ന്യൂഡൽഹി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയേക്കാൾ വിജയസാധ്യത ന്യൂസീലന്റിനാണെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങ്. നിലവിൽ ഇംഗ്ലണ്ടിനെതിരേ ടെസ്റ്റ് പരമ്പര കളിക്കുന്ന ന്യൂസീലന്റിന് ലോക ചാമ്പ്യൻഷിപ്പ ഫൈനലിൽ ആ പരിചയസമ്പത്ത് കരുത്തുപകരുമെന്നും അതിനാൽ നേരിയ സാധ്യത കെയ്ൻ വില്ല്യംസിനും സംഘത്തിനുമുണ്ടെന്നും യുവി പറയുന്നു.

ഇംഗ്ലണ്ടും ന്യൂസീലന്റും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ജൂൺ രണ്ടിനാണ് ആരംഭിച്ചത്. ജൂൺ പത്തിന് ബർമിങ്ഹാമിൽ രണ്ടാം ടെസ്റ്റ് തുടങ്ങും. അതിനുശേഷം ജൂൺ പതിനെട്ടിന് സതാംപ്റ്റണിലാണ് ഇന്ത്യയും ന്യൂസീലന്റും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുക.

ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതുള്ള ഇന്ത്യ സന്നാഹ മത്സരങ്ങളൊന്നും കളിക്കാതെയാണ് ന്യൂസീലന്റിനെ നേരിടാനൊരുങ്ങുന്നത്. മൂന്നു മാസത്തോളമായി ഇന്ത്യ ടെസ്റ്റ് മത്സരങ്ങളൊന്നും കളിച്ചിട്ടില്ല. ഐപിഎല്ലിൽ നിന്ന് നേരെ ടെസ്റ്റ് മത്സരത്തിലേക്ക് വരുന്നത് ഇന്ത്യൻ താരങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുമെന്നും ഇന്ത്യയുടെ ബാറ്റിങ് നിര മികച്ചതാണെന്നും ബൗളിങ് നിര ഇന്ത്യയുടേയും ന്യൂസീലന്റിന്റേയും ഒരുപോലെയാണെന്നും യുവി കൂട്ടിച്ചേർത്തു.

Content Highlights: WTC Final India very strong but New Zealand will have an edge says Yuvraj Singh