ഹരാരെ:  ഇന്നിങ്‌സിനും 147 റണ്‍സിനും സിംബാബ്‌വെയെ തോല്‍പ്പിച്ച് പാകിസ്താന്‍. ഫോളോ ഓണ്‍ ചെയ്ത സിംബാബ്‌വെയെ രണ്ടാം ഇന്നിങ്‌സില്‍ 231 റണ്‍സിന് പുറത്താക്കിയാണ് പാകിസ്താന്‍ വിജയമാഘോഷിച്ചത്. ഇതോടെ രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പര 2-0ത്തിന് പാകിസ്താന്‍ സ്വന്തമാക്കി. 

അവശേഷിച്ച ഒരു വിക്കറ്റ് വീഴ്ത്തി നാലാം ദിനം പാകിസ്താന്‍ വിജയമാഘോഷിക്കുകയായിരുന്നു. 37 റണ്‍സ് നേടിയ ലൂക്ക് ജോംഗ്‌വെയെ പുറത്താക്കി അഫ്രീദി അഞ്ചു വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. 20 ഓവറില്‍ 52 റണ്‍സ് വിട്ടുകൊടുത്താണ് ഷഹീന്‍ അഞ്ചു വിക്കറ്റെടുത്തത്. 21 ഓവറില്‍ 86 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ നുഅ്മാന്‍ അലിയുടെ പ്രകടനവും സിംബാബ്‌വെയുടെ പതനത്തില്‍ നിര്‍ണായകമായി. ആബിദ് അലി മത്സരത്തിലെ താരമായും ഹസന്‍ അലി പരമ്പരയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു. 

ആദ്യ ഇന്നിങ്സ് എട്ടു വിക്കറ്റിന് 510 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത പാകിസ്താന്‍ സിംബാബ്വെയെ 132 റണ്‍സിന് എറിഞ്ഞിട്ടു. തുടര്‍ന്ന് ഫോളോ ഓണ്‍ ചെയ്ത സിംബാബ്വെയ്ക്ക് രണ്ടാം ഇന്നിങ്സിലും പിടിച്ചുനില്‍ക്കാനായില്ല. 80 റണ്‍സെടുത്ത റെഗിസ് ചകാബ്വയും 49 റണ്‍സ് നേടിയ ബ്രണ്ടന്‍ ടെയ്ലറുമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. 

നേരത്തെ ആദ്യ ഇന്നിങ്സില്‍ ഇരട്ട സെഞ്ചുറി നേടിയ ആബിദ് അലിയും 126 റണ്‍സെടുത്ത അസ്ഹര്‍ അലിയും ചേര്‍ന്ന് പാകിസ്താന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു. നുഅ്മാന്‍ അലി 97 റണ്‍സെടുത്ത് ഇരുവര്‍ക്കും പിന്തുണ നല്‍കി. 104 പന്തില്‍ നിന്നായിരുന്നു നുഅ്മാന്‍ അലിയുടെ 97 റണ്‍സ്. 

ഈ കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്വെ ഒന്നാമിന്നിങ്സില്‍ തകരുന്ന കാഴ്ച്ചയാണ് ഹരാരെയില്‍ കണ്ടത്. അഞ്ചു വിക്കറ്റെടുത്ത ഹസ്സന്‍ അലിയാണ് ആതിഥേയരുടെ കൂട്ടത്തകര്‍ച്ചയ്ക്ക് മരുന്നിട്ടത്. രണ്ട് വിക്കറ്റുമായി സാജിദ് ഖാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി ഷഹീന്‍ അഫ്രീദിയും തബീഷ് ഖാനും ഹസന്‍ അലിയോടൊപ്പം ചേര്‍ന്നു.

Content Highlights: Zimbabwe vs Pakistan Test Cricket