ന്യൂഡൽഹി: 2002-ൽ ഇംഗ്ലണ്ടിലെ ലോർഡ്സ് സ്റ്റേഡിയത്തിന്റെ ബാൽക്കണിയിൽ നിന്ന് ജെഴ്സിയൂരി നാറ്റ്‌വെസ്റ്റ് ട്രോഫി വിജയം ആഘോഷിച്ച ഗാംഗുലിയെ ആരും മറന്നിട്ടുണ്ടാകില്ല. ഇന്ത്യയുടെ ആ ചരിത്രവിജയത്തിന് ഇന്ന് 18 വർഷം പൂർത്തിയാകുകയാണ്. ഈ ദിവസം ഇന്ത്യൻതാരം യുവരാജ് സിങ്ങും മറന്നില്ല. ഇന്ത്യയുടെ വിജയശിൽപ്പികളിൽ ഒരാളായ യുവരാജ് അന്നത്തെ ഫൈനലിനെ കുറിച്ച് ട്വീറ്റ് ചെയ്തു. ഒപ്പം അന്ന് ഇംഗ്ലണ്ട് ക്യാപ്റ്റനായിരുന്ന നാസർ ഹുസൈനെ ഈ മത്സരത്തെ കുറിച്ച് യുവി ഓർമപ്പെടുത്തുകയും ചെയ്തു.

'2002 നാറ്റ്‌വെസ്റ്റ് ഫൈനൽ. എല്ലാവരും ചേർന്ന് ജീവൻ നൽകി വിജയിച്ച മത്സരം. യുവതാരങ്ങളായ ഞങ്ങളുടെ ഉള്ളിൽ വിജയമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. ഇംഗ്ലണ്ടിനെ തോൽപ്പിക്കാൻ അന്ന് എല്ലാവരും ചേർന്ന് പ്രയത്നിച്ചു. അതു മനോഹരമായിരുന്നു. ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഇന്ത്യ കിരീടം ചൂടി.' ഇന്ത്യയുടെ വിജയചിത്രങ്ങളോടൊപ്പം യുവരാജ് ട്വീറ്റ് ചെയ്തു.

ഇതോടൊപ്പം നാസർ ഹുസൈനെ യുവി ടാഗ് ചെയ്യുകയും ചെയ്തു. 'നിങ്ങൾ മറന്നുപോയിട്ടുണ്ടെങ്കിൽ' എന്ന ട്രോളോടു കൂടിയാണ് അന്നത്തെ ഇംഗ്ലണ്ട് ക്യാപ്റ്റനെ യുവരാജ് ടാഗ് ചെയ്തത്. ഒപ്പം രണ്ടു സ്‌മൈലികളുമുണ്ടായിരുന്നു. ഇതിന് നാസർ ഹുസൈന്റെ മറുപടിയുമെത്തി. 'മനോഹരമായ ചിത്രങ്ങൾ, പങ്കുവെച്ചതിന് നന്ദി' എന്നായിരുന്നു നാസർ ഹുസൈന്റെ മറുപടി.

 

Content Highlights: Yuvraj Singh Trolls Nasser Hussain, NatWest 2002 Final Anniversary