മുംബൈ: ഫിറോസ്ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ അവസാന മത്സരവും കളിച്ച് ആശിഷ് നെഹ്‌റ പടിയിറിങ്ങിക്കഴിഞ്ഞു. ഇനി വിമാനം പറക്കുന്നതു പോലെയുള്ള നെഹ്‌റയുടെ വിക്കറ്റാഘോഷം നമ്മള്‍ കാണില്ല. നെഹ്‌റയുടെ വിരമിക്കലിനോട് അനുബന്ധിച്ച് നിരവധി പേരാണ് താരവുമായുള്ള അനുഭവങ്ങള്‍ പങ്കുവെച്ചത്. അതില്‍ യുവരാജ് സിങ്ങിന്റെ കുറിപ്പ് ആരാധകരുടെ കണ്ണു നനയിച്ചു.

താന്‍ കണ്ടതില്‍വെച്ച് ഏറ്റവും ആത്മാര്‍ത്ഥയുള്ള കളിക്കാരനാണ് നെഹ്‌റയെന്നും മതഗ്രന്ഥങ്ങള്‍ക്ക് മാത്രമായിരിക്കും അദ്ദേഹത്തേക്കാള്‍ വിശുദ്ധിയുള്ളതെന്നും യുവി പറയുന്നു. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് യുവി നെഹ്‌റയെക്കുറിച്ച് വാചാലനാകുന്നത്. നെഹ്‌റയെക്കുറിച്ചുള്ള ഈ കുറിപ്പ് വായിക്കുമ്പോള്‍ ചിലരുടെ ദ്രംഷ്ടകള്‍ താഴേക്ക് വരുമെന്നും കണ്ണുകള്‍ തള്ളി പുറത്തേക്ക് വരുമെന്ന് തനിക്കറിയാമെന്നും യുവി കുറിപ്പില്‍ പറയുന്നു.

ആഷു കാര്യങ്ങള്‍ വെട്ടുത്തുറന്നു പറയുന്ന ആളാണ്. അത് പലരെയും അലോസരപ്പെടുത്തിയിട്ടുണ്ടാകാം. പക്ഷേ എന്നെ സംബന്ധിച്ച് ആഷു അങ്ങിനെയല്ല. പലര്‍ക്കും അരസികനായ ആഷു വളരെ തമാശക്കാരനായ വ്യക്തിയാണ്. കണ്ണുകൾ കൊണ്ട് ഗോഷ്ടി കാണിച്ച് ഞൊടിയിടയില്‍ തമാശയൊപ്പിക്കുന്ന ആളാണ് ആഷു. ദാദ ആഷുവിനെ പോപ്പെറ്റ് എന്നാണ് വിളിച്ചിരുന്നത്. വെള്ളത്തിടയിലിരുന്ന് പോലും ആഷുവിന് സംസാരിക്കാന്‍ കഴിയുമായിരുന്നു. യുവി കുറിപ്പില്‍ പറയുന്നു. 

2003 ലോകകപ്പില്‍ ഇംഗ്ലണ്ടുമായുള്ള മത്സരത്തിനു മുമ്പ് നെഹ്റ പരിക്കുപറ്റിയ കൈയുമായാണ് കളിക്കാനിറങ്ങിയത്. പൂര്‍ണ്ണമായും ടീമിന്റെ ജയത്തിനുവേണ്ടി മാത്രം പ്രയത്നിക്കുന്ന നെഹ്‌റ ആ മത്സരത്തില്‍ 23 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റ് നേടിയത് മറക്കാനാകാത്ത അനുഭവമാണെന്നും യുവി പറയുന്നു. വേദനസംഹാരികള്‍ കഴിച്ച് പരിക്കിനെ വകവെയ്ക്കാതെയായിരുന്നു നെഹ്‌റ പലപ്പോഴും കളിക്കാനിറങ്ങിയിരുന്നത്. കരയിറിനിടയില്‍ 11 ശസ്ത്രക്രിയകള്‍ നെഹ്‌റക്ക് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും യുവരാജ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

കളിക്കാനിറങ്ങാത്തപ്പോഴും കളിക്കളത്തിലേക്ക് വെള്ളം കൊണ്ടുവരുമ്പോഴും ആഷു ഉപദേശം നല്‍കും. 38-ാം വയസിലും പരിക്കുകള്‍ക്ക് കീഴടങ്ങാതെ നെഹ്റക്ക് കളിക്കാന്‍ കഴിഞ്ഞെങ്കില്‍ 36 വയസുള്ള തനിക്ക് തിരിച്ചുവരാന്‍ കഴിയുമെന്നും യുവി ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

ഈ വിരമിക്കല്‍ നെഹ്‌റക്കും കുടുംബത്തിനുമുള്ളതുപോലെ തനിക്കും വൈകാരികപരമായ ഒന്നാണെന്നും നെഹ്‌റയെപ്പോലുള്ള ഒരാളുടെ സൗഹൃദം സമ്മാനിച്ച ക്രിക്കറ്റിനോട് എന്നും താന്‍ കടപ്പെട്ടിരിക്കുന്നുവെന്നും പറഞ്ഞാണ് യുവി കുറിപ്പ് അവസാനിപ്പിക്കുന്നത്. 

Content Highlights: Ashish Nehra, Yuvraj Singh, Nehra Retirement , Cricket