ഹരാരെ: സിംബാബ്‌വെയുടെ അംഗത്വം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ റദ്ദാക്കിയതിനു പിന്നാലെ പ്രതികരണവുമായി താരങ്ങള്‍. രാജ്യത്തെ സര്‍ക്കാര്‍ ക്രിക്കറ്റ് ഭരണത്തില്‍ അനാവശ്യമായി ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഐ.സി.സി സിംബാബ്‌വെയുടെ അംഗത്വം റദ്ദാക്കിയത്.

വിലക്കേര്‍പ്പെടുത്തിയതോടെ തങ്ങളുടെ ഭാവിയെ കുറിച്ചുള്ള ആശങ്കയിലാണ് സിംബാബ്‌വെ താരങ്ങള്‍. സിക്കന്ദര്‍ റാസയും മുന്‍ ക്യാപ്റ്റന്‍ ബ്രണ്ടന്‍ ടെയ്‌ലറും ഐ.സി.സി നീക്കത്തിനെതിരേ രംഗത്തെത്തി.

നിരവധിയാളുകള്‍ക്ക് തൊഴില്‍ നഷ്ടമാകുന്നതോടെ ഒട്ടേറെ കുടുംബങ്ങളെയും ഈ തീരുമാനം ബാധിക്കുമെന്ന് റാസ ട്വിറ്ററില്‍ കുറിച്ചു. ടീമിനെ വിലക്കിയത് ഹൃദയഭേദകമാണെന്നും അദ്ദേഹം പറഞ്ഞു. ക്രിക്കറ്റ് ഉപജീവന മാര്‍ഗമാക്കിയ ഒട്ടേറെ പേരുടെ ജീവിതമാണ് ഇതോടെ ഇരുട്ടിലാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യാന്തര ക്രിക്കറ്റിനോട് ഇത്തരത്തില്‍ വിടപറയാനല്ല താന്‍ ഉദ്ദേശിച്ചിരുന്നതെന്നും റാസ വ്യക്തമാക്കി.

Zimbabwe cricket stars heartbroken after ICC decision

അതേസമയം സിംബാബ്‌വെ ക്രിക്കറ്റിനെ വിലക്കിയ നടപടി ഹൃദയഭേദകമാണെന്ന് മുന്‍ താരം ബ്രണ്ടന്‍ ടെയ്‌ലറും പറഞ്ഞു. സിംബാബ്‌വെ ക്രിക്കറ്റിനായി ജീവിതമുഴിഞ്ഞുവെച്ച കളിക്കാര്‍, സപ്പോര്‍ട്ട് സ്റ്റാഫ്, ഗ്രൗണ്ട് സ്റ്റാഫ് തുടങ്ങി നൂറുകണക്കിന് സത്യസന്ധരായ ആളുകള്‍ക്കാണ് ഇതോടെ തൊഴിലില്ലാതെയാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Zimbabwe cricket stars heartbroken after ICC decision

ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍ ഈ വാര്‍ത്ത ഞെട്ടലുണ്ടാക്കിയെന്ന് പ്രതികരിച്ചിരുന്നു. ലണ്ടനില്‍ നടന്ന ഐ.സി.സിയുടെ വാര്‍ഷിക യോഗത്തിലാണ് സിംബാബ്‌വെയെ വിലക്കാനുള്ള തീരുമാനമെടുത്തത്.

ഐ.സി.സിയുടെ നിയമപ്രകാരം ഓരോ രാജ്യത്തേയും ക്രിക്കറ്റ് ബോര്‍ഡുകള്‍ സ്വതന്ത്രമായിട്ടാണ് മുന്നോട്ടുപോവേണ്ടത്. എന്നാല്‍ സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡിലേക്കുള്ള തെരഞ്ഞെടുപ്പ് ജനാധിപത്യപരമല്ലെന്നാണ് ഐ.സി.സിയുടെ കണ്ടെത്തല്‍. 

ക്രിക്കറ്റ് ബോര്‍ഡില്‍ സിംബാബ്‌വെ സര്‍ക്കാര്‍ അനാവശ്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും ഐ.സി.സി വ്യക്തമാക്കി. വിലക്ക് വരുന്നതോടെ രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡിനുള്ള ഐ.സി.സിയുടെ എല്ലാ സഹായങ്ങളും നിര്‍ത്തലാവും.

അടുത്ത വര്‍ഷം നടക്കുന്ന പുരുഷ, വനിതാ ട്വന്റി 20 ലോകകപ്പുകളുടെ യോഗ്യതാ മത്സരങ്ങളിലും ഇതോടെ സിംബാബ്‌വെയ്ക്ക് പങ്കെടുക്കാനാകില്ല.

ക്രിക്കറ്റ് ബോര്‍ഡില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകരുതെന്നാണ് ഐ.സി.സിയുടെ നിലപാട്. ഇതിന്റെ ലംഘനമാണ് സിംബാബ്‌വെയില്‍ നടന്നത്. ഇത്തരം പ്രവണകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. സിംബാബ്‌വെയില്‍ ക്രിക്കറ്റ് തുടരണമെന്ന് തന്നെയാണ് ഐ.സി.സിയുടെ ആഗ്രഹം. എന്നാല്‍ അത് നിയമങ്ങള്‍ അനുസരിച്ചായിരിക്കണം. ഐ.സി.സി ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ വ്യക്തമാക്കി. മൂന്ന് മാസത്തിനകം ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും ഐ.സി.സി നിര്‍ദേശിച്ചിട്ടുണ്ട്.

നേരത്തെ 2015-ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഐ.സി.സി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇതാദ്യമായാണ് ഒരു അംഗരാജ്യത്തിന് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തുന്നത്.

Content Highlights: Zimbabwe cricket stars heartbroken after ICC decision