ഹരാരെ: സിംബാബ്‌വെയുടെ ഇതിഹാസ താരം ബ്രണ്ടന്‍ ടെയ്‌ലര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. ഇന്ന് നടക്കുന്ന അയര്‍ലന്‍ഡിനെതിരായ മത്സരത്തോടെ താരം ക്രിക്കറ്റിനോട് വിടപറയും. 

2004-ല്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലൂടെ സിംബാബ്‌വെയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച ടെയ്‌ലര്‍ രാജ്യത്തിന്റെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ്. 34 കാരനായ ടെയ്‌ലര്‍ 204 ഏകദിന മത്സരങ്ങളില്‍ നിന്നായി 6677 റണ്‍സ് എടുത്തിട്ടുണ്ട്.  11 തവണ സെഞ്ചുറി നേടി. 145 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 

ഇന്ന് നടക്കുന്ന മത്സരത്തില്‍ 112 റണ്‍സ് നേടാനായാല്‍ സിംബാബ്‌വെയ്ക്ക് വേണ്ടി ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോഡ് ടെയ്‌ലര്‍ക്ക് സ്വന്തമാകും. നിലവില്‍ ആന്‍ഡി ഫ്‌ളവറിന്റെ പേരിലാണ് ഈ റെക്കോഡ്. 

'വളരെ വിഷമത്തോടെ ഞാന്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണ്. സിംബാബ്‌വെ ടീമിനൊപ്പമുള്ള 17 വര്‍ഷങ്ങള്‍ ഞാനെന്നുമോര്‍ക്കും. ഇത്രയും കാലം ടീമിന് വേണ്ടി കളിക്കാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. ടീമിന് വേണ്ടി എപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ഞാന്‍ ശ്രമിച്ചത്. എല്ലാവര്‍ക്കും നന്ദി'-ടെയ്‌ലര്‍ പറഞ്ഞു.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ടെയ്‌ലര്‍ 34 ടെസ്റ്റ് മത്സരങ്ങളും 44 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 2320 റണ്‍സും ട്വന്റി 20 യില്‍ 859 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. 

Content Highlights: Zimbabwe batsman Brendan Taylor announces retirement from international cricket