Photo: twitter.com
ബര്‍മ്മിങ്ങാം: ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ പന്തെടുക്കും മുമ്പ് ബാറ്റുകൊണ്ട് തന്റെ കരുത്ത് എതിരാളികളെ അറിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറ. അതോടെ വഴിമാറിയത് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് പിറന്ന ഓവറെന്ന റെക്കോഡാണ്. ബര്‍മിങ്ങാമില്‍ നടക്കുന്ന ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ചാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലീഷ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡാണ് ബുംറയുടെ ബാറ്റിന്റെ ചൂട് ശരിക്കും അറിഞ്ഞത്.
മത്സരത്തില്‍ ബ്രോഡ് എറിഞ്ഞ 84-ാം ഓവര്‍ നേരെ റെക്കോഡ് ബുക്കിലേക്കാണ് പോയത്. ഈ ഓവറില്‍ 35 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിലെത്തിയത്. ഓവറില്‍ നാല് ഫോറും രണ്ട് സിക്‌സുമടക്കം 29 റണ്‍സ് ബുംറ തന്നെ അടിച്ചെടുത്തു. ഇതോടൊപ്പം ബ്രോഡ് ആറ് റണ്‍സ് അധികമായി വഴങ്ങിയതോടെ ടെസ്റ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ബൗളറെന്ന നാണക്കേട് ബ്രോഡിന്റെ പേരിലായി.
2003-ല്‍ ജൊഹാനസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയുടെ റോബിന്‍ പീറ്റേഴ്‌സണെതിരേ 28 റണ്‍സെടുത്ത വിന്‍ഡീസിന്റെ ബ്രയാന്‍ ലാറ, 2013-ല്‍ പെര്‍ത്തിയ ജെയിംസ് ആന്‍ഡേഴ്‌സനെതിരേ 28 റണ്‍സെടുത്ത ഓസീസ് താരം ജോര്‍ജ് ബെയ്ലി, 2020-ല്‍ ജോ റൂട്ടിനെതിരേ പോര്‍ട്ട് എലിസബത്തില്‍ 28 റണ്‍സെടുത്ത കേശവ് മഹാരാജ് എന്നിവരെയാണ് ബുംറ മറികടന്നത്.
84-ാം ഓവറിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി നേടിയാണ് ബുംറ, ബ്രോഡിനെ വരവേറ്റത്. തൊട്ടടുത്ത പന്തില്‍ ബൗണ്‍സര്‍ എറിയാനുള്ള ബ്രോഡിന്റെ ശ്രമം പാളി. പന്ത് ബുംറയേയും വിക്കറ്റ് കീപ്പര്‍ സാം ബില്ലിങ്‌സിനെയും കടന്ന് ബൗണ്ടറിയിലേക്ക്. അടുത്ത പന്താകട്ടെ നോബോള്‍, അത് ബുംറ സിക്‌സറിന് പറത്തി. അടുത്ത പന്ത് ഫുള്‍ടോസായിരുന്നു, അതും ബുംറ ബൗണ്ടറിയിലെത്തിച്ചു. ഓവറിലെ മൂന്നാമത്തെയും നാലാമത്തെയും പന്തിലും ബുംറ ബൗണ്ടറി നേടി. അഞ്ചാം പന്ത് വീണ്ടും സിക്‌സറിന് പറത്തിയ താരം അവസാന പന്തില്‍ സിംഗിള്‍ നേടി ആ ഓവറിലെ റണ്‍നേട്ടം 35 ആക്കി.
ബുംറയുടെ താണ്ഡവം അവസാനിച്ചതോടെ ക്രിക്കറ്റ് ചരിത്രത്തിലെ നാണക്കേടിന്റെ രണ്ട് റെക്കോഡാണ് ബ്രോഡിന്റെ പേരിലായത്. ട്വന്റി 20-യിലും ടെസ്റ്റിലും ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ബൗളറായി ബ്രോഡ് മാറി. 2007-ലെ ട്വന്റി 20 ലോകകപ്പിനിടെ ഇന്ത്യയുടെ യുവരാജ് സിങ് ഒരോവറില്‍ തുടര്‍ച്ചയായ ആറ് പന്തുകളും സിക്‌സറിന് പറത്തി 36 റണ്‍സ് അടിച്ചെടുത്തത് ബ്രോഡ് മാത്രമല്ല ക്രിക്കറ്റ് ലോകം ഒന്നടങ്കം മറന്നിട്ടില്ല. എന്നാല്‍ ഈ നാണക്കേട് ബ്രോഡിന് ഒറ്റയ്ക്ക് ചുമക്കേണ്ടതില്ല. ശ്രീലങ്കന്‍ സ്പിന്നര്‍ അഖില ധനഞ്ജയയും ട്വന്റി 20-യില്‍ ഒരോവറില്‍ ആറ് സിക്‌സടക്കം 36 റണ്‍സ് വഴങ്ങിയിട്ടുണ്ട്. വിന്‍ഡീസ് താരം കിറോണ്‍ പൊള്ളാര്‍ഡാണ് ധനഞ്ജയക്കെതിരേ ഈ കടുംകൈ ചെയ്തത്.
കിങ്സ്മീഡിലെ യുവിയുടെ 'ആറാട്ട്'
ദക്ഷിണാഫ്രിക്കയിലെ കിങ്സ്മീഡ് മൈതാനത്ത് യുവിയോട് കൊളുത്തിയത് ആന്‍ഡ്രു ഫ്ളിന്റോഫായിരുന്നെങ്കിലും അതിന് പണി കിട്ടിയത് പാവം ബ്രോഡിനായിരുന്നു. 2007 സെപ്റ്റംബര്‍ 19-നായിരുന്നു ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ആ വെടിക്കെട്ട്. 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ സൂപ്പര്‍ സിക്സ് മത്സരമായിരുന്നു അത്. കിവീസിനോട് ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യയ്ക്ക് ഇംഗ്ലണ്ടുമായുള്ള മത്സരം നിര്‍ണായകമായിരുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ ഗംഭീറും (58), സെവാഗും (68) ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. റോബിന്‍ ഉത്തപ്പ പുറത്തായ ശേഷം 17-ാം ഓവറിലാണ് യുവി ക്രീസിലെത്തുന്നത്. അപ്പോള്‍ സ്‌കോര്‍ മൂന്നിന് 171.
18-ാം ഓവര്‍ ബൗള്‍ ചെയ്ത ഫ്ളിന്റോഫിനെതിരേ യുവി തുടര്‍ച്ചയായി രണ്ടു ബൗണ്ടറികള്‍ നേടി. ഇതോടെ ഫ്ളിന്റോഫ് പ്രകോപനപരമായി എന്തോ പറഞ്ഞു. യുവിയും വിട്ടുകൊടുക്കാതിരുന്നതോടെ അതൊരു വാക്കേറ്റമായി. ഒടുവില്‍ അമ്പയര്‍മാര്‍ ഇടപെട്ടാണ് ഈ അടി അവസാനിപ്പിച്ചത്.
എന്നാല്‍ യുവിക്ക് പറഞ്ഞ് മതിയായിട്ടില്ലായിരുന്നു. 19-ാം ഓവര്‍ എറിയാനെത്തിയത് അന്നത്തെ കൗമാരക്കാരന്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. ഫ്ളിന്റോഫിന് കൊടുക്കാന്‍ വെച്ചത് യുവി ബ്രോഡിന് കൊടുത്തപ്പോള്‍ ആ ഓവറിലെ ആറു പന്തുകളും ഗാലറിയില്‍ പതിച്ചു. വെറും 12 പന്തില്‍ നിന്ന് യുവിക്ക് അര്‍ധ സെഞ്ചുറി, ഒപ്പം റെക്കോഡും. 16 പന്തില്‍ ഏഴു സിക്സും മൂന്ന് ബൗണ്ടറികളുമടക്കം 58 റണ്‍സുമായി യുവി അവസാന ഓവറിലെ അഞ്ചാം പന്തില്‍ മടങ്ങിയപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ നാലിന് 218 റണ്‍സിലെത്തിയിരുന്നു.
Content Highlights: Yuvraj Singh on that day 15 years later Jasprit Bumrah poor Stuart Broad
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..