അബുദാബി: ടെസ്റ്റ് ക്രിക്കറ്റില്‍ 82 വര്‍ഷം പഴക്കമുളള റെക്കോഡ് പഴങ്കഥയാക്കി പാകിസ്താന്‍ ലെഗ് സ്പിന്നര്‍ യാസിര്‍ ഷാ. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 200 വിക്കറ്റുകള്‍ വീഴ്ത്തുന്ന ബൗളറെന്ന റെക്കോഡാണ് ഷാ സ്വന്തമാക്കിയത്.
33 ടെസ്റ്റില്‍ നിന്നാണ് ഷാ ഈ നേട്ടത്തിലെത്തിയത്. 1936-ല്‍ 36 മത്സരങ്ങളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ ഓസീസ് ലെഗ് സ്പിന്നര്‍ ക്ലാരി ഗ്രിമ്മെറ്റ് 82 വര്‍ഷക്കാലം കൈവശം വെച്ച റെക്കോഡാണ് ഷാ പഴങ്കഥയാക്കിയത്. ടെസ്റ്റിലെ ബൗളിങ് റെക്കോഡുകള്‍ തിരുത്തിക്കുറിച്ച ഷെയ്ന്‍ വോണിനോ മുത്തയ്യ മുരളീധരനോ സാധിക്കാത്ത നേട്ടമാണ് ഈ പാക് സ്പിന്നര്‍ സ്വന്തമാക്കിയിരിക്കുന്നത്.
ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ വില്ലി സോമര്‍വില്ലയെ വിക്കറ്റിന് മുന്നില്‍ കുരുക്കിയാണ് യാസിര്‍ ഷാ ചരിത്ര നേട്ടത്തിലെത്തിയത്. നേരത്തെ 17 ടെസ്റ്റുകളില്‍ നിന്ന് 100 വിക്കറ്റുകള്‍ സ്വന്തമാക്കിയ ഷാ, ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു. ഒമ്പതു ടെസ്റ്റുകളില്‍ നിന്ന് 50 വിക്കറ്റ് തികച്ച ഷാ, ഏറ്റവും വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന പാക് താരമായും മാറിയിരുന്നു.
ദുബായില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഒരു ദിവസം പത്തു വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ബൗളറെന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കിയിരുന്നു. മുന്‍ ഇന്ത്യന്‍ നായകനും പരിശീലകനുമായിരുന്ന അനില്‍ കുംബ്ലെയാണ് ഇതിനു മുന്‍പ് ടെസ്റ്റില്‍ ഒരു ദിവസം കൊണ്ട് 10 വിക്കറ്റുകള്‍ നേടിയ താരം. 21-ാം നൂറ്റാണ്ടില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമെന്ന നേട്ടവും ഷാ സ്വന്തം പേരിലാക്കി.
കുംബ്ലെ ഒരു ഇന്നിങ്‌സില്‍ 10 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷാ രണ്ട് ഇന്നിങ്‌സിലുമായാണ് 10 വിക്കറ്റ് വീഴ്ത്തിയത്. ആ മത്സരത്തിലാകെ ഷാ 14 വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇമ്രാന്‍ ഖാനു ശേഷം ഒരു ടെസ്റ്റില്‍ 14 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ പാകിസ്താന്‍ താരമെന്ന റെക്കോഡും ഷായെ തേടിയെത്തി.
2014-ല്‍ ഓസ്‌ട്രേലിയക്കെതിരെ അബുദാബിയില്‍ ഏഴ് വിക്കറ്റ് നേട്ടത്തോടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. നാലു വര്‍ഷത്തെ കരിയറില്‍ 16 അഞ്ചു വിക്കറ്റ് നേട്ടവും മൂന്ന് 10 വിക്കറ്റ് നേട്ടവും ഷാ സ്വന്തമാക്കിയിട്ടുണ്ട്.
Content Highlights: yasir shah fastest to 200 test wickets breaks 82 year record