ജോഹന്നാസ്ബര്‍ഗ്: മൂന്നാം ഏകദിനത്തില്‍ ആതിഥേയരായ സൗത്ത് ആഫ്രിക്കയെ കീഴടക്കി പരമ്പര സ്വന്തമാക്കി പാകിസ്താന്‍. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര 2-1 ന് സ്വന്തമാക്കിയാണ് പാകിസ്താന്‍ വിജയമാഘോഷിച്ചത്. മൂന്നാം ഏകദിനത്തില്‍ പാകിസ്താന്‍ സൗത്ത് ആഫ്രിക്കയെ 28 റണ്‍സിന് കീഴടക്കി. സ്‌കോര്‍: പാകിസ്താന്‍ 50 ഓവറില്‍ ഏഴിന് 320. സൗത്ത് ആഫ്രിക്ക 49.3 ഓവറില്‍ 292 ന് പുറത്ത്.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ പാക് ഓപ്പണര്‍ ഫഖര്‍ സമാന്റെ തകര്‍പ്പന്‍ ഫോമിന്റെ ബലത്തിലാണ് ബാബര്‍ അസമും സംഘവും വിജയത്തിലെത്തിയത്. ഫഖറാണ് പരമ്പരയുടെ താരം. 94 റണ്‍സെടുത്ത നായകന്‍ ബാബര്‍ അസം മത്സരത്തിലെ താരമായി തെരെഞ്ഞെടുക്കപ്പെട്ടു. സൗത്ത് ആഫ്രിക്കയില്‍ രണ്ട് തവണ ഏകദിന പരമ്പര ജയിക്കുന്ന ആദ്യ ഏഷ്യന്‍ ടീം എന്ന റെക്കോഡ് പാകിസ്താന്‍ ഈ വിജയത്തോടെ സ്വന്തമാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് വേണ്ടി 104 പന്തുകളില്‍ നിന്നും 9 ബൗണ്ടറികളുടെയും മൂന്ന് സിക്‌സുകളുടെയും അകമ്പടിയോടെയാണ് ഫഖര്‍ 101 റണ്‍സെടുത്തത്. 82 പന്തുകളില്‍ നിന്നാണ് ബാബര്‍ 94 റണ്‍സെടുത്തത്. 57 റണ്‍സ് നേടിയ ഇമാം ഉള്‍ ഹഖും മികച്ച പ്രകടനം പുറത്തെടുത്തു. സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി സ്പിന്നര്‍ കേശവ് മഹാരാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

321 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി 70 റണ്‍സെടുത്ത ഓപ്പണര്‍ ജാന്നേമന്‍ മലാനും 62 റണ്‍സ് നേടിയ കൈല്‍ വെരെയ്‌നെയും 54 റണ്‍സെടുത്ത ഓള്‍റൗണ്ടര്‍ ഫെലുക്വായോയും മികച്ച പ്രകടനം പുറത്തെടുത്തു. മറ്റ് മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ക്ക തിളങ്ങാനായില്ല. പാകിസ്താന് വേണ്ടി മുഹമ്മദ് നവാസും ഷഹീന്‍ അഫ്രീദിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Content Highlights:Zaman, Azam help Pakistan beat South Africa in ODI series