ദുബായ്: ഇന്ത്യ-ന്യൂസീലൻഡ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. വിജയിക്കുന്ന ടീമിന് 12 കോടി രൂപയാണ് ലഭിക്കുക. ഒപ്പം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മേസും (ഗദ) ലഭിക്കും. നേരത്തെ കലണ്ടർ വർഷത്തിന്റെ അവസാനം ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ടീമിനായിരുന്നു മേസ് നൽകിയിരുന്നത്.

രണ്ടാം സ്ഥാനത്ത് എത്തുന്ന ടീമിന് ആറു കോടി രൂപ ലഭിക്കും. സമനിലയിൽ അവസാനിച്ചാൽ കിരീടം പങ്കിടുന്നതിനൊപ്പം സമ്മാനത്തുകയും പങ്കിടും. മൂന്നാം സ്ഥാനത്തെത്തുന്ന ടീമിന് 3.38 കോടി രൂപയും നാലാം സ്ഥാനത്തെ ടീമിന് 2.62 കോടി രൂപയുമാണ് ലഭിക്കുക. അഞ്ചാം സ്ഥാനക്കാർക്ക് 1.5 കോടി, ശേഷിക്കുന്ന നാല് ടീമുകൾക്ക് 75 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.

സമനിലയിൽ അവസാനിച്ചാൽ ഇരുടീമുകൾക്കും മേസ് കൈവശം വെയ്ക്കാനുള്ള അവകാശമുണ്ടാകും. ഈ മാസം 18 മുതൽ ഇംഗ്ലണ്ടിലെ സതാംപ്റ്റണിലാണ് ഫൈനൽ നടക്കുന്നത്.

Content Highlights: WTC Final prize money Winner to take home 12 crore rupees