Photo: AP
ഗല്ലെ: ക്രിക്കറ്റ് ഇതിഹാസം ഷെയ്ന് വോണിന്റെ കുത്തിത്തിരിയുന്ന പന്തുകള്‍ എന്നും ആരാധകര്‍ക്ക് അത്ഭുതമാണ് സമ്മാനിക്കാറ്. വോണ്‍ ലോകത്തോട് വിടപറഞ്ഞപ്പോള്‍ ആ മനോഹരമായ പന്തുകളും നഷ്ടമായെന്നാണ് ആരാധകര്‍ കരുതിയത്. എന്നാല്‍ വോണിനെ അനുസ്മരിപ്പിച്ചുകൊണ്ട് പാകിസ്താന് സ്പിന്നര്‍ യാസിര്‍ ഷാ മനോഹരമായ ഒരു പന്തിലൂടെ ആരാധകരുടെ മനം കവര്‍ന്നു.
ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനിടെയാണ് യാസിര്‍ ഷായുടെ കിടിലന്‍ പന്ത് വന്നത്. രണ്ടാം ഇന്നിങ്സില്‍ ബാറ്റുചെയ്യുന്നതിനിടെ ശ്രീലങ്കയുടെ കുശാല്‍ മെന്‍ഡിസിനെ മികച്ച പന്തിലൂടെ യാസിര്‍ ഷാ ക്ലീന്‍ ബൗള്‍ഡാക്കി.
125 പന്തുകളില്‍ നിന്ന് 76 റണ്‍സെടുത്ത് നിലയുറപ്പിച്ച മെന്‍ഡിസിന്റെ ലെഗ്സൈഡില്‍ കുത്തിത്തിരിഞ്ഞ പന്ത് താരത്തെ നിസ്സഹായനാക്കി ഓഫ്സ്റ്റംപ് പിഴുതു. ഷെയ്ന് വോണിന്റെ 'നൂറ്റാണ്ടിലെ പന്തി'നോട് സാദൃശ്യം പുലര്‍ത്തുന്ന തരത്തിലുള്ളതായിരുന്നു ഇത്.
യാസിര്ഷായുടെ ബൗളിങ്ങിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ഷെയ്ന് വോണിനെ വീണ്ടും ഓര്മിപ്പിച്ചതില് ഒരുപാട് നന്ദിയുണ്ടെന്നും യാസിര്ഷായുടെ പന്ത് അത്ഭുതകരമാണെന്നുമെല്ലാം പറഞ്ഞ് ആരാധകര്‍ താരത്തെ പുകഴ്ത്തി.
1993-ല്‍ ഇംഗ്ലണ്ടിന്റെ മൈക്ക് ഗാറ്റിങ്ങിനെ മടക്കിയ വോണിന്റെ പ്രകടനമാണ് 'നൂറ്റാണ്ടിന്റെ പന്ത്' എന്ന പേരില്‍ പ്രശസ്തമായത്. വോണിന്റെ നൂറ്റാണ്ടിന്റെ പന്തുമായാണ് ആരാധകര്‍ യാസിര്‍ ഷായുടെ പ്രകടനത്തെ താരതമ്യം ചെയ്യുന്നത്. മത്സരത്തില്‍ പാകിസ്താനെതിരേ ശ്രീലങ്ക ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..