ന്യൂഡൽഹി: കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ ഷാഹിദ് അഫ്രീദി ഫൗണ്ടേഷനെ പിന്തുണച്ചതിനെ തുടർന്ന് വിമർശനവുമായി രംഗത്തെത്തിയവർക്കെതിരേ മറുപടിയുമായി യുവരാജ് സിങ്ങ്. ആരുടേയും വികാരത്തെ മുറിപ്പെടുത്താൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഒരു രാജ്യത്തെ സഹായിക്കാൻ മാത്രമാണ് താൻ ആവശ്യപ്പെട്ടതെന്നും യുവരാജ് വ്യക്തമാക്കി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു യുവിയുടെ മറുപടി.
'ഏറ്റവും ദുർബലരായ ആളുകളെ സഹായിക്കാനുള്ള ഒരു സന്ദേശം എങ്ങനെ ദ്വയാർഥത്തിൽ വായിക്കപ്പെടുന്നു എന്ന് എനിക്ക് മനസിലാകുന്നില്ല. ഒരു രാജ്യത്തെ ആളുകൾക്ക് മികച്ച രീതിയിൽ ആരോഗ്യ സംരക്ഷണം ലഭ്യമാക്കുക എന്നതു മാത്രമാണ് ആ സന്ദേശത്തിലൂടെ പറയാൻ ശ്രമിച്ചത്. ആരുടേയും വികാരത്തെ മുറിപ്പെടുത്തുക എന്നതായിരുന്നില്ല എന്റെ ഉദ്ദേശം. ഞാൻ എന്നും ഇന്ത്യക്കാരനും മനുഷ്യത്വത്തിന് വേണ്ടി നിലകൊള്ളുന്നവനുമായിരിക്കും. ജയ് ഹിന്ദ്'. ഇൻസ്റ്റാ സ്റ്റോറിയിൽ യുവി പറയുന്നു.
നേരത്തെ ഷാഹിദ് അഫ്രീദി ഫൗണ്ടേഷന് സഹായമർഭ്യർത്ഥിച്ച് യുവരാജും ഹർഭജൻ സിങ്ങും ട്വീറ്റ് ചെയ്തിരുന്നു. കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ പാകിസ്താനെ സഹായിക്കണമെന്നും സംഭാവന നൽകണമെന്നുമായിരുന്നു ഇരുവരുടേയും ട്വീറ്റ്. എന്നാൽ ചില ആരാധകർക്ക് ഇത് അത്ര രസിച്ചില്ല. ഇന്ത്യയെ എപ്പോഴും കുറ്റപ്പെടുത്തുന്ന അഫ്രീദിയെപ്പോലെ ഒരാളെ സഹായിക്കേണ്ടതില്ലെന്നും ഇരുവരോടുമുള്ള ബഹുമാനം നഷ്ടപ്പെട്ടെന്നും ആരാധകർ വിമർശിച്ചിരുന്നു.
Content Highlights: Yuvraj Singh Reacts After Facing Backlash For Supporting Pakistan's Coronavirus Campaign