ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം വിരാട് കോലിയെ കെട്ടിപ്പിടിക്കുന്ന കെയ്ൻ വില്ല്യംസൺ | Photo: twitter|Manoj Tiwary
സതാംപ്റ്റൺ: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും ന്യൂസീലന്റ് ക്യാപ്റ്റൻ കെയ്ൻ വില്ല്യംസണും തമ്മിലുള്ള സൗഹൃദം ക്രിക്കറ്റ് ലോകത്ത് ചർച്ചാവിഷയമാണ്. അണ്ടർ-19 ലോകകപ്പ് മുതൽ സൗഹൃദം തുടങ്ങിയ ഇരുവരും ഒടുവിൽ രണ്ട് രാജ്യങ്ങളിലെ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻമാരായി മാറി. കളിക്കളത്തിൽ പരസ്പരം പോരാടേണ്ടി വന്നപ്പോഴും സൗഹൃദത്തിൽ ഇരുവരും ഒരു ഇളവും വരുത്തിയില്ല. സതാംപ്റ്റണിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷവും ആ സൗഹൃദത്തിന് ആരാധകർ സാക്ഷിയായി.
ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച്കിരീടം നേടിയ ശേഷം ക്രീസിലുണ്ടായിരുന്ന കെയ്ൻ വില്ല്യംസൺ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെ കെട്ടിപ്പിടിച്ചു. ഇതിന്റെ ചിത്രം നിമിഷനേരങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായി. ഒരു കുഞ്ഞിനെപ്പോലെ കോലിയുടെ തോളിൽ തല ചായ്ച്ചു നിൽക്കുന്ന വില്ല്യംസണാണ് ചിത്രത്തിലുള്ളത്.
ഇന്ത്യയുടെ പരാജയമല്ല, ഈ ചിത്രമാണ് എന്നെ കരയിപ്പിക്കുന്നത് എന്നായിരുന്നു ഒരു ആരാധകന്റെ ട്വീറ്റ്. കോലിയുടേയും വില്ല്യംസണിന്റേയും പരസ്പര ബഹുമാനത്തിന് കൈയടി നൽകുന്നതായിരുന്നു മറ്റു ചില ട്വീറ്റുകൾ.
രണ്ടു തവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ടുപോയ കിരീടം നേടിയതിന്റെ സന്തോഷം വില്ല്യംസണിന്റെ മുഖത്തുണ്ടായിരുന്നു. 2019 ഏകദിന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനോട് തോറ്റ ന്യൂസീലന്റ് 2015-ൽ ഓസ്ട്രേലിയയോടും അടിയറവ് പറഞ്ഞു. ഇതോടെ നിർഭാഗ്യം മാത്രം കൈമുതലായുള്ള ടീം എന്ന പരിഹാസം ന്യൂസീലന്റ് കേട്ടിരുന്നു. ഇതിനെല്ലാമുള്ള മറുപടിയാണ് അവർ സതാംപ്റ്റണിൽ നൽകിയത്.
Content Highlights: wtc final kane williamson virat kohli hug viral photo
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..