ന്യൂഡല്‍ഹി: ജാതീയ പരാമര്‍ശം നടത്തിയതിനെത്തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ് അറസ്റ്റില്‍. ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസ്‌വേന്ദ്ര ചാഹലിനെതിരായി നടത്തിയ ജാതീയ പരാമര്‍ശത്തെത്തുടര്‍ന്നാണ് യുവരാജിനെ അറസ്റ്റ് ചെയ്തത്. 

ഹന്‍സി പോലീസാണ് യുവരാജിനെ അറസ്റ്റ് ചെയ്തത്. മൂന്നുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ താരത്തെ ജാമ്യത്തില്‍ വിട്ടു. ഐ.പി.സി, എസ്.സി/എസ്.ടി ആക്ട് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

2020 ഏപ്രിലില്‍ ഇന്ത്യന്‍ താരം രോഹിത് ശര്‍മയുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവിനിടെയാണ് യുവരാജ് വിവാദ പരാമര്‍ശം നടത്തിയത്. കീഴ്ജാതിക്കാരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന വാക്കാണ് യുവരാജ് ചാഹലിനെതിരേ പുറത്തെടുത്തത്. തമാശയ്ക്ക് പറഞ്ഞതാണെങ്കിലും സംഭവം കൈവിട്ടുപോയി. 

ഇതിനെതിരേ ദളിത് സംഘടനകള്‍ വ്യാപകമായി രംഗത്തെത്തുകയും യുവരാജ് മാപ്പ് പറയണമെന്ന് ആവശ്യപ്പെുടുകയും ചെയ്തു. കാന്‍സര്‍ രോഗത്തെപ്പോലും തോല്‍പ്പിച്ച യുവരാജ് ജാതീയ ചിന്തകളെ എന്നാണ് തോല്‍പ്പിക്കുക എന്ന തരത്തിലുള്ള വാര്‍ത്തകള്‍ തലപൊക്കുകയും ചെയ്തു. 

യുവരാജിനെതിരേ ദളിത് ആക്റ്റിവിസ്റ്റും അഭിഭാഷകനുമായ രജത് കല്‍സനാണ് പരാതി നല്‍കിയത്. സംഭവം വിവാദമായതോടെ യുവരാജ് മാപ്പുപറഞ്ഞിരുന്നു. 

Content Highlights: Yuvraj Singh arrested in alleged casteist remarks case, released on bail