയേണ്ടതുമുണ്ട്. 

''അന്നവന്‍ വല്ലാത്തൊരു രൂപത്തിലായിരുന്നു.  മുടിയൊക്കെ വളര്‍ന്ന് ശരീരമാകെ അഴുക്കുപിടിച്ച് ചുവട് കീറിയൊരു നിക്കറിട്ട് മെലിഞ്ഞ പയ്യന്‍.  വയര്‍ ഒട്ടിക്കിടന്നിരുന്നു. കണ്ണ് താഴ്ന്ന് വാടിക്കുഴഞ്ഞൊരു രൂപം.''-മണികണ്ഠനെ ഭിക്ഷാടന മാഫിയയില്‍നിന്ന് മോചിപ്പിക്കുന്ന കാലത്തെ അവന്റെ രൂപം ജില്ലാ ശിശുക്ഷേമ സമിതിയുടെ അധ്യക്ഷയായിരുന്ന അഡ്വ. എസ്. ലീല ഓര്‍ത്തെടുക്കുന്നു.  ചേച്ചി ഗീതയുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല.  

Manikandan
Photo: Mathrubhumi

''അവന്‍ എന്റെ പക്കല്‍നിന്ന് ദക്ഷിണയും വാങ്ങി കാലില്‍തൊട്ട് വന്ദിച്ചിട്ടാണ് അന്ന് ചെന്നൈക്ക് വണ്ടികയറിയത്'' -മണികണ്ഠന്റെ ഇപ്പോഴത്തെ അമ്മയായ ജില്ലാ ശിശുക്ഷേമസമിതി അധ്യക്ഷ കോമളകുമാരിയുടെ വാക്കുകളില്‍ മാതൃനിര്‍വിശേഷമായ അഭിമാനം.  

സ്വന്തം ബാല്യത്തെക്കുറിച്ചുള്ള  മണികണ്ഠന്റെ ഓര്‍മകള്‍ ഇങ്ങനെ: ''എന്റെ അമ്മയെക്കുറിച്ച് എനിക്ക് നേരിയ ഓര്‍മകളേ ഉള്ളൂ. അച്ഛനെപ്പറ്റിയും അങ്ങനെതന്നെ. ഒരു തീവണ്ടിയുടെ തിങ്ങിനിറഞ്ഞ മുറിയില്‍ നിലത്ത് കിടന്നുറങ്ങി യാത്രചെയ്ത് എവിടെയോ പോയത് ഓര്‍മയുണ്ട്. അത് ഓച്ചിറയാണെന്ന് പിന്നീടാണ് അറിഞ്ഞത്. ഒപ്പം ഉണ്ടായിരുന്നവരില്‍ ചേച്ചിമാത്രമാണ് ഓര്‍മ്മയിലെത്തുന്നത്.  ഇന്നെനിക്ക് എല്ലാമെല്ലാം ശിശുമന്ദിരവും അവിടത്തെ അച്ഛനമ്മമാരും സഹോദരങ്ങളുമാണ്''-ഒച്ച താഴ് ത്തി മണികണ്ഠനിതു പറയുമ്പോള്‍ അവന്റെ കവിള്‍തടം തിളങ്ങുന്നുണ്ടായിരുന്നു, ഓര്‍മകളില്‍ നിന്ന് വന്നുനിറയുന്ന ജലസാന്നിധ്യത്തില്‍.
 
കളിമുറ്റമില്ലാത്ത വീട്

കൊല്ലം സര്‍ക്കാര്‍ ശിശുമന്ദിരത്തില്‍ 55-ലധികം ആണ്‍കുട്ടികളാണ് അന്തേവാസികളായുള്ളത്.  ആറു വയസ്സുകാരന്‍മുതല്‍ 18 വയസ്സുള്ള യുവാക്കള്‍വരെ.  ഇത്തിരിപ്പോന്ന സ്ഥലത്ത് അഞ്ച് ബഹുനില മന്ദിരങ്ങള്‍ ഉയര്‍ന്നതോടെ ഇവര്‍ക്കാര്‍ക്കും കളിക്കാന്‍ ഇടമില്ലാതെയായി. ഇവരുടെ ഊര്‍ജം കളിയിലേക്ക് വഴിതിരിച്ചുവിട്ടില്ലെങ്കില്‍ ശിശുമന്ദിരത്തിന്റെ അച്ചടക്കംമുതല്‍ ഒരുപാടുകാര്യങ്ങളെ അത് വിപരീതമായി ബാധിക്കുമെന്ന് തിരിച്ചറിഞ്ഞ സൂപ്രണ്ട് കെ. ശ്രീകുമാര്‍ അതിനൊരു മറുമരുന്നായി കണ്ടെത്തിയതാണ് വിശാലമായ ഫാത്തിമ മാതാ നാഷണല്‍ കോളേജ് മൈതാനിയിലെ കളിയും പരിശീലനവും.
 
അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ അംഗീകൃത 'ഗ്രാസ്റൂട്ട് ലെവല്‍' പരിശീലകനായ എം.പി. അഭിലാഷ് ഈ മൈതാനിയില്‍ സോക്കര്‍ അക്കാദമി ഫോര്‍ യൂത്തി(സേ)ന്റെയും ബ്ലാക്ക് പേള്‍ ഫുട്ബോള്‍ ക്ലബ്ബിന്റെയും കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ടായിരുന്നു.  കോച്ച് അഭിലാഷിനു കീഴില്‍ ശിശുമന്ദിരത്തിലെ 35 കുട്ടികള്‍ ഈ അധ്യയനവര്‍ഷം ആദ്യം പരിശീലനം തുടങ്ങി.  മറുവശത്ത് ഒരു സര്‍ക്കാര്‍ സംവിധാനത്തിന്റെ നൂലാമാലകളില്ലാതെ ഈ പദ്ധതി നടപ്പാക്കാന്‍ വനിതാ ശിശുസൗഹൃദ വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജും സഹപ്രവര്‍ത്തകരും എല്ലാ സഹകരണവും നല്‍കി.  ഈ പദ്ധതിയില്‍ പരിശീലനം കൊടുക്കുമ്പോഴാണ് ചെന്നൈയിലെ ഫുട്ബോള്‍ പ്ലസ് പ്രൊഫഷണല്‍ സോക്കര്‍ അക്കാദമിയിലേക്ക് ഇവരില്‍നിന്ന് ആറുപേരുമായി കോച്ച് അഭിലാഷ് തീവണ്ടികയറിയത്.

ഫുട്ബോള്‍ പ്ലസ് അക്കാദമിയിലെ പരിശീലനത്തിനുശേഷം ഇവരില്‍നിന്ന് മണികണ്ഠനെ 15 വയസ്സില്‍ താഴെയുള്ളവരുടെ ഐ ലീഗ് ടൂര്‍ണമെന്റിനുള്ള ചെന്നൈ ഡിവിഷന്‍ ടീമില്‍  തിരഞ്ഞെടുത്തു.  കേരളത്തിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍ ശിശുമന്ദിരത്തിലെ അന്തേവാസിക്ക് ഇതിനുമുന്‍പൊരിക്കലും കിട്ടാത്തൊരു പരിഗണനയും അവസരവും! അക്കാദമിയുടെ ഡയറക്ടറും ഹെഡ് കോച്ചുമായ ആനന്ദ്, കോച്ച് അഭിലാഷിനും ശിശുമന്ദിരം സൂപ്രണ്ട് ശ്രീകുമാറിനും ഇതുസംബന്ധിച്ച് അയച്ച കത്ത് ഇരുവരും ഇത്രയുംകാലം ഈ അനാഥബാല്യത്തോട് കാണിച്ച കരുതലിനുള്ള അംഗീകാരമായി.

ദക്ഷിണേന്ത്യയുടെ വിവിധഭാഗങ്ങളില്‍നിന്നായി അരിച്ചെടുത്ത യുവഫുട്ബോള്‍ പ്രതിഭകള്‍ക്കിടയില്‍ കാല്‍പ്പന്തുകളി വൈഭവത്തിന്റെ രത്‌നത്തിളിക്കം മണികണ്ഠനില്‍ കണ്ടെത്തുകയായിരുന്നു  വിദേശത്തുനിന്നെത്തിയ പരിശീലകര്‍. ഡിഫന്റര്‍ എന്നനിലയില്‍ മണികണ്ഠന്‍ കളിച്ച കളികളൊക്കെ അവര്‍ മനസ്സില്‍ കുറിച്ചിട്ടു.  അവന്റെ ജീവിതകഥയൊന്നുമറിയാത്ത അവര്‍ സോക്കര്‍ അക്കാദമിയോട് ഒരു നിര്‍ദേശംവെച്ചു.

ഐ ലീഗ് മത്സരങ്ങള്‍ കഴിഞ്ഞാലുടന്‍ മണികണ്ഠന് സ്‌പെയിനിലെ റയല്‍ മഡ്രിസ് എന്ന ലോകോത്തര ക്ലബ്ബില്‍ ഒരു മാസത്തെ തീവ്രപരിശീലനം നല്‍കണം! ഫുട്ബോള്‍ പ്ലസ് സോക്കര്‍ അക്കാദമി വഴി ആ നിര്‍ദേശം എത്തിയപ്പോള്‍ കൊല്ലം സര്‍ക്കാര്‍ ശിശുമന്ദിരത്തില്‍ സന്തോഷവും അഭിമാനവും അണപൊട്ടി. എന്നാല്‍, സൂപ്രണ്ട് ശ്രീകുമാറിന്റെ ഉള്ളുരുകുകയാണ്. 10 ലക്ഷം രൂപയോളം മുടക്കിയാലേ മണികണ്ഠന് അവിടെപ്പോയി പരിശീലനം നേടി മടങ്ങിവരാനാവൂ.  ഏതെങ്കിലും സുമനസ്സുകള്‍ ഈ ബാലന് തണലും താങ്ങുമായി എത്തുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും സൂപ്രണ്ടും കോച്ചും.

പോര്‍ച്ചുഗലില്‍ പഠനം ഉള്‍പ്പെടെ രണ്ടുവര്‍ഷത്തെ ഫുട്ബോള്‍ പരിശീലനം മണികണ്ഠന് നല്‍കാനുള്ള കടലാസ് ജോലികളും അവനെ ചെന്നൈയില്‍ പരിശീലിപ്പിച്ച വിദേശകോച്ചുകളുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.  ഇതുസംബന്ധിച്ച അറിയിപ്പും ശിശുമന്ദിരം സൂപ്രണ്ടിന് ലഭിച്ചുകഴിഞ്ഞു.

manikandan
Photo: Mathrubhumi

മണികണ്ഠന്‍ പഴയ മണികണ്ഠനല്ല

കണ്ടവരോടൊക്കെ കൈനീട്ടിയലഞ്ഞ ഏഴാണ്ടു മുന്‍പത്തെ മണികണ്ഠനല്ല ഇന്ന് കൊല്ലം സര്‍ക്കാര്‍ ശിശുഭവനിലെ മണികണ്ഠന്‍. വിശ്വത്തോളം ഉയരാനും അതിന്‍മേല്‍ കാല്‍പ്പന്തുരുട്ടിക്കളിക്കാനും വെമ്പുന്നൊരു ഫുട്ബോളറാണ് അവനിന്ന്.  ശൈശവത്തില്‍ എവിടെവെച്ചോ നഷ്ടമായിപ്പോയ വിലപ്പെട്ടതിനൊക്കെയും പകരമായി അവനിന്ന് കാല്‍പ്പന്തിനെ കാണുന്നു.  പന്ത് അവന്‍ ആഗ്രഹിക്കുന്നതൊക്കെയും ഒരുപക്ഷേ, അതിനുമപ്പുറവും മടക്കിനല്‍കുന്നു.

പോക്സോ സംബന്ധിച്ച് സെമിനാര്‍ കഴിഞ്ഞ മാസം കൊല്ലത്തു നടന്നപ്പോള്‍ അവിടത്തെ പ്രധാന അതിഥി മണികണ്ഠനായിരുന്നു.  മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയില്‍നിന്ന് ഉപഹാരവും മാതൃസഹജമായ സ്‌നേഹവാത്സല്യങ്ങളോടെ സ്വന്തം പേഴ്സില്‍നിന്ന് പണമെടുത്ത് മന്ത്രി സ്‌പോണ്‍സര്‍ചെയ്ത സ്‌പോര്‍ട്സ് കിറ്റുമായാണ് അവന്‍ ശിശുമന്ദിരത്തിലേക്ക് മടങ്ങിയത്.

മണികണ്ഠനിലൂടെ കൊല്ലം ശിശുഭവനും അംഗീകരിക്കപ്പെട്ടു എന്നതും കാണേണ്ടതുണ്ട്. മണികണ്ഠന്‍ ഉള്‍പ്പെടെയുള്ള അന്തേവാസികള്‍ക്ക് പരിമിതികള്‍ക്കകത്തുനിന്നുകൊണ്ടും സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയും എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നതിന് സെന്റര്‍ ഫോര്‍ ബിഹേവിയര്‍ മോഡിഫിക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് എന്ന സംഘടന കൊല്ലം സര്‍ക്കാര്‍ ശിശുഭവനെ 2017-ലെ മികച്ച ശിശുസൗഹൃദ സ്ഥാപനമായി തിരഞ്ഞെടുത്തു.

ചെന്നൈയിലേക്ക് വിദഗ്ധ പരിശീലനത്തിനു പോകാന്‍ ഈ ശിശുമന്ദിരത്തില്‍നിന്നുള്ള അടുത്ത ബാച്ചും സജ്ജമായിക്കഴിഞ്ഞു.  മണികണ്ഠനും കൂട്ടുകാരായ രാജേഷ്, അനന്തു, അപ്പുണ്ണി, അന്തോണീസ്, അഖില്‍മോഹന്‍, ജയപ്രകാശ്, ജോമോന്‍, ആദിത്യന്‍, ആദിത്യന്‍ പി.എസ്. എന്നിവരുമാണ് സംഘത്തിലുള്ളത്.
 
ഓച്ചിറയുടെ മകന്‍

അമ്പലവും ചുറ്റമ്പലവും തിടപ്പള്ളിയും ശ്രീകോവിലുമില്ലാതെ ആല്‍ത്തറയില്‍ വാഴുന്ന പരബ്രഹ്മമൂര്‍ത്തിയുടെ ഇടമാണ് ഓച്ചിറക്ഷേത്രം.  അതിന്റെ പരന്ന മൈതാനം ആരെയും ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലവും. ഭിക്ഷാടനത്തിന്റെ നിസ്സഹായതയില്‍നിന്ന് അനന്തസാധ്യതകളുടെ ആകാശങ്ങള്‍ മണികണ്ഠന് ചൂണ്ടിക്കാണിച്ചുകൊടുക്കാന്‍ നീണ്ട ഒരുപാടു വിരലുകളുണ്ട്.  ശിശുക്ഷേമസമിതി മുന്‍ അധ്യക്ഷരായ അഡ്വ. എസ്. ലീല, സി.ജെ. ആന്റണി ഇപ്പോഴത്തെ അധ്യക്ഷ കോമളകുമാരി, ശിശുമന്ദിരം സൂപ്രണ്ട് കെ. ശ്രീകുമാര്‍, മുന്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ സുബൈര്‍, ഇപ്പോഴത്തെ ശിശുസംരക്ഷണ ഓഫീസര്‍ സിജുബെന്‍, കോച്ച് എം.പി. അഭിലാഷ്, ഫുട്ബോള്‍ പ്ലസ് അക്കാദമി ഡയറക്ടറും മുഖ്യപരിശീലകനുമായ ആനന്ദ്, മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, പിന്നെ അവന്റെ എല്ലാമെല്ലാമായ കൂട്ടുകാര്‍... അവരുടെയെല്ലാം സുകൃതമാണ് മണികണ്ഠനെന്ന വളരുന്ന ഫുട്ബോളര്‍.

കഴിഞ്ഞതവണ ചെന്നൈയില്‍ അണ്ടര്‍ 15 ഐ ലീഗ് കളിക്കാന്‍ മണികണ്ഠന്‍ പോയ തിരുവനന്തപുരം-ചെന്നൈ തീവണ്ടി ഓച്ചിറ സ്റ്റേഷനില്‍ പതിവില്ലാതെ 10 മിനിറ്റോളം നിര്‍ത്തിയിട്ടു. അവന്‍ ആ മണ്ണിലിറങ്ങി പടിഞ്ഞാട്ടുനോക്കി അല്പനേരം കണ്ണടച്ചുനിന്നു.  അവിടെ അവന്റെ പരബ്രഹ്മമുണ്ട്.  ഇങ്ങനെയുള്ളൊരു പ്രാര്‍ഥനയുടെ ഏതോ നിമിഷാര്‍ധത്തിലാണല്ലോ അവനെ രക്ഷിച്ചെടുത്ത് ഈ തണലിലേക്കെത്തിച്ചത്.  ഇനിയും തേടുന്ന തണലിനെപ്പറ്റിയും കൊല്ലം ആഫ്റ്റര്‍ കെയര്‍ഹോമില്‍ കഴിയുന്ന 19-കാരി ചേച്ചിയെക്കുറിച്ചുമായിരിക്കുമോ അവന്‍ പ്രാര്‍ഥിച്ചത്?

saifshahul70@gmail.com

Content hughlights: Manikandan Youth Footballer Life