അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി 20-യില്‍ പരാജയപ്പെട്ടെങ്കിലും ഇന്ത്യന്‍ താരം യുസ്‌വേന്ദ്ര ചാഹലിന് പക്ഷേ പുതിയൊരു നേട്ടം സ്വന്തമാക്കാന്‍ സാധിച്ചു.

ജസ്പ്രീത് ബുംറയെ മറികടന്ന് ട്വന്റി 20-യില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ബൗളറെന്ന നേട്ടമാണ് ചാഹല്‍ സ്വന്തമാക്കിയത്. 

ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ജോസ് ബട്ട്‌ലറെ പുറത്താക്കിയതോടെയാണ് ബുംറയുടെ 59 വിക്കറ്റുകളെന്ന നേട്ടം ചാഹല്‍ മറികടന്നത്. 46 മത്സരങ്ങളില്‍ നിന്നാണ് ചാഹലിന്റെ ഈ നേട്ടം. ബുംറയാകട്ടെ 50 ട്വന്റി 20 മത്സരങ്ങളില്‍ നിന്നാണ് 59 വിക്കറ്റെടുത്തത്. 

വെള്ളിയാഴ്ച നടന്ന മത്സരം ഇന്ത്യയ്ക്കായുള്ള ചാഹലിന്റെ 100-ാം അന്താരാഷ്ട്ര മത്സരമായിരുന്നു. 54 ഏകദിന മത്സരങ്ങളില്‍ നിന്ന് 92 വിക്കറ്റുകളും ചാഹലിന്റെ അക്കൗണ്ടിലുണ്ട്. 

2017-ന് ശേഷം ട്വന്റി 20-യില്‍ കളിക്കാത്ത ആര്‍. അശ്വിനാണ് വിക്കറ്റ് വേട്ടയില്‍ ചാഹലിനും ബുംറയ്ക്കും പിന്നിലുള്ള താരം. 46 മത്സരത്തില്‍ നിന്ന് 52 വിക്കറ്റാണ് അശ്വിന്റെ സമ്പാദ്യം.

Content Highlights: Yuzvendra Chahal surpasses Jasprit Bumrah leading wicket taker in T20