ലുധിയാന: ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് യുവരാജ് സിങ്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും എതിരാളികളെ തകര്‍ക്കുന്ന യുവരാജിന്റെ കരുത്തില്‍ ഇന്ത്യ 2007-ല്‍ ട്വന്റി 20 കിരീടവും 2011-ല്‍ ലോകകപ്പും സ്വന്തമാക്കിയിരുന്നു.

പരിമിത ഓവര്‍ ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ കാഴ്ചവെച്ച യുവരാജിന് ടെസ്റ്റ് ക്രിക്കറ്റില്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിട്ടില്ല. 17 വര്‍ഷം നീണ്ട കരിയറില്‍ ഇന്ത്യയ്ക്ക് വേണ്ടി 304 ഏകദിനങ്ങളും 58 ട്വന്റി 20 മത്സരങ്ങളും കളിച്ച യുവരാജിന് ടെസ്റ്റില്‍ വെറും 40 മത്സരങ്ങള്‍ മാത്രമാണ് കളിക്കാന്‍ അവസരം ലഭിച്ചത്. അതില്‍ 1900 റണ്‍സും 9 വിക്കറ്റുകളും താരം നേടി. 

ഈയിടെ വിസ്ഡന്‍ ഇന്ത്യ കുറിച്ച ഒരു ട്വീറ്റാണ് യുവരാജിന്റെ മറുപടിയ്ക്കാധാരം. ഇന്ത്യയുടെ ഏത് മുന്‍ താരത്തിനാണ് കൂടുതല്‍ ടെസ്റ്റ് കളിക്കാന്‍ അര്‍ഹത? എന്നതായിരുന്നു വിസ്ഡന്‍ ട്വീറ്ററില്‍ കുറിച്ച ചോദ്യം. ഇതിന് ഭൂരിഭാഗം പേരും യുവരാജ് സിങ് എന്നാണ് കുറിച്ചത്.

ഇത് വൈറലായതോടെ പോസ്റ്റിന്റെ ചുവട്ടില്‍ കമന്റുമായി സാക്ഷാല്‍ യുവരാജ് തന്നെ പ്രത്യക്ഷപ്പെട്ടു. അടുത്ത ജന്മം അക്കാര്യം നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് യുവരാജ് പറഞ്ഞു. ഏഴു വര്‍ഷത്തോളം പന്ത്രണ്ടാമനായി നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും തമാശ രൂപേണ യുവി കൂട്ടിച്ചേര്‍ത്തു.

യുവരാജിന്റെ ഈ ട്വീറ്റ് ചുരുങ്ങിയ നിമിഷം കൊണ്ട് തന്നെ വൈറലായി. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിച്ച യുവരാജ് ഈയിടെ റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ ഇന്ത്യ ലെജെന്‍ഡ്‌സിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് കിരീടം നേടിയിരുന്നു.

Content Highlights: Yuvraj Singh takes a dig at Indian team management for not giving him enough Test matches