മുംബൈ: ജീവിതത്തില്‍ എന്ന പോലെ അദ്ഭുതങ്ങള്‍ ക്രിക്കറ്റിലും സംഭവിക്കാറുണ്ട്. അങ്ങനെയൊരു അദ്ഭുതത്തിന് സാക്ഷിയായി ജീവിതത്തിലും കരിയറിലും ഒരുപോലെ പോരാടിയെത്തിയവനാണ് ഇന്ത്യന്‍ താരം യുവരാജ് സിങ്ങ്. എന്നാല്‍ യുവിയെ ഇനി ഇന്ത്യയുടെ നീല ജഴ്‌സിയില്‍ കാണാനാവുമോ എന്ന കാര്യം സംശയമാണ്.

ഞായറാഴ്ച്ച ലങ്കയ്ക്കെതിരായ ഏകദിന, ടിട്വന്റി ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ യുവിയുടെ പേര് അതിലുണ്ടായിരുന്നില്ല. 36കാരനായ യുവിയെ മാറ്റിനിര്‍ത്തി പകരം യുവതാരം മനീഷ് പാണ്ഡെക്ക് സെലക്റ്റര്‍മാര്‍ അവസരം നല്‍കുകയായിരുന്നു. 2019ല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് മുന്നില്‍ കണ്ടായിരിക്കും ലങ്കക്കെതിരായ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. അങ്ങനെയെങ്കില്‍ 2019 വരെ യുവിക്ക് ഫോം നിലനിര്‍ത്താനാവില്ല എന്നും സെലക്റ്റര്‍മാര്‍ കരുതുന്നുണ്ടാകും.

ടീം പ്രഖ്യാപനത്തിന് ശേഷം സോഷ്യല്‍ മീഡിയയിലും ഇതുതന്നെയാണ് ചര്‍ച്ച. യുവിയുടെ കരിയറിന് അവസാനമായി എന്നാണ് എല്ലാവരും കരുതുന്നത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെതിരെ 32 പന്തില്‍ 53 റണ്‍സ് നേടിയ ശേഷം യുവരാജ് ഫോമിലേക്കുയര്‍ന്നിട്ടില്ല. പിന്നീട് 7, 23, 22 എന്നിങ്ങനെയായിരുന്നു യുവിയുടെ സ്‌കോര്‍. വിന്‍ഡീസില്‍ നടന്ന പരമ്പരയില്‍ മൂന്നെണ്ണത്തില്‍ കളിച്ച യുവി ആകെ നേടിയത് 75 റണ്‍സാണ്. 39 റണ്‍സാണ് ടോപ്പ്‌സ്‌കോര്‍.

'യുവി പോരാളിയാണ്. 2019ല്‍ ലോകകപ്പില്‍ യുവിയുണ്ടാകുമെന്നാണ് കരുതുന്നത്. ഫോമിനേക്കാള്‍ ഫിറ്റ്‌നെസിലാണ് ഇപ്പോള്‍ ശ്രദ്ധിക്കേണ്ടത്. 20 ഓവര്‍ ക്രിക്കറ്റ് കളിക്കുമ്പോഴുള്ള ഫിറ്റ്‌നെസല്ല 50 ഓവര്‍ ക്രിക്കറ്റു കളിക്കുമ്പോള്‍ വേണ്ടത്' കഴിഞ്ഞ സെലക്ഷന്‍ പാനലില്‍ അംഗമായിരുന്ന സബ കരീം പറയുന്നു.

'2015ല്‍ യുവരാജിനെ തിരിച്ചുകൊണ്ടുവന്നത് ഞങ്ങളുടെ സെലക്ഷന്‍ പാനലായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ടിട്വന്റി പരമ്പരയിലായിരുന്നു ആ തിരിച്ചുവരവ്. ആ സമയത്ത് ഇന്ത്യയില്‍ നടക്കുന്ന ലോകടിട്വന്റിയും യുവിയുടെ അനുഭവസമ്പത്തും മാത്രമാണ് ഞങ്ങള്‍ പരിഗണിച്ചത്. പക്ഷേ ഇപ്പോള്‍ സാഹചര്യം വ്യത്യസ്തമാണ്. മനീഷ് പാണ്ഡെ കഴിവുള്ള യുവതാരമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പാണ്ഡക്ക് അവസരങ്ങള്‍ നല്‍കണം' സബ കരീം ചൂണ്ടിക്കാട്ടി.

ലോകകപ്പിന് ഇവനി ഒന്നര വര്‍ഷമേ ബാക്കിയുള്ളൂ. ലോകകപ്പിനുള്ള ടീം അതിന് മുമ്പ് 40 മത്സരങ്ങളെങ്കിലും ഒരുമിച്ച് കളിക്കണം. ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായി മനീഷ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യയുടെ നിലവിലെ ലൈനപ്പില്‍ മികച്ച ഫീല്‍ഡര്‍ കൂടിയാണ് മനീഷ് പാണ്ഡെ. കരീം നിരീക്ഷിക്കുന്നു.

നിലവില്‍ 2019 ലോകകപ്പിനുള്ള ഇന്ത്യയുടെ സാധ്യതാ ടീമിന്റെ ശരാശരി വയസ്സ് കണക്കാക്കിയാല്‍ ഇന്ത്യയുടെ വയസ്സന്‍മാരുടെ ടീമുകളിലൊന്ന് എന്ന് പറയേണ്ടി വരും. ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഒന്നര വര്‍ഷം കഴിയുമ്പോള്‍ 31 വയസ്സാകും. രോഹിത് ശര്‍മ്മ 32ലെത്തും. ശിഖര്‍ ധവാന്‍ 33, കേദര്‍ ജാദവ് 34, ആര്‍. അശ്വിന്‍ 32, രവീന്ദ്ര ജഡേജ 30, ഉമേഷ് യാദവ് 31, എം.എസ് ധോനി 38 എന്നിങ്ങനെയാണ് ഓരോരുത്തരുടെയും പ്രായം. 

Yuvraj Singh

യുവരാജിന്റെ 17 വര്‍ഷത്തെ കരിയര്‍ പരിശോധിച്ചാല്‍ ഉയര്‍ച്ചതാഴ്ച്ചകള്‍ കാണാം. ഒരു മികച്ച ഏകദിന, ടിട്വന്റി ബാറ്റ്‌സ്മാനായിരുന്നപ്പോള്‍ തന്നെ ടെസ്റ്റില്‍ യുവി പരാജയമായിരുന്നു. 2007ല്‍ ലോക ടിട്വന്റിയില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച യുവി എന്നാല്‍ 2014ല്‍ ബംഗ്ലാദേശില്‍ ഇന്ത്യയുടെ പരാജയത്തിന് കാരണമായി. 

എന്നാല്‍ യുവിയെ പുറത്താക്കിയതിന് പിന്നിലുള്ള യഥാര്‍ത്ഥ കാരണം നമുക്കറിയില്ലെന്നും സെലക്റ്റര്‍മാരുടെ കണക്കുകൂട്ടല്‍ എന്താണെന്ന് വ്യക്തമല്ലെന്നും മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. 38 വയസ്സിന് മുകളിലുള്ള രണ്ടു പേരുമായി ലോകകപ്പിന് പോകുന്നത് ഗുണകരമല്ലെന്ന് സെലക്റ്റര്‍മാര്‍ കരുതിയിട്ടുണ്ടാകാം. ധോനിയെയും യുവിയെയും ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ ബാറ്റിങ്ങില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍ അവരെ ഇറക്കേണ്ടി വരും. അതൊരു പ്രശ്‌നമാണ്. ചോപ്ര പറയുന്നു. യുവിക്കും ധോനിക്കും പകരം കെ.എല്‍ രാഹുല്‍, കേദര്‍ ജാദവ്, മനീഷ് പാണ്ഡെ എന്നിവര്‍ക്ക് അവസരം നല്‍കി യുവടീമിനെ വാര്‍ത്തെടുക്കാനാവും സെലക്റ്റര്‍മാര്‍ ശ്രമിക്കുന്നതെന്നും ചോപ്ര ചൂണ്ടിക്കാട്ടുന്നു.

304 ഏകദിനങ്ങളില്‍ നിന്ന് 8701 റണ്‍സ് നേടിയ യുവിയുടെ കരിയര്‍ അസ്തമിക്കാറായി എന്നത് ക്രിക്കറ്റ് ആരാധകനെ കുറച്ചൊന്നുമല്ല സങ്കടപ്പെടുത്തുക. ടിട്വന്റി ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ ഒരോവര്‍ മുഴുവന്‍ സിക്‌സിലേക്ക് പറത്തിയ റെക്കോഡ് ഇന്നിങ്‌സ് എങ്ങിനെ മറക്കാനാണ്.