നാഗ്പുര്‍: ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ദീപക് ചാഹറിന്റെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിന്റെ മികവില്‍ ബംഗ്ലാദേശിനെ 30 റണ്‍സിന് തകര്‍ത്ത് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. 

ഹാട്രിക്കടക്കം ആറു വിക്കറ്റെടുത്ത ദീപക് ചാഹറിന്റെ തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്. വെറും 3.2 ഓവറില്‍ 7 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ ചാഹര്‍ രാജ്യാന്തര ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമെന്ന നേട്ടവും സ്വന്തമാക്കി.

ചാഹറിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ മറ്റൊരു ഇന്ത്യന്‍ താരത്തിന്റെ റെക്കോഡ് പ്രകടനം മുങ്ങിപ്പോയിരുന്നു. ഇന്ത്യയ്ക്കായി സ്ഥിരതയോടെ കളിക്കുന്ന യുസ്വേന്ദ്ര ചാഹലിന്റെ നേട്ടമാണ് അധികമാരും ശ്രദ്ധിക്കാതെ പോയത്. മത്സരത്തിനിടെ ബംഗ്ലദേശ് ക്യാപ്റ്റന്‍ മഹ്മദുള്ളയെ പുറത്താക്കിയതോടെ രാജ്യാന്തര ട്വന്റി 20-യില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യന്‍ ബൗളറെന്ന നേട്ടമാണ് ചാഹല്‍ സ്വന്തമാക്കിയത്. 

34-ാം മത്സരത്തിലാണ് ചാഹല്‍ ഈ നേട്ടത്തിലെത്തിയത്. രാജ്യാന്തര തലത്തില്‍ പക്ഷേ ഇക്കാര്യത്തില്‍ നാലാം സ്ഥാനമാണ് ചാഹലിന്. ട്വന്റി 20-യില്‍ 50 വിക്കറ്റ് തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് ചാഹല്‍. രവിചന്ദ്രന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ എന്നിവരാണ് മറ്റു രണ്ടുപേര്‍.

അജാന്ത മെന്‍ഡിസ് (26), ഇമ്രാന്‍ താഹിര്‍ (31), റാഷിദ് ഖാന്‍ (31), മുസ്തഫിസുര്‍ റഹ്മാന്‍ (33) എന്നിവരാണ് ചാഹലിന് മുന്നിലുള്ളത്.

Content Highlights: Yuzvendra Chahal becomes fastest Indian to claim 50 wickets in t20