സതാംപ്റ്റൺ: ന്യൂസീലന്റിനെതിരായ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മനോഹര ക്യാച്ചുമായി ഇന്ത്യയുടെ യുവതാരം ശുഭ്മാൻ ഗിൽ. മുഹമ്മദ് ഷമിയുടെ പന്തിൽ റോസ് ടെയ്ലറെ പുറത്താക്കാനെടുത്ത ക്യാച്ചാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അഞ്ചാം ദിവസത്തെ ആദ്യ വിക്കറ്റായിരുന്നു ഇത്.

ഷമി നിരന്തരം ടെയ്ലറെ കവർ ഡ്രൈവിന് പ്രേരിപ്പിച്ചു. ഷമിയുടെ ഈ കെണിയിൽ വീണ ടെയ്ലർ കവർ ഡ്രൈവിന് ശ്രമിച്ചപ്പോൾ ഷോർട്ട് കവറിലുള്ള ഗില്ലിന്റെ കൈയിലെത്തുകയായിരുന്നു. മുഴുനീളെ ഡൈവിങ്ങിലൂടെ ഗിൽ പന്ത് കൈപ്പിടിയിലൊതുക്കി.

അഞ്ചാം ദിവസം 16 റൺസ് കൂട്ടിച്ചേർക്കുമ്പോഴേക്ക് ടെയ്ലറുടെ വിക്കറ്റ് ന്യൂസീലന്റിന് നഷ്ടപ്പെട്ടു. പുറത്താകുമ്പോൾ 37 പന്തിൽ 11 റൺസായിരുന്നു ടെയ്ലറുടെ സമ്പാദ്യം. മഴയെത്തുടർന്ന് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ഒന്നാം ദിവസത്തേയും നാലാം ദിവസത്തേയും മത്സരം ഉപേക്ഷിച്ചിരുന്നു.

Content Highlights: wtc final shubman gill takes a stunning diving catch to dismiss ross taylor