മുംബൈ: ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ഋഷഭ് പന്ത്. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്കുള്ള ഋഷഭിന്റെ വരവ് അത്ര എളുപ്പമായിരുന്നില്ല. ഇന്ത്യയുടെ ഇതിഹാസതാരമായ എം.എസ് ധോനി ഒഴിച്ചിട്ട കസേരയിലാണ് ഋഷഭിന് ഇരിക്കേണ്ടിയിരുന്നത്. അതുകൊണ്ടുതന്നെ സമ്മര്‍ദം ഏറെയായിരുന്നു.

കരിയറിന്റെ തുടക്കത്തില്‍ ആരാധകരുടെ ഭാഗത്ത് നിന്നും ഋഷഭിന് മോശം അനുഭവമാണുണ്ടായത്. ഒരു പന്ത് നഷ്ടപ്പെട്ടാലോ ക്യാച്ച് മിസ് ചെയ്താലോ ആളുകള്‍ ഗാലറിയില്‍ നിന്ന് 'മഹി, മഹി' എന്ന് ആര്‍ത്തുവിളിക്കാന്‍ തുടങ്ങും. പത്തൊമ്പതുകാരനായ ഋഷഭിന് അത് താങ്ങാനാകുന്നതിന് അപ്പുറമായിരുന്നെന്ന് ഇന്ത്യന്‍ ടീമിലെ സഹതാരം യൂസ്‌വേന്ദ്ര ചാഹല്‍ വ്യക്തമാക്കുന്നു. 

'ഋഷഭ് മഹി ഭായിയെപ്പോലെയാകണം എന്നാണ് എല്ലാവരും ആഗ്രഹിച്ചത്. ഋഷഭ് ഒരു ക്യാച്ച് നഷ്ടപ്പെടുത്തുകയോ ഡിആര്‍എസ് തെറ്റാകുകയോ ചെയ്താല്‍ ഗാലറിയില്‍ നിന്ന് കാണികള്‍ 'മഹി, മഹി' എന്ന് ആര്‍ത്തുവിളിക്കും. അതുകൊണ്ടുതന്നെ ഋഷഭിന് സമ്മര്‍ദ്ദം കൂടുതലായിരുന്നു. ആ സമയത്ത് പത്തൊമ്പതോ ഇരുപതോ ആണ് അവന്റെ പ്രായം. ഈ കാര്യങ്ങളെല്ലാം അവഗണിച്ച് കളിയില്‍ മാത്രം ശ്രദ്ധ കൊടുക്കാന്‍ ഞങ്ങള്‍ അവനോട് പറയും.' എസ്ജിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ചാഹല്‍ വ്യക്തമാക്കുന്നു.

Content Highlights: Yuzvendra Chahal on Rishabh Pants struggles while entering Indian team