ന്യൂഡല്‍ഹി: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ ദയനീയ പ്രകടനം തുടരുന്നതിനിടെ, ഒരുകാലത്ത് ഇന്ത്യയുടെ ഹീറോയ ആയിരുന്ന യുവരാജ് സിങ്ങ് സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. 2019-ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ വീണ്ടും കളത്തിലിറങ്ങാനാണ് സാധ്യത. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് യുവരാജ് ഇക്കാര്യം പറയുന്നത്.

'നമ്മുടെ വിധി ദൈവത്തിന്റെ കൈയിലാണ്. ആരാധകരുടെ അഭ്യര്‍ഥന മാനിച്ച് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ വീണ്ടും കളത്തിലിറങ്ങാമെന്നാണ് പ്രതീക്ഷിക്കുന്നത്. വളരെ ആവേശത്തോടെയാണ് ആ നിമിഷത്തിനായി കാത്തിരിക്കുന്നത്. നിങ്ങളുടെ സ്‌നേഹത്തിനും ആശംസകള്‍ക്കും നന്ദി. ഇന്ത്യ നമ്മുടെ സ്വന്തം ടീമാണ്. ഇന്ത്യയെ പിന്തുണയ്ക്കുക. പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നില്‍ക്കുന്നവരാണ് യഥാര്‍ഥ ആരാധകര്‍'-ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ യുവരാജ് പറയുന്നു.

2011-ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ യുവരാജിന്റെ ഓള്‍റൗണ്ട് പ്രകടനം നിര്‍ണായകമായിരുന്നു. അന്ന് 362 റണ്‍സും 15 വിക്കറ്റുമാണ് യുവി നേടിയത്. 2007-ലെ പ്രഥമ ട്വന്റി-20 ലോകകപ്പില്‍ ഒരോവറിലെ ആറു പന്തിലും സിക്‌സര്‍ പറത്തി യുവി താരമായിരുന്നു. 

2000 ഒക്ടോബറില്‍ ഇന്ത്യക്കായി അരങ്ങേറിയ യുവരാജ് 304 ഏകദിനങ്ങളില്‍നിന്ന്‌ 8701 റണ്‍സും 40 ടെസ്റ്റുകളില്‍ നിന്ന് 1900 റണ്‍സും നേടിയിട്ടുണ്ട്. ഇടങ്കയ്യന്‍ സ്പിന്‍ ബൗളറായ താരം ഏകദിനത്തില്‍ 111 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

Content Highlights: Yuvraj Singh hints at comeback from retirement next year