മെല്‍ബണ്‍: ടീമിലേക്കുള്ള തിരിച്ചുവരവ് റെക്കോഡോടെ ആഘോഷമാക്കി ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍. മെല്‍ബണിലെ മൂന്നാം ഏകദിനത്തില്‍ ആറു വിക്കറ്റ് വീഴ്ത്തിയതോടെ ഓസീസ് മണ്ണില്‍ ആറു വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ സ്പിന്നറെന്ന നേട്ടം ചാഹല്‍ സ്വന്തമാക്കി. 

ഏകദിനത്തില്‍ ചാഹലിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. കരിയറിലെ രണ്ടാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് ചാഹല്‍ മെല്‍ബണില്‍ കുറിച്ചത്. മാത്രമല്ല ഓസീസ് മണ്ണിലെ ഒരു ഇന്ത്യന്‍ ബൗളറുടെ മികച്ച പ്രകടനത്തില്‍ 2004-ല്‍ മെല്‍ബണില്‍ 42 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ തന്നെ അജിത് അഗാര്‍ക്കറിന്റെ പേരിലുള്ള റെക്കോര്‍ഡിനൊപ്പമെത്താനും ചാഹലിനായി.

ഉസ്മാന്‍ ഖ്വാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, മാര്‍ക്കസ് സ്റ്റോയിനിസ്, റിച്ചാഡ്‌സണ്‍, ആദം സാംപ എന്നിവരെയാണ് ചാഹല്‍ മടക്കിയത്.

Content Highlights: yuzvendra chahal, Melbourne odi