എക്കാലവും ഇന്ത്യന്‍ ക്രിക്കറ്റിലെ എക്സ് ഫാക്ടറായിരുന്നു യുവ്രാജ് സിങ്. ബാറ്റു കൊണ്ടായാലും പന്തുകൊണ്ടായാലും ഒരൊറ്റ ഓവര്‍ കൊണ്ട് മത്സരത്തിന്റെ ഗതി മാറ്റാന്‍ കഴിവുണ്ടായിരുന്ന താരം.
പില്ക്കാലത്ത് ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകങ്ങളായിരുന്ന താരങ്ങളെ കണ്ടെത്തിയ സൗരവ് ഗാംഗുലിയുടെ ശ്രദ്ധ തന്നെയാണ് യുവിക്കും ടീമിലേക്ക് വഴിതുറന്നത്. സഹീര്‍ ഖാന്, ഹര്ഭജന്, സെവാഗ് ആ പട്ടികയിലേക്ക് യുവിയുടെ പേര് എഴുതിച്ചേര്‍ക്കപ്പെടുന്നത് 2000-ലെ അണ്ടര്‍ 19 ലോകകപ്പിലൂടെയാണ്. മുഹമ്മദ് കൈഫിന്റെ നേതൃത്വത്തില്‍ ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്ത് കിരീടം നേടിയ ടീമിലെ നിര്‍ണായക ഘടകം യുവിയായിരുന്നു. 203 റണ്‍സും 12 വിക്കറ്റുകളുമായി യുവി ടൂര്‍ണമെന്റിന്റെ താരമായി.
കെനിയയില്‍ നടന്ന ഐ.സി.സി നോക്കൗട്ട് ട്രോഫിയിലായിരുന്നു യുവിയുടെ അരങ്ങേറ്റം. കരുത്തരായ ഓസീസിനെതിരേ നടന്ന ആദ്യ മത്സരത്തില്‍ തന്നെ മഗ്രാത്തും ബ്രെറ്റ് ലീയും ഗില്ലെസ്പിയും അണിനിരന്ന പേസ് ആക്രമണത്തെ തെല്ലും കൂസാതെ നേരിട്ട ആ ചെറുപ്പക്കാരന് 84 റണ്‍സാണ് അടിച്ചുകൂട്ടിയത്. തന്റെ പ്രതിഭയെന്തെന്ന് ക്രിക്കറ്റ് ലോകത്തിന് കാണിച്ചുകൊടുത്ത ഇന്നിങ്സ്.
2003 ലോകകപ്പും പിന്നിട്ടതോടെ മാച്ച് വിന്നറെന്ന നിലയിലേക്ക് അദ്ദേഹം വളര്‍ന്നുതുടങ്ങി. 2007 ഏകദിന ലോകകപ്പിന്റെ നിരാശ ഇന്ത്യ മായ്ച്ചുകളഞ്ഞത് ആ വര്‍ഷത്തെ പ്രഥമ ട്വന്റി 20 ലോകകപ്പിലായിരുന്നു. സീനിയര്‍ താരങ്ങളെല്ലാം മാറിനിന്ന ആ ടൂര്‍ണമെന്റില്‍ പുതിയ നായകന് എം.എസ് ധോനിയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങിയത്. ആവേശകരമായ ഫൈനലില്‍ പാകിസ്താനെ തോല്‍പ്പിച്ച് ഇന്ത്യ കിരീടമുയര്‍ത്തിയപ്പോള്‍ ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു യുവി.
ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടറില്‍ സ്റ്റുവർട്ട് ബ്രോഡിനെ ഓവറിലെ മുഴുവന്‍ പന്തും സിക്സർ പറത്തിയ യുവിയുടെ ബാറ്റിങ് വിസ്ഫോടനം ക്രിക്കറ്റ് ലോകം ഇന്നും മറന്നിട്ടില്ല. ഓസീസിനെതിരായ സെമിയില്‍ ലീയേയും മിച്ചല്‍ ജോണ്‍സനെയും ബ്രാക്കനെയും തെല്ലും കൂസാതെ നേരിട്ട യുവി 30 പന്തില്‍ നിന്ന് അഞ്ചു വീതം സിക്സും ബൗണ്ടറികളും സഹിതം അടിച്ചുകൂട്ടിയത് 70 റണ്‍സ്. 15 റണ്‍സിനായിരുന്നു അന്ന് ഇന്ത്യയുടെ വിജയം.
2011 ഏകദിന ലോകകപ്പിനായി ഇന്ത്യ ഒരുങ്ങുമ്പോള്‍ യുവിയുടെ ഫോമിന്റെ കാര്യത്തില്‍ ആരാധകര്‍ക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍ ടൂര്‍ണമെന്റ് ആരംഭിച്ചതോടെ അതെല്ലാം അസ്ഥാനത്തായി. 90.50 ശരാശരിയില്‍ 362 റണ്‍സാണ് യുവി അടിച്ചുകൂട്ടിയത്. ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. 15 വിക്കറ്റുകളും പിഴുത യുവി ടൂര്‍ണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. റണ്‍വേട്ടയില്‍ ടൂര്‍ണമെന്റില്‍ എട്ടാമതും വിക്കറ്റ് വേട്ടയില്‍ നാലാമതുമായിരുന്നു യുവി. 28 വര്‍ഷം നീണ്ട ഇന്ത്യയുടെ കാത്തിരിപ്പാണ് അന്ന് വാങ്കഡെയില്‍ അവസാനിച്ചത്.
പിന്നീടാണ് യുവിയുടെ ജീവിതത്തില്‍ വില്ലനായി കാന്‍സറെത്തുന്നത്. ശ്വാസകോശത്തിനും ഹൃദയത്തിനും ഇടയിലെ ട്യൂമറായിരുന്നു വില്ലന്‍. ആദ്യ ഘട്ടത്തിൽ തന്നെ തിരിച്ചറിയാനായി. അമേരിക്കയിലായിരുന്നു ചികിത്സ. കാന്‍സറിനോട് പടവെട്ടിയ യുവി 2012-ല്‍ ടീമിലേക്ക് മടങ്ങിയെത്തി.
എന്നാല്‍ തന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനം പുറത്തെടുക്കാന്‍ പിന്നീട് അദ്ദേഹത്തിന് സാധിച്ചില്ല. ഫലമോ പലപ്പോഴും ടീമിന് പുറത്തായി. 2017 ജൂണിലാണ് യുവി അവസാനമായി ഇന്ത്യന്‍ ജേഴ്സിയണിഞ്ഞത്. ഒടുവിലിതാ ക്രിക്കറ്റിനെ തങ്ങളിലൂടെ അടയാളപ്പെടുത്തിയ താരങ്ങള്‍ക്കൊപ്പം യുവിയുടെ പേരും ചേര്‍ക്കപ്പെടുന്നു.
Content Highlights: yuvraj singh india's x factor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..