ബ്രിസ്‌ബെയ്ന്‍: വ്യാഴാഴ്ച ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താനായി അരങ്ങേറ്റം കുറിച്ചതോടെ റെക്കോഡ് ബുക്കിലിടം നേടി യുവ പേസര്‍ നസീം ഷാ. 

ഓസീസ് മണ്ണില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് നസീം ഷാ സ്വന്തമാക്കിയത്. ബ്രിസ്‌ബെയ്‌നില്‍ ആദ്യമായി ടെസ്റ്റ് ക്യാപ്പ് അണിയുമ്പോള്‍ വെറും 15 വര്‍ഷവും 279 ദിവസവുമാണ് നസീമിന്റെ പ്രായം. 

1953-ല്‍ 17 വയസുള്ളപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മെല്‍ബണില്‍ അരങ്ങേറ്റം കുറിച്ച മുന്‍ ഓസീസ് താരം ഇയാന്‍ ക്രെയ്ഗിന്റെ റെക്കോഡാണ് ഇതോടെ തിരുത്തപ്പെട്ടത്. മാത്രമല്ല ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്ന പ്രായം കുറഞ്ഞ ഒമ്പതാമത്തെ താരമെന്ന നേട്ടവും നസീം സ്വന്തമാക്കിക്കി.

വെറും ഏഴ് ഫസ്റ്റ്ക്ലാസ് മത്സരങ്ങള്‍ മാത്രം കളിച്ച ശേഷമാണ് നസീമിന് സീനിയര്‍ ടീമിലേക്ക് വിളിയെത്തുന്നത്. 27 വിക്കറ്റാണ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലെ സമ്പാദ്യം. പാക് ബൗളിങ് കോച്ച് വഖാര്‍ യൂനിസില്‍ നിന്നാണ് നസീം ടെസ്റ്റ് ക്യാപ്പ് സ്വന്തമാക്കിയത്.

Content Highlights: young Naseem Shah becomes youngest Test cricketer to debut in Australia