മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍മാരായ സൗരവ് ഗാംഗുലിയുടെയും എം.എസ് ധോനിയുടെയും കീഴില്‍ ഇന്ത്യന്‍ ടീമില്‍ കളിച്ച താരമാണ് സഹീര്‍ ഖാന്‍.
ഇപ്പോഴിതാ ഇരുവരുടെയും ക്യാപ്റ്റന്‍സിയിലെ സാമ്യതകള്‍ ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. ടീമിലെത്തുന്ന യുവതാരങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ ഇരുവരുടെയും സമീപനം ഒന്നുതന്നെയായിരുന്നുവെന്ന് സഹീര്‍ ചൂണ്ടിക്കാട്ടി. ഒരു യൂട്യൂബ് ചാറ്റ് ഷോയില്‍ സംസാരിക്കവെയാണ് സഹീര്‍ ഇക്കാര്യം പറഞ്ഞത്.
''അതാണ് (ഗാംഗുലിയില്‍ നിന്നുള്ള പിന്തുണ) കരിയറിന്റെ തുടക്കത്തില്‍ നിങ്ങള്‍ക്ക് വേണ്ടത്. അന്താരാഷ്ട്ര തലത്തില്‍ കളിയാരംഭിക്കുമ്പോള്‍ നിങ്ങള്‍ക്ക് എല്ലാ പിന്തുണയും ആവശ്യമാണ്. നിങ്ങളുടെ കരിയര്‍ എങ്ങനെ രൂപപ്പെടുന്നു എന്നത് ആ പിന്തുണയെ ആശ്രയിച്ചിരിക്കും. പ്രാരംഭ ഘട്ടത്തിലെ ആ പിന്തുണ അങ്ങേയറ്റം പ്രാധാന്യമുള്ളതാണ്'', സഹീര്‍ ചൂണ്ടിക്കാട്ടി.
ഇത്തരത്തില്‍ ഗാംഗുലി പ്രവര്‍ത്തിച്ചതു പോലെ തന്നെയായിരുന്നു ധോനിയും യുവ കളിക്കാരുടെ കാര്യത്തില്‍ പ്രവര്‍ത്തിച്ചതെന്നും സഹീര്‍ പറഞ്ഞു.
''എം.എസ് നേതൃത്വത്തിലേക്ക് വരുമ്പോള്‍ ടീമില്‍ പരിചയസമ്പന്നരായ ധാരാളം കളിക്കാര്‍ ഉണ്ടായിരുന്നു. എന്നാല്‍ അവരെല്ലാം വിരമിക്കാന്‍ തുടങ്ങിയതോടെ പുതിയ താരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ ധോനി തയ്യാറായി. ഇക്കാര്യത്തില്‍ ദാദയുടെ അതേ റോള്‍ തന്നെയായിരുന്നു എം.എസിനും. ടീമിനെ മുന്നോട്ടുനയിക്കാന്‍ ഒരു നായകനുവേണ്ട ഗുണമാണത്'', സഹീര്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഓരോ ദശകത്തിലും ക്യാപ്റ്റന്‍മാര്‍ അടുത്തയാള്‍ക്ക് ബാറ്റണ്‍ കൈമാറുകയും ബാറ്റണ്‍ ലഭിച്ചയാള്‍ ടീമിനെ മറ്റൊതു തലത്തിലേക്ക് ഉയര്‍ത്തുന്നതുമാണ് കാണാന്‍ സാധിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Content Highlights: Zaheer Khan explains similarities between Sourav Ganguly and MS Dhoni