സെഞ്ചൂറിയന്‍: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിനൊരുങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി. എബി ഡിവില്ലിയേഴ്‌സും ഫാഫ് ഡു പ്ലെസിസും പരിക്കേറ്റ് പിന്മാറിയതിന് പിന്നാലെ മറ്റൊരു താരം കൂടി പരിക്കിന്റെ പിടിയിലമര്‍ന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡികോക്കാണ് പരമ്പരയില്‍ നിന്ന് പിന്മാറിയത്്.

കൈക്കുഴയ്‌ക്കേറ്റ പരിക്കാണ് ഡികോക്കിന് വിനയായത്. ഇനിയുള്ള നാല് ഏകദിനങ്ങള്‍ക്ക് പുറമേ ടിട്വന്റി പരമ്പരയിലും ഡികോക്ക് കളിക്കില്ല. പരിക്ക് ഗുരുതരമാണെന്നാണ് മെഡിക്കല്‍ ടീമിന്റെ റിപ്പോര്‍ട്ട. ഡികോക്കിന് പകരക്കാരനെ ഇതുവരെ ദക്ഷിണാഫ്രിക്ക തിരഞ്ഞെടുത്തിട്ടില്ല. ആദ്യ രണ്ട് ഏകദിനങ്ങളിലും പരാജയപ്പെട്ട ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് മൂന്നാം ഏകദിനം നിര്‍ണായകമാണ്. 

ഏകദിന പരമ്പര ആരംഭിക്കുന്നതിന് മുമ്പാണ് എബി ഡിവില്ലിയേഴ്‌സ് പിന്മാറിയത്. ആദ്യ ഏകദിനത്തിലേറ്റ പരിക്കാണ് ഡുപ്ലെസിസിന് തിരിച്ചടിയായത്. ഡുപ്ലെസിസിന് പകരം പരിചയസമ്പന്നനല്ലാത്ത ഏയ്ഡന്‍ മര്‍ക്രാമാണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്.

Content Highlights: Wrist injury rules de Kock out of India series