മുംബൈ: ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ബുധനാഴ്ച്ചയാണ്. ബാറ്റിങ് ഓര്‍ഡറില്‍ ധോനിയുടെ സ്ഥാനം എവിടെയാകും എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. ഹോങ് കോങ്ങിനെതിരായ മത്സരത്തില്‍ അഞ്ചാമനായി ബാറ്റിങ്ങിനിറങ്ങിയ ധോനി പരാജയമായിരുന്നു. ആകെ മൂന്ന് പന്ത് നേരിട്ട മുന്‍ ക്യാപ്റ്റന്‍ പൂജ്യത്തിന് പുറത്തായി. അതും ദുര്‍ബ്ബലരായ ഹോങ് കോങ്ങിനെതിരെ എന്ന കാര്യം മറക്കരുത്.

പാകിസ്താനെതിരേ എം.എസ് ധോനി നാലാമനായി ക്രീസിലെത്തണമെന്നാണ് മുന്‍ പേസ് ബൗളര്‍ സഹീര്‍ ഖാന്റെ അഭിപ്രായം. നിര്‍ണായക ഘട്ടത്തില്‍ ധോനിയുടെ പരിചയസമ്പത്ത് ഗുണകരമാരുമെന്നും സഹീര്‍ ചൂണ്ടിക്കാട്ടുന്നു.  

'നാലാം നമ്പറില്‍ ധോനിയെപ്പോലൊരാള്‍ ബാറ്റിങ്ങിനിറങ്ങണം. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് കൂടി മനസ്സില്‍ കണ്ടാകണം നമ്മള്‍ കളിക്കേണ്ടത്. പലപ്പോഴും നാലാമനായി ക്രീസിലെത്തുന്ന താരം സമ്മര്‍ദ്ദത്തെ അതിജീവിക്കുകയും സാഹചര്യത്തിന് അനുസരിച്ച് കളിക്കുകയും ചെയ്യേണ്ടി വരും. അതുകൊണ്ട് തന്നെ അത് നിര്‍ണായക സ്ഥാനമാണ്' സഹീര്‍ പറയുന്നു.

കെ.എല്‍ രാഹുലിന്റെ ആത്മവിശ്വാസം വര്‍ധിച്ചിട്ടുണ്ടെന്നും സഹീര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ടെസ്റ്റില്‍ 149 പന്തില്‍ 150 റണ്‍സടിച്ചത് രാഹുലിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. രാഹുല്‍ മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങണം. ധവാനും രോഹിത് ശര്‍മ്മയും ഓപ്പണര്‍മാരായി ഇറങ്ങിയാല്‍ പിന്നെ രാഹുല്‍, വിരാട് കോലിയുടെ അഭാവം നികത്തിയേക്കും-സഹീര്‍ ചൂണ്ടിക്കാട്ടുന്നു.

Content Highlights: Zaheer Khan says MS Dhoni should bat at Nunber Four Asia Cup 2018